ആടിനെയും കോഴിയെയും കൊണ്ട് ലൊക്കേഷനിലെത്തുന്ന മണി- മമ്മൂട്ടി

കലാഭവന്‍ മണി, ഫോട്ടോ- എന്‍.എം. പ്രദീപ്‌
കലാഭവന്‍ മണി, ഫോട്ടോ- എന്‍.എം. പ്രദീപ്‌

മറുമലര്‍ച്ചി എന്ന തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്ന സമയം. വടിവേലുവിന് അതിലൊരു വേഷമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന് അസൗകര്യം. പകരക്കാരനുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. അന്വേഷണം എന്റെ മുന്നിലെത്തിയപ്പോള്‍ ഞാന്‍ മണിയുടെ പേരുപറഞ്ഞു, ഒപ്പം ഒരു നിബന്ധനയും വച്ചു. ''വിളിച്ചുവരുത്തിയശേഷം വേഷം നല്‍കാതെ വിടരുത്, അയാള്‍ മലയാളത്തിലെ തിരക്കുള്ള നടനാണ്''.

അവര്‍ വിളിച്ചപ്പോള്‍ തമിഴറിയില്ലെന്നു പറഞ്ഞ് മണി ആദ്യമൊന്നുവലിയാന്‍ നോക്കി. ഞാന്‍ വിളിച്ചപ്പോള്‍ മണി പറന്നെത്തി. സംസാരിച്ചു ഫോണ്‍ വെച്ചതിന്റെ അടുത്തനാള്‍തന്നെ മണി തിരുവണ്ണാമലയിലെ ലൊക്കേഷനിലെത്തി. 'മറുമലര്‍ച്ചി'യില്‍ തെങ്ങുകയറുന്ന ഒരു രംഗമുണ്ട്. 'സല്ലാപ'ത്തിലൊക്കെ തെങ്ങുകയറ്റം കണ്ടതിനാല്‍ എനിക്ക് പ്രത്യേകിച്ച് അദ്ഭുതമൊന്നും തോന്നിയില്ല. പക്ഷേ, സെറ്റിലുള്ളവര്‍ കണ്ണുമിഴിച്ചുനിന്നാണ് ആ കാഴ്ച കണ്ടത്. സെറ്റില്‍വച്ചുണ്ടായ ഒരപകടം ഇന്നും ഓര്‍മയിലുണ്ട്, തെങ്ങില്‍നിന്നുവീണ് മണിയുടെ കാലുളുക്കി. പക്ഷേ, അതു വകവയ്ക്കാതെ അഭിനയം തുടര്‍ന്നു. അതായിരുന്നു മണി. പെട്ടെന്നൊന്നും തോല്‍ക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. 

തമിഴിനുശേഷം തെലുങ്കിലേക്കു ക്ഷണംവന്നപ്പോള്‍ മണി എന്നെ വിളിച്ചു. ധൈര്യമായി സ്വീകരിക്കാനാണ് ഞാന്‍ പറഞ്ഞത്. അവസരങ്ങള്‍ തേടിവരുമ്പാള്‍ അതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന വാക്കുകള്‍ മണി ശ്രദ്ധയോടെ ചെവിക്കൊണ്ടു. സിനിമയില്‍ വരുന്നതിനുമുമ്പുതന്നെ മണിയെ മിമിക്രി വീഡിയോ കാസറ്റുകളില്‍ ഒരുപാട് കണ്ടിരുന്നു. മിമിക്രിയെ ശബ്ദാനുകരണകലയായിട്ടാണ് പൊതുവെ വിശേഷിപ്പിക്കുന്നതെങ്കിലും, മണിയിലെ മിമിക്രി കലാകാരന്‍ ശരീരംകൊണ്ടും അനുകരിച്ചിരുന്നു. ശരീരത്തെ ശബ്ദത്തിന്റെ സാധ്യതകളോട് ചേര്‍ത്തുവച്ചു എന്നതിലാണ് മണി വ്യത്യസ്തനായിരുന്നത്.

രാക്ഷസരാജാവ് എന്ന സിനിമയില്‍നിന്ന്

മണിയെ ആദ്യമായി കണ്ട നാളുകളില്‍ എനിക്ക് അത്ലറ്റ് കാള്‍ ലൂയിസിനെയാണ് ഓര്‍മവന്നത്. അയാളുടെ ശരീരഭാഷയ്ക്ക് വേഗവും ദൂരവും താണ്ടുന്ന ആ കായികതാരത്തിനോട് ഒരുപാട് സാമ്യമുണ്ടായിരുന്നു. കാള്‍ ലൂയിസിനെപ്പോലുള്ളയാള്‍ എന്നാണ് മണിയെക്കുറിച്ച് വീട്ടിലെ സംസാരങ്ങളില്‍ പറഞ്ഞിരുന്നതും. കാറിന്റെ ഡിക്കിയില്‍ നിറയെ പഴങ്ങളും പച്ചക്കറികളും ചെടിത്തൈകളുമായി വരാറുള്ള മണിയെ കുറിച്ച് ഒരുപാട് ഓര്‍മകളുണ്ട്. തൃശ്ശൂര്‍, ചാലക്കുടി ഭാഗങ്ങളിലെവിടെയെങ്കിലും ഷൂട്ടിങ് നടക്കുന്നതായി അറിഞ്ഞാല്‍ മണി ലൊക്കേഷനില്‍ വന്നുകയറുന്നത് പതിവായിരുന്നു. ആടും കോഴിയുമെല്ലാം കരുതിയിരിക്കും, കൂടെ പാചകത്തിനൊരാളെയും. മണിയും നല്ല പാചകക്കാരനാണ്. എനിക്കിഷ്ടമുള്ളതെല്ലാം ഉണ്ടാക്കിത്തരും. ഒഴിവുസമയങ്ങളില്‍ സംസാരത്തില്‍ നിറയെ പാട്ടും തമാശയും നിറയ്ക്കും.

സിനിമയില്‍ വന്നശേഷം ഒരിക്കല്‍ മണി പറഞ്ഞു, ''ചെറുപ്പത്തില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ നേതാവായിരുന്നു''വെന്ന്. അതുകേട്ടപ്പോള്‍ ഞാന്‍ ചിരിച്ചൊഴിഞ്ഞെങ്കിലും വിശ്വസിപ്പിക്കാനെന്നോണം മണി കുറേ പഴയ കഥകള്‍ പറഞ്ഞു. തെറ്റുചെയ്തതായി അറിഞ്ഞാല്‍, വിളിച്ച് ശാസിക്കാനുള്ള അധികാരം മണിയെനിക്ക് നല്‍കിയിരുന്നു. ഞാന്‍ വഴക്കുപറയുമ്പോള്‍ തലകുനിച്ച് കണ്ണുനിറയ്ക്കുന്ന മണിയുടെ ചിത്രം ഇന്നും ഓര്‍മയിലുണ്ട്.

ആള്‍ക്കൂട്ടങ്ങളെ ആവേശം കൊള്ളിക്കുംവിധം നാടന്‍പാട്ടുകളെ ശക്തമായി അവതരിപ്പിച്ചതില്‍ മണിക്ക് വലിയ പങ്കുണ്ട്. നൂറു കണക്കിനു പാട്ടുകള്‍ മണി തേടിപ്പിടിച്ചു കണ്ടെത്തി അവതരിപ്പിച്ചു, അറിയാവുന്നവരെക്കൊണ്ടെല്ലാം എഴുതിച്ചു. സ്വന്തമായൊരു  ഗായകസംഘമുണ്ടായി. വിദേശരാജ്യങ്ങളില്‍ നമ്മുടെ നാട്ടുകാര്‍ക്കൊപ്പം മലയാളം അറിയാത്തവര്‍പോലും മണിയുടെ പാട്ടിനൊത്ത് ചുവടുവയ്ക്കുന്നത് അദ്ഭുതത്തോടെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്.

അവസാനകാലത്ത് മണിയെ ക്ഷീണിതനായി കണ്ടപ്പോള്‍ ശാരീരികബുദ്ധിമുട്ടുകളെന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിച്ചിരുന്നു, പുതിയ സിനിമയ്ക്കുള്ള ഡയറ്റിങ്ങാണെന്നായിരുന്നു മണിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി. അത്ര പെട്ടെന്ന് പോകേണ്ട ഒരാളായിരുന്നില്ല മണി. പക്ഷേ, കാലം തട്ടിപ്പറിച്ചുകൊണ്ടുപോയി. നമുക്ക് കാണികളായി നില്‍ക്കാനല്ലേ കഴിയൂ!

Content Highlights: mammootty remembering kalabhavan mani