കല്‍ക്കിക്കെതിരേ 'ശക്തിമാന്‍'; മഹാഭാരതം വളച്ചൊടിച്ചെന്ന് ആക്ഷേപം, പുരാണസിനിമകള്‍ നിരീക്ഷിക്കപ്പെടണം

കല്‍ക്കി പോസ്റ്റര്‍, മുകേഷ് ഖന്ന | AFP
കല്‍ക്കി പോസ്റ്റര്‍, മുകേഷ് ഖന്ന | AFP

നാഗ് അശ്വിന്റെ കല്‍ക്കി 2898 എ.ഡി. സിനിമ ബോക്‌സോഫീസില്‍ വന്‍ തരംഗമുണ്ടാക്കി മുന്നേറുകയാണ്. 600 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ഒരാഴ്ചകൊണ്ടുതന്നെ 700 കോടി പിന്നിട്ടു. അമിതാഭ് ബച്ചന്‍, പ്രഭാസ്, ദീപിക പദുക്കോണ്‍, കമല്‍ഹാസന്‍ എന്നിങ്ങനെ വലിയ താരനിര തന്നെ അണിനിരന്ന സിനിമയാണിത്. എന്നാല്‍ കല്‍ക്കിയില്‍ മഹാഭാരതത്തെ വളച്ചൊടിച്ചെന്ന ആരോപണവുമായെത്തിയിരിക്കുകയാണ് പ്രമുഖനടനും ശക്തിമാന്‍ സീരിയല്‍ താരവുമായ മുകേഷ് ഖന്ന. പുരാണകഥകളെ മാറ്റുവാന്‍ കല്‍ക്കി അണിയറക്കാര്‍ ശ്രമം നടത്തിയെന്നാണ് മുകേഷ് ഖന്നയുടെ ആരോപണം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം പ്രതിഷേധവുമായെത്തിയത്. ചിത്രത്തിന്റെ ആദ്യപകുതി വളരെ പതിയെ ആയിട്ടാണ് അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. 

'ശ്രീകൃഷ്ണന്‍ അശ്വത്ഥാമാവിന്റെ നെറ്റിയില്‍ നിന്ന് ശിവമണി എടുക്കുകയും അശ്വത്ഥാമാവ് ഭാവിയില്‍ തന്റെ രക്ഷകനാകുമെന്ന് പറയുകയും ചെയ്യുന്നുണ്ട് സിനിമയില്‍. ഇങ്ങനെ സംഭവിച്ചിട്ടില്ല. വ്യാസമുനിയേക്കാള്‍ അറിവ് നിങ്ങള്‍ക്കുണ്ടോയെന്ന് അണിയറയില്‍ പ്രവര്‍ത്തിച്ചവരോട് ഞാന്‍ ചോദിക്കുകയാണ്. കൃഷ്ണനല്ല ശിവമണി നീക്കം ചെയ്തത്. കുട്ടിക്കാലം മുതല്‍ ഞാന്‍ മഹാഭാരതം വായിക്കുന്നതാണ്. തന്റെ അഞ്ചുമക്കളെ അശ്വത്ഥാമാവ് കൊലപ്പെടുത്തിയതോടെ പ്രതികാരമെന്ന നിലയില്‍ ദ്രൗപദിയാണ് ശിവമണി നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. പാണ്ഡവരാണ് ശിവമണി എടുത്ത് ദ്രൗപദിക്ക് നല്‍കിയത്. 

ഈ കഥ ഇത്രയും വിശദമായി പറയാന്‍ കാരണം, കല്‍ക്കിയായി അവതാരമെടുക്കുമ്പോള്‍ ഭാവിയില്‍ തന്നെ രക്ഷിക്കാന്‍ കൃഷ്ണന്‍ അശ്വത്ഥാമാവിനോട് എങ്ങനെ കല്‍പ്പിക്കുമെന്ന് എനിക്ക് മനസ്സിലാകാത്തത് കൊണ്ടാണ്. കൃഷ്ണനെപ്പോലെ ശക്തനായ ഒരാള്‍ അശ്വത്ഥാമാവിനെപ്പോലുള്ള ഒരാളോട് തന്നെ സംരക്ഷിക്കാന്‍ എങ്ങനെ ആവശ്യപ്പെടും?

പ്രഭാസിന്റെ അവസാന ചിത്രമായ ആദിപുരുഷ് കണ്ടതിന് ശേഷമുള്ളതുപോലെ ഓരോ ഹിന്ദുവും ഈ മാറ്റങ്ങളില്‍ അസ്വസ്ഥരായിട്ടുണ്ടാവണം. നിങ്ങള്‍ പരിധിവിട്ട് സ്വാതന്ത്ര്യമെടുത്തു, അത് ക്ഷമിക്കാനാകാത്തതാണ്. ദക്ഷിണേന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നമ്മുടെ പാരമ്പര്യങ്ങളോട് കൂടുതല്‍ ബഹുമാനമുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു, എന്നാല്‍ ഇവിടെ എന്താണ് സംഭവിച്ചത്? പുരാണ ബന്ധങ്ങളുള്ള ഏത് സിനിമാപദ്ധതിയുടെയും തിരക്കഥ തയ്യാറാക്കുന്ന സമയത്തുതന്നെ അത് പാസാക്കാനോ നിരസിക്കാനോ അധികാരമുള്ള പ്രത്യേക സമിതിയെ സര്‍ക്കാര്‍ രൂപീകരിക്കണ'മെന്നും മുകേഷ് ഖന്ന ആവശ്യപ്പെട്ടു. മഹാഭാരതം സീരിയലില്‍ ഭീഷ്മരായി എത്തിയത് മുകേഷ് ഖന്നയായിരുന്നു.

Content Highlights: mukesh khanna says he’s offended by how kalki 2898 AD twists the hindu epic