ഹിന്ദി പറഞ്ഞ മലയാളി സംവിധായകര്‍;ബോളിവുഡിൽ ഹിറ്റുകളൊരുക്കിയ മലയാളികൾ

പ്രിയദര്‍ശന്‍- ഫോട്ടോ: ബി. മുരളികൃഷ്ണന്‍
പ്രിയദര്‍ശന്‍- ഫോട്ടോ: ബി. മുരളികൃഷ്ണന്‍

മലയാളത്തില്‍ നിന്ന് നിരവധി സിനിമകളാണ് ബോളിവുഡിലേക്ക് റീമേക്ക് ചെയ്തിട്ടുളളത്. റീമേക്ക് ചെയ്തതില്‍ ഭൂരിപക്ഷ സിനിമകളും അവിടെ ഹിറ്റടിക്കുകയും ചെയ്തു. സിനിമകള്‍ മാത്രമല്ല, മലയാളത്തില്‍ ഹിറ്റടിച്ച ചില സംവിധായകരും ബോളിവുഡിന്റെ പടി കടന്നിട്ടുണ്ട്. അത്തരത്തില്‍ ബോളിവുഡിലെത്തിയ മലയാള സംവിധായകരെ പരിചയപ്പെടാം.

പ്രിയര്‍ദര്‍ശന്‍

പ്രിയദര്‍ശന്‍ ഫോട്ടോ: ബി. മുരളികൃഷ്ണന്‍

ആമുഖങ്ങളുടെ ആവശ്യമില്ലാത്ത സംവിധായകന്‍. വിവിധ ഭാഷകളിലായി നൂറിനടത്ത് സിനിമകള്‍ ചെയ്ത സംവിധായകനാണ് പ്രിയദര്‍ശന്‍. ചിത്രം, താളവട്ടം അടക്കമുളള ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച അദ്ദേഹം ബോളിവുഡിലും തിളങ്ങി. ഹംഗാമ, ഗരം മസാല, ഭൂല്‍ ഭുലയ്യ അടക്കം 18 ചിത്രങ്ങള്‍ പ്രിയദര്‍ശന്‍ ബോളിവുഡില്‍ സംവിധാനം ചെയ്തിട്ടുണ്ട്.

സിദ്ദീഖ്

സിദ്ദിഖ്- ഫോട്ടോ: ടി.കെ. പ്രദീപ്കുമാര്‍

മലയാളത്തിന് നിരവധി കോമഡി ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സിദ്ദീഖ്. സല്‍മാന്‍ ഖാനെ നായകനാക്കി ചെയ്ത 'ബോഡിഗാര്‍ഡ്' എന്ന ചിത്രത്തിലൂടെയായിരുന്നു സിദ്ദീഖിന്റെ ഹിന്ദി അരങ്ങേറ്റം. ദിലീപിനെ നായകനാക്കി അദ്ദേഹം തന്നെ സംവിധാനം ചെയ്ത 'ബോഡിഗാര്‍ഡി'ന്റെ റീമേക്കായിരുന്നു ഇത്.

സംഗീത് ശിവന്‍

സംഗീത് ശിവന്‍- ഫോട്ടോ: ജി. ശിവപ്രസാദ്‌

'യോദ്ധ'യടക്കമുള്ള സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് സംഗീത് ശിവന്‍. പ്രശസ്ത ക്യാമറമാന്‍ സന്തോഷ് ശിവന്റെ സഹോദരന്‍ കൂടിയാണ്. 1998-ല്‍ 'സോര്‍' എന്ന ചിത്രത്തിലൂടെയായിരുന്നു സംഗീതിന്റെ ബോളിവുഡ് അരങ്ങേറ്റം. സണ്ണി ഡിയോള്‍, സുഷ്മിത സെന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തില്‍

രാജേഷ് പിള്ളൈ

രാജേഷ് പിള്ളൈ- ഫോട്ടോ: വി.പി. പ്രവീണ്‍കുമാര്‍

മലയാള സിനിമയില്‍ കഥപറച്ചിലിന്റെ പുതിയ ട്രെന്‍ഡിന് തിരികൊളുത്തിയ സിനിമയായിരുന്നു' ട്രാഫിക്'. രാജേഷ് പിള്ളൈ സംവിധാനം ചെയ്ത സിനിമ. ഹൃദയത്തില്‍ സൂക്ഷിക്കാന്‍, മിലി, വേട്ട അടക്കമുള്ള ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. 'ട്രാഫിക്കി'ന്റെ ഹിന്ദി റീമേക്കിലൂടെയാണ് രാജേഷ് പിള്ളൈയും ബോളിവുഡിലെത്തിയത്.
 

Content Highlights: Malayalam Directors Who Made Their Mark in Bollywood