നല്ലൊരു നടനും വില്ലത്തരങ്ങളില്ലാത്ത, ജനങ്ങളെ സഹായിക്കുന്ന പോലീസ് ഓഫീസറുമാകണം-ശ്രീപത് യാന്‍

ചിങ്ങമഴ ചിണുങ്ങിപ്പെയ്യുന്ന പകല്‍. കണ്ണൂര്‍ ജില്ലയിലെ മാതമംഗലവും കടന്ന് മുന്നോട്ടുപോയപ്പോള്‍ വഴിക്കിരുവശവും ദേശീയ പുരസ്കാരജേതാവിനുള്ള ആശംസാബോര്‍ഡുകള്‍. ഗൂഗിള്‍ മാപ്പ് നല്കിയ അടയാളപ്രകാരം റോഡരികിലുള്ള ഇരുനിലവീടിന് മുന്നിലേക്ക് വാഹനം പ്രവേശിച്ചപ്പോള്‍ മുറ്റത്ത് നിറച്ചാര്‍ത്തായി പൂക്കളം ചിരിതൂകി. പൂക്കളെക്കാള്‍ നിറമുള്ള ചിരിയുമായി വീടകത്തുനിന്ന് അനുജത്തി വാമികയുടെ കൈകൊരുത്ത് ശ്രീപത് യാന്‍ ഇറങ്ങിവന്നു. 'മാളികപ്പുറം' എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ ശ്രീപത് യാന്‍ ഇത്തവണത്തെ ഓണം കൂടുതല്‍ മധുരമേറിയതാണ്. പുരസ്കാരത്തിന്റെ സന്തോഷവും സിനിമാവിശേഷങ്ങളും ശ്രീപത് പങ്കുവെച്ചുതുടങ്ങിയപ്പോള് പുറത്ത് മഴമാറി ചിങ്ങവെയില്‍ തെളിഞ്ഞു.
അപ്രതീക്ഷിതമധുരം
സ്വാതന്ത്ര്യദിനപ്പിറ്റേന്ന്, ഓഗസ്റ്റ് 16-ന്, വീട്ടിലെ ടെലിവിഷനുമുന്നില്‍ ശ്രീപത് കാത്തിരുന്നത് സംസ്ഥാന ചലച്ചിത്രപുരസ്കാര വാര്‍ത്തയ്ക്കുവേണ്ടിയാണ്. 'മോണിക്ക ഒരു എ.ഐ. സ്റ്റോറി' എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാനപുരസ്കാരസാധ്യതയുണ്ടെന്ന സൂചനകളുടെ പുറത്തായിരുന്നു അത്. എന്നാല്‍, ഉച്ചയോടെ പുരസ്കാരപ്രഖ്യാപനം വന്നപ്പോള്‍ പ്രതീക്ഷ നിരാശയ്ക്ക് വഴിമാറി. വാര്ത്താചാനലുകളില്നിന്ന് എന്റര്‍ടെയ്മെന്റ് ചാനലുകളിലേക്ക് റിമോട്ട് ഗിയര്‍ മാറ്റാന്‍ അധികം താമസമുണ്ടായില്ല. എന്നാല്‍, മണിക്കൂറുകള്‍ക്കപ്പുറം തന്നെത്തേടി അങ്ങ് ഡല്‍ഹിയില്‍നിന്നൊരു പുരസ്കാരമധുരമെത്തുന്നുണ്ടെന്ന് ശ്രീപത് അറിഞ്ഞിരുന്നില്ല. ദേശീയ പുരസ്കാര വിവരം ഫോണ്‍വഴി വീട്ടിലേക്കെത്തിയതും അല്പം മുമ്പ് നിഴലിച്ച നിരാശയ്ക്കുമേല്‍ മധുര മഴ പെയ്തിറങ്ങി.
''തീരെ പ്രതീക്ഷിക്കാതെയാണ് ദേശീയപുരസ്കാരം തേടിയെത്തിയത്. അതിന്റെ എല്ലാ എക്സൈറ്റ്മെന്റും സന്തോഷവും അന്നുണ്ടായിരുന്നു. ദേശീയപുരസ്കാരവും സംസ്ഥാനപുരസ്കാരവും ഒരേ ദിവസമായിരുന്നല്ലോ പ്രഖ്യാപിച്ചത്. സംസ്ഥാനപുരസ്കാരത്തിന് പരിഗണിക്കുന്നുണ്ടെന്ന് പലരും പറഞ്ഞിരുന്നു. ചെറിയൊരു പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍, അത് ലഭിച്ചില്ല. പിന്നാലെ, ദേശീയപുരസ്കാരം പ്രഖ്യാപിക്കുമ്പോള്‍ ആരും എനിക്ക് സാധ്യത കല്പിച്ചിരുന്നില്ല. ദേവുവിന് (ദേവനന്ദ) സാധ്യതയുെന്നാണ് വാര്‍ത്താമാധ്യമങ്ങളെല്ലാം പറഞ്ഞത്. അതിനിടെ പഞ്ചാബിലുള്ള മഹേഷ് അമ്മാവനാണ് ദേശീയപുരസ്കാരം എനിക്കാണെന്ന് വിളിച്ച് പറഞ്ഞത്. ഉടന്‍ ടെലിവിഷനില്‍ വാര്‍ത്ത നോക്കി. വീട്ടിലെല്ലാവരും നിറഞ്ഞ സന്തോഷത്തിലായി. നല്ല രീതിയില്‍ത്തന്നെ പുരസ്കാരനേട്ടം ഞങ്ങളാഘോഷിച്ചു.''
ടിക്ക് ടോക്ക് സ്റ്റാര്‍
പല വേഷങ്ങളിലും ഭാവങ്ങളിലും കൊച്ചുശ്രീപത് ചെയ്ത ടിക്ക് ടോക്ക് വീഡിയോകളാണ് ആദ്യം ശ്രദ്ധനേടുന്നത്. ടിക്ക് ടോക്കിലെ ആ കൊച്ചുമിടുക്കനെത്തേടി സംഗീത ആല്‍ബവും ഹ്രസ്വചിത്രങ്ങളും പിന്നാലെ സിനിമയുമെത്തി.
''നാലാംവയസ്സുമുതല്‍ ടിക്ക് ടോക്ക് ചെയ്തുതുടങ്ങി. കോവിഡ് കാലത്ത് തുടര്‍ച്ചയായി വീഡിയോകള്‍ ചെയ്തപ്പോഴാണ് ശ്രദ്ധിക്കപ്പെട്ടത്. ആദ്യം ഒരു സംഗീത ആല്‍ബത്തില്‍ അഭിനയിക്കാനുള്ള അവസരം കിട്ടി. പിന്നാലെ, ഒരു പരസ്യചിത്രവും, ഹ്രസ്വചിത്രവും ലഭിച്ചു. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ചെയ്ത 'വാനിലുയരെ' എന്ന ഡോക്യുമെന്ററിയില്‍ അഭിനയിച്ചിരുന്നു. അതേറെ പ്രേക്ഷകര്‍ കണ്ടു. അതാണ് 'മാളികപ്പുറ'ത്തിലേക്കുള്ള എന്‍ട്രിക്ക് കാരണമായത്. 'ത തവളയുടെ ത' എന്ന സിനിമയിലാണ് ആദ്യമഭിനയിച്ചത്. ഓഡിഷന് വഴിയാണ് ആ സിനിമയിലേക്കെത്തിയത്. രണ്ടാമത് അഭിനയിച്ച 'കുമാരി' എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. 'മാളികപ്പുറം' പുറത്തിറങ്ങിയതോടെ എല്ലാവരും അറിഞ്ഞുതുടങ്ങി. ചിത്രം ഞാന്‍ വിചാരിച്ചതിനെക്കാളും വലിയ വിജയമായി. പീയൂഷ് ഉണ്ണി എന്ന തള്ളുണ്ണി ഒരുപാട് പ്രേക്ഷകരുടെ കൈയടിനേടി.''
വാമികയ്ക്കും അഭിനയിക്കണം
ശ്രീപതിന്റെ കുഞ്ഞനിയത്തി വാമികയ്ക്കും സിനിമാഭിനയം തന്നെയാണ് ഇപ്പോഴത്തെ മോഹം. കുഞ്ഞുചിരിയോടെ തന്റെ അഭിനയമോഹത്തെക്കുറിച്ച് പാല്‍പ്പല്ലുകള്‍ കാട്ടി ആ മിടുക്കി പറഞ്ഞു: ''എനിക്കും ഏട്ടനെപ്പോലെ അഭിനയിക്കണം. ആദ്യം സിനിമയിലല്ല, പരസ്യത്തിലഭിനയിച്ചാല്‍ മതി. അതും ഐസ്ക്രീമിന്റെ പരസ്യത്തില്‍.''
കുഞ്ഞനിയത്തിയുടെ കമന്റുകേട്ട് ശ്രീപതും ചിരിച്ചു:
''എനിക്കൊപ്പം പരിപാടികളിലും മറ്റും പങ്കെടുക്കുമ്പോള്‍ അവള്‍ക്കും സന്തോഷമാണ്. പുരസ്കാരം ലഭിച്ചപ്പോള്‍ മമ്മൂട്ടിയങ്കിളും ലാലങ്കിളുമൊക്കെ നേരിട്ട് കാണാന്‍ പറഞ്ഞിരുന്നു. അവരുടെ അടുത്ത് പോയപ്പോള്‍ ഇവളും കൂടെയുണ്ടായിരുന്നു. ആദ്യം നാണംകുണുങ്ങി മിണ്ടാതിരുന്നെങ്കിലും പിന്നീട് അവരോടൊക്കെ സംസാരിച്ചു.
സിനിമയോര്മ്മകളില് ഏറ്റവും രസകരമായത് 'മാളികപ്പുറ'ത്തിന്റെതുതന്നെയാണ്. സിനിമയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയത് ആ സിനിമയിലൂടെയാണ്. കാരണം അന്പത്തിരണ്ടുദിവസത്തോളം ഷൂട്ടിങ്ങുണ്ടായിരുന്നു. സെറ്റില്‍വെച്ച് എന്റെ ജന്മദിനമാഘോഷിച്ചത് മറക്കാനാവാത്ത ഓര്‍മ്മയാണ്. കേക്കുമുറിച്ച് എല്ലാവരുംകൂടി എന്റെ മുഖത്ത് തേച്ചതും പിറ്റേന്ന് മുഖക്കുരു വന്നതുമെല്ലാം രസമുള്ള ഓര്‍മ്മകളാണ്.''
അധ്യാപകകുടുംബം
മക്കള്‍ക്ക് അഭിനയത്തോടാണ് താത്പര്യമെങ്കിലും മാതാപിതാക്കള്‍ രണ്ടുപേരും അധ്യാപനവഴിയിലാണ്. ശ്രീപതിന്റെ പിതാവ് രജീഷ് ഉറുദു അധ്യാപകനും അമ്മ രസ്ന ഇംഗ്ലീഷ് അധ്യാപികയുമാണ്. പരിയാരം ഉറുസുലീന് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയാണ് ശ്രീപത്.
''അഭിനയത്തിന് അധ്യാപകരും മാതാപിതാക്കളുമെല്ലാം നല്ല പിന്തുണ നല്‍കുന്നുണ്ട്. ഷൂട്ടിങ്ങിനിടെ നഷ്ടപ്പെടുന്ന ക്ലാസുകളിലെ സംശയങ്ങളെല്ലാം പിന്നീട് ചെല്ലുമ്പോള്‍ അധ്യാപകര്‍ പറഞ്ഞുതരും. അച്ഛനാണ് മിക്കപ്പോഴും ഷൂട്ടിങ്ങിന് കൂടെവരുന്നത്. മുത്തച്ഛനായ ദാമോദരനും അധ്യാപകനായിരുന്നു. മൊത്തത്തില്‍ ഒരധ്യാപകകുടുംബം എന്നുപറയാം. എന്നാല്‍, എന്റെ ആഗ്രഹം നല്ലൊരു നടനും ഒപ്പം ഒരു പോലീസ് ഓഫീസറും ആകുകയെന്നതാണ്. വില്ലത്തരങ്ങളൊന്നുമില്ലാത്ത, ജനങ്ങളെ സഹായിക്കുന്ന, നല്ലൊരു പോലീസ് ഓഫീസറാകണം. 'മാളികപ്പുറ'ത്തിനുശേഷം ഒരുപിടി സിനിമകള്‍ തേടിവന്നു. പവി കെയര്‍ടേക്കര്‍, മോണിക്ക ഒരു എ.ഐ. സ്റ്റോറി, റിവോള്‍വ് റിങ്കോ, വരാഹം, ആനന്ദ് ശ്രീബാല എന്നീ സിനിമകളിലാണ് പിന്നീടഭിനയിച്ചത്. ഇപ്പോള്‍ 'സുമതിവളവ്' എന്ന ചിത്രമാണ് ചെയ്യുന്നത്.''
പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം പറഞ്ഞ് ശ്രീപത് സംസാരമവസാനിപ്പിച്ചു. കൊച്ചുവാമിക അപ്പോഴേക്കും ഫോട്ടോകള്‍ക്ക് പോസ് ചെയ്തുതുടങ്ങിയിരുന്നു. കുഞ്ഞനിയത്തിക്കൊപ്പം ശ്രീപതും ഫോട്ടോ സെഷനില്‍ പങ്കുചേര്‍ന്നു. ഓണത്തിന്റെ വരവറിയിച്ച് അപ്പോഴേക്കും ഓണത്തുമ്പികള്‍ തൊടിയിലെ പൂക്കളിലേക്ക് പാറിവന്നു. സന്തോഷത്തിന്റെ വസന്തകാലം വരവറിയിച്ചു.
Content Highlights: malayalam child artist sreepath yan interview