'മദ്രാസ് മെയിലില്‍ രാവിലെ വീട്ടിലെത്തി രാത്രി മടങ്ങുന്ന അച്ഛന്റെ ചിത്രമാണ് കുട്ടിക്കാലത്തെ ഓര്‍മ'

മേഘനാഥന്‍, ബാലന്‍ കെ.നായര്‍ / മാതൃഭൂമി ആര്‍ക്കൈവ്‌സ്‌
മേഘനാഥന്‍, ബാലന്‍ കെ.നായര്‍ / മാതൃഭൂമി ആര്‍ക്കൈവ്‌സ്‌

തല്ലിയാല്‍ തിരിച്ചുതല്ലുന്നവനെ തല്ലാനാണ് എനിക്കിഷ്ടമെന്നലറി വെള്ളിത്തിരയെ വിറപ്പിച്ച അച്ഛന്റെ മകനാണ് മേഘനാഥന്‍. ബിഗ്‌സ്‌ക്രീനില്‍ ഭീതിയുടെ ഭൂകമ്പങ്ങള്‍ തീര്‍ത്ത ബാലന്‍ കെ. നായരുടെ മകന് സിനിമ കരുതിവെച്ചതും വില്ലന്‍വേഷങ്ങള്‍ തന്നെയായിരുന്നു. തല്ലുകൊള്ളല്‍ അവസാനിപ്പിച്ച് പല വില്ലന്‍മാരും കോമഡിയിലേക്ക് ചുവടുമാറിയപ്പോള്‍ മേഘനാഥനും അത്തരമൊരു അവസരത്തിനായി കാത്തിരുന്നു. 'ആക്ഷന്‍ ഹീറോ ബിജു'വിലെ കുടുംബനാഥന്റെ വേഷം മേഘനാഥന്‍ അഭിനയജീവിതത്തിലെ വലിയൊരു മാറ്റമായി.

അച്ഛന്‍ നിഴല്‍ പറ്റിയാണ് സിനിമയിലേക്ക് എത്തിയതെന്ന് കേട്ടിട്ടുണ്ട്, എങ്ങനെയായിരുന്നു ആ കാലം?
അച്ഛന്‍ എന്നും തിരക്കുള്ള ആളായിരുന്നു, വെറുതെയിരിക്കുന്ന അച്ഛന്റെ ചിത്രം മനസ്സിലില്ല. മദ്രാസ് മെയിലില്‍ രാവിലെ ഷൊര്‍ണൂരിലെ വീട്ടിലെത്തി രാത്രി മടങ്ങുന്ന അച്ഛന്റെ ചിത്രമാണ് കുട്ടിക്കാലത്തെ ഓര്‍മകള്‍ നിറയെ. പഠിത്തത്തില്‍ ഞാന്‍ ചെറുതായൊന്നുഴപ്പുന്നതായി തോന്നിയതുകൊണ്ടാകണം അച്ഛനെന്നെ കൂടെ കൂട്ടി. പിന്നെ പഠനം മദ്രാസിലായിരുന്നു. അന്ന് അച്ഛന് കൈനിറയെ സിനിമകളായിരുന്നു. ലൊക്കേഷനില്‍ പോകാന്‍ ഒരുപാട് അവസരം, വീട്ടിലെത്തുന്നവരിലധികവും സിനിമക്കാര്‍. അങ്ങനെ ചെറുപ്പത്തില്‍തന്നെ എനിക്കു ചുറ്റും സിനിമ നിറഞ്ഞു. സ്‌കൂള്‍ കാലത്ത് ഒരു നാടകത്തില്‍ പോലും അഭിനയിച്ചിട്ടില്ല. 

നടനായി മാറിയിട്ടും, സിനിമയുടെ ആര്‍ഭാടങ്ങളിലേക്ക് വീഴാതെ നാട്ടിന്‍പുറത്തുകാരനായി തന്നെ ജീവിക്കുന്നു. അധികമാരെയും അങ്ങനെ കാണാറില്ല?
സിനിമയില്‍ ചെറുതായൊന്നു അറിയപ്പെട്ടുതുടങ്ങുമ്പോഴേക്കും ജാടകള്‍ പുറത്തെടുക്കുന്നവരാണ് പലരും. എന്തോ എനിക്കങ്ങനെ പറ്റുന്നില്ല, ഒരുപക്ഷേ, എന്റെ പ്രധാനകുറവും അതുതന്നെയായിരിക്കും. നാട്ടിന്‍പുറത്തെ സൗഹൃദവും കൃഷിയുമെല്ലാം ജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. സിനിമയില്‍ വിലപേശലുകളില്ലാതെ ജീവിച്ച അച്ഛന്റെ മകനാണ് ഞാന്‍. സമയത്ത് ലൊക്കേഷനിലെത്താന്‍ ലോറിയില്‍ കയറിപ്പോലും യാത്രചെയ്ത ബാലന്‍ കെ.നായരുടെ കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. മികച്ച നടനുള്ള ദേശീയപുരസ്‌കാരം വാങ്ങാന്‍ അച്ഛന്‍ ചെന്നത് മുണ്ട് ഉടുത്തുകൊണ്ടായിരുന്നു. സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ ജാടവേണമെന്നത് സത്യമാണ്. പക്ഷേ, എത്ര ശ്രമിച്ചാലും കഴിയാറില്ല, എനിക്ക് ഞാനായല്ലേ പെരുമാറാന്‍ കഴിയൂ. 

മേഘനാഥന്റെ അഭിനയജീവിതത്തില്‍ വലിയ ഇടവേളകള്‍ ഉണ്ടായിട്ടുണ്ട്, ഇത് പ്രതികൂലമായി ബാധിച്ചിട്ടില്ലേ?
അസ്ത്രമാണ് എന്റെ ആദ്യ സിനിമ, മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാമുള്ള പി.എന്‍. മേനോന്‍ സാറിന്റെ സിനിമ. ഒരു നടനെ സംബന്ധിച്ചിടത്തോളം നല്ല തുടക്കമെന്നുതന്നെ പറയാം. പിന്നീട് പഞ്ചാഗ്‌നിയിലും ശ്രദ്ധേയമായ വേഷം കിട്ടി. സിനിമയെ മാത്രം വിശ്വസിച്ച് നില്‍ക്കരുതെന്നും കൃത്യമായി വരുമാനം നല്‍കുന്ന മറ്റൊരു ജോലി സ്വന്തമാക്കണമെന്നും അച്ഛന്‍ ഇടയ്ക്കിടെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് പഞ്ചാഗ്‌നിക്കുശേഷം പഠനം തുടരുന്നത്. ആദ്യ ഇടവേള അതായിരുന്നു.

ചെങ്കോല്‍, ചമയം തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം തിരിച്ചുവരവ് നടത്തി. വില്ലന്‍വേഷങ്ങളില്‍ കൊള്ളാമെന്ന അഭിപ്രായവും രൂപപ്പെട്ടു. അങ്ങനെയിരിക്കെയാണ് പ്രായിക്കര പാപ്പാന്‍ എന്ന ചിത്രം കഴിഞ്ഞു വരുമ്പോള്‍ കാര്‍ അപകടത്തില്‍പ്പെടുന്നത്. പരിക്കേറ്റ ഞാന്‍ ആറുമാസത്തോളം സിനിമയ്ക്ക് പുറത്തുനില്‍ക്കേണ്ടിവന്നു.

പിന്നീട് കമല്‍ ഒരുക്കിയ ഈ പുഴയും കടന്ന് എന്ന ചിത്രത്തില്‍ ശക്തമായ വേഷം കിട്ടി. നാലു സീനുകളിലെ അഭിനയിച്ചുള്ളൂവെങ്കിലും പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു. വില്ലന്‍വേഷത്തില്‍ എന്റെ മുഖം അടയാളപ്പെടുത്തിയ ചിത്രത്തിലൊന്നായിരുന്നു അത്. തുടരെത്തുടരെ ചിത്രങ്ങള്‍ ലഭിച്ചുതുടങ്ങിയപ്പോഴേക്കും വീണ്ടുമൊരു അപകടത്തില്‍പ്പെട്ടു. കുടമാറ്റം സിനിമയുടെ സെറ്റില്‍വെച്ച് പാറപ്പുറത്തുനിന്ന് വീണ് കാലിന് പരിക്കേറ്റു. അതോടെ വീണ്ടും മാസങ്ങളോളം മാറിനില്‍ക്കേണ്ടിവന്നു. സിനിമയില്‍ സ്ഥിരമായി അടിപിടിവേഷങ്ങള്‍ മാത്രം ലഭിച്ചപ്പോള്‍ മിനിസ്‌ക്രീനിലേക്കൊന്നുമാറി. ഇടവേളകള്‍ അഭിനയത്തെ ബാധിച്ചിട്ടുണ്ട്.

വില്ലന്‍മാര്‍ പലരും കോമഡി വേഷങ്ങളിലേക്ക് മാറി കൈയടി നേടുന്നു, മേഘനാഥന്‍ അത്തരത്തിലൊരു ശ്രമമൊന്നും നടത്തുന്നില്ലേ?
മനസ്സിനിണങ്ങുന്ന വേഷം ലഭിച്ചാല്‍ മാത്രമെ അഭിനയിക്കുകയുള്ളൂ എന്നൊന്നും പറയാന്‍ ഞാനാളല്ല. വര്‍ഷത്തില്‍ നാലോ അഞ്ചോ പടം. അതുകൊണ്ടുതന്നെ കൂടുതല്‍ തിരഞ്ഞെടുപ്പുകള്‍ക്കൊന്നും നില്‍ക്കാറില്ല. 'ആക്ഷന്‍ ഹീറോ ബിജു'വില്‍ ഒരു മാറ്റം വന്നു, വില്ലത്തരമില്ലാത്ത ഗൃഹനാഥന്‍ വേഷമായിരുന്നു അത്. എന്താണ് അങ്ങനെയൊരു വേഷംചെയ്യാന്‍ എന്നെ വിളിച്ചതെന്ന് ഞാന്‍ സംവിധായകനോടുതന്നെ ചോദിച്ചു. സിനിമ കാണുന്ന എല്ലാവരും നിങ്ങളെ സംശയത്തോടെയാണ് നോക്കുക, എന്നാല്‍ നിങ്ങളുടെ കഥാപാത്രം അവരുടെ ചിന്തകള്‍ക്കപ്പുറം നില്‍ക്കുന്നതാകും എന്നായിരുന്നു മറുപടി. വ്യത്യസ്തമായ വേഷങ്ങള്‍ ലഭിക്കുമെന്നുതന്നെയാണ് പ്രതീക്ഷ.

നടനാകാന്‍ വീടും നാടും ജോലിയും വരെ ഉപേക്ഷിക്കുന്നവരാണ് കൂടുതലും. അക്കൂട്ട ത്തില്‍നിന്ന് മാറിനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതെന്താണ്?
വീടിനോട് ചേര്‍ന്ന് നാലഞ്ചേക്കര്‍ വയലുണ്ട്, ചെറുപ്പം മുതല്‍ കൃഷിയും വീട്ടുമുറ്റത്തു നിറയുന്ന പണിക്കാരെയും കണ്ടാണ് വളര്‍ന്നത്. സിനിമയില്‍നിന്നു കിട്ടിയ കാശിന് അച്ഛന്‍ വാങ്ങിയതും പാടമാണ്. എവിടെ പോയാലും കൊയ്തുസമയത്ത് നാട്ടിലെത്താതിരിക്കാനാകില്ല. ആത്യന്തികമായി ഞാനൊരു നാട്ടിന്‍പുറത്തെ കര്‍ഷകനാണ്. സിനിമയില്‍ പോയതും നടനായതുമെല്ലാം പിന്നീടാണ്. കൃഷി വലിയ ലാഭമുള്ള ജോലിയായിട്ടൊന്നുമല്ല, ഏറ്റവും കുറഞ്ഞത് മായമില്ലാത്ത ഭക്ഷണം കഴിക്കാലോ. അഭിനയവും കൃഷിയും ഒന്നിച്ചുകൊണ്ടുപോകുന്നതില്‍ സന്തോഷമേയുള്ളൂ.

(പുനപ്രസിദ്ധീകരണം)
 

Content Highlights: meghanathan interview