2024-ല്‍ ഒബാമയ്ക്ക് ഏറ്റവും ഇഷ്ടമായത് മലയാള സിനിമ, ടോപ്പ് ടെന്‍ സിനിമകളുടെ ലിസ്റ്റുമായി ഒബാമ

ബരാക്ക് ഒബാമ/ കടപ്പാട്-Reuters
ബരാക്ക് ഒബാമ/ കടപ്പാട്-Reuters

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് ആഗോളതലത്തില്‍ നല്ല ജനപ്രീതിയാണുള്ളത്. രസകരമായ സോഷ്യല്‍ മീഡിയ സാന്നിധ്യമുള്ള ഒബാമ ഇന്നലെയാണ് 2024-ല്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളുടെ ലിസ്റ്റ് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത്. അതില്‍ ഒന്നാം സ്ഥാനത്തുള്ളത് മലയാളം, ഇംഗ്ലീഷ്, മറാത്തി ഭാഷകളില്‍ ഷൂട്ട് ചെയ്ത സിനിമയാണ്.

പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ആണ് ആ സിനിമ. മലയാളനടിമാരായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ് ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യ, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, ലെക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംയുക്തമായ നിര്‍മാണമായിരുന്നു സിനിമയുടേത്. മുംബൈയാണ് പശ്ചാത്തലം. മലയാളി നഴ്സുമാരുടെ ജീവിതം പ്രതിപാദിക്കുന്ന സിനിമ 25 ദിവസം കൊണ്ടാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. കാന്‍ ചലച്ചിത്രവേദിയില്‍ ഗ്രാന്‍ഡ് പ്രിക്സ് നേടിയ സിനിമ ഒരുപാട് അന്താരാഷ്ട്ര ബഹുമതികള്‍ ഇതിനോടകം നേടി. 

കോണ്‍ക്ലേവ്, ദി പിയാനോ ലെസ്സണ്‍, ദി പ്രോമിസ്ഡ് ലാന്‍ഡ്, ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗ്, ഡ്യൂണ്‍-പാര്‍ട്ട് 2, അനൊറ, ഡിഡി, ഷുഗര്‍കെയ്ന്‍, എ കംപ്ലീറ്റ് അണ്‍നോണ്‍ എന്നിവയാണ് ഒബാമയിലെ ലിസ്റ്റിലെ മറ്റ് സിനിമകള്‍. 'ഈ വര്‍ഷം കണ്ടിരിക്കാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യുന്ന സിനിമകള്‍' എന്ന കുറിപ്പോടെയാണ് ഒബാമ ലിസ്റ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.


 

Content Highlights: obama's top 10 films of 2024