'ഒരുവലയില്‍ കെട്ടി എന്നെ കിണറിനടിയിലേക്ക് ഇറക്കി, ചിത്രീകരണം കഴിഞ്ഞ് കുറേപ്പേർ അഭിനന്ദിച്ചു'-സംഗീത

സംഗീത | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ
സംഗീത | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ

തൃശ്ശൂര്‍ ഹയാത്തിലെ ലോഞ്ചില്‍ അതിഥിയെ കാത്തിരിക്കുമ്പോള്‍ കലണ്ടര്‍ മൂന്ന് ദശാബ്ദം പിന്നോട്ട് മറിഞ്ഞു. സിനിമ മാത്രം പൂക്കുന്ന മദ്രാസ് പട്ടണത്തിലെ തെരുവുകളില്‍ നിന്ന് ഫ്‌ളാഷ്ബാക്. ആ തെരുവുകളിലെ സ്റ്റുഡിയോകളിലൊന്ന്. സഹോദരനൊപ്പം ഓഡിഷന് കൂട്ടുവന്ന പാവാടക്കാരിയായ കൊച്ചുപെണ്‍കുട്ടി. അമ്മയുടെ സാരിത്തുമ്പ് മുറുകെ പിടിച്ച് നില്‍ക്കുന്ന ആ കുട്ടിയെ അപ്രതീക്ഷിതമായി അകത്തേക്ക് ഓഡിഷന് വിളിച്ചു. നിഷ്‌കളങ്കമായി ചിരിച്ചുകൊണ്ട് അവള്‍ ഓഡിഷന്‍മുറിയിലേക്ക് കയറി. സ്റ്റാര്‍ട്ട് ആക്ഷന്‍, ക്യാമറ റോളിങ്... അവിടംതൊട്ട് അവള്‍ അഭിനയിച്ചതെല്ലാം പൊന്നാക്കി. ബാലതാരത്തില്‍നിന്ന് സഹനടിയിലേക്ക്. പിന്നെ നായികയിലേക്ക്... തമിഴിലും മലയാളത്തിലും എണ്ണംപറഞ്ഞ സിനിമകളില്‍ മികച്ച റോളുകള്‍. സംഗീത എന്ന നായികയെ ഓര്‍ക്കുമ്പോള്‍ മലയാളിമനസ്സിലേക്ക് ആദ്യം കയറിവരുക ശ്യാമളയാണ്. ചിന്താവിഷ്ടയായ ശ്യാമള. ആ എവര്‍ഗ്രീന്‍ ചിത്രത്തിലെ ഓരോ രംഗവും മനസ്സില്‍ മിന്നിമറയവേ പെട്ടെന്ന് സംഗീത മുന്നിലെ ഇരിപ്പിടത്തില്‍ വന്നിരുന്നു. പുഞ്ചിരിച്ചു. ചിന്താവിഷ്ടയായ ശ്യാമളയെപ്പോലെ 25 വര്‍ഷം പിന്നിട്ടിട്ടും ഒരു മാറ്റവുമില്ലാതെ. നീണ്ട ഇടവേളയ്ക്കുശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവിന്റെ സന്തോഷം പങ്കിട്ട് അവര്‍ സംസാരിച്ചുതുടങ്ങി. 

അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന സിനിമയില്‍നിന്ന്‌

നീണ്ട ഇടവേളയ്ക്കുശേഷം ചാവേറിലെ 'ദേവി'യായി സ്‌ക്രീനില്‍ വീണ്ടുമെത്തി. എന്ത് മാറ്റമാണ് അനുഭവപ്പെടുന്നത്?
വീണ്ടും മലയാളസിനിമയിലേക്ക് എത്തുമ്പോള്‍ വല്ലാത്തൊരു സന്തോഷമുണ്ട്. കാരണം നല്ലൊരു ടീമിന്റെ കൂടെ മികച്ചൊരു സിനിമയിലൂടെതന്നെ മടങ്ങിവരാന്‍ സാധിച്ചു. മലയാളിക്ക് ഞാനിന്നും ശ്യാമളയാണ്. മലയാളികളെ കണ്ടുമുട്ടുമ്പോള്‍ ആ സ്‌നേഹം അടുത്തറിയുന്നുണ്ട്. വിവാഹശേഷം കുടുംബജീവിതത്തിലെ തിരക്കുകള്‍ കാരണമാണ് ഇത്രനാളും സിനിമയില്‍നിന്ന് മാറിനിന്നത്. അച്ഛന്റെ മരണശേഷം ഞാന്‍ ഡിപ്രഷനിലായി. സിനിമ എനിക്ക് സന്തോഷം തിരിച്ചുനല്‍കും എന്നറിയുന്ന ഭര്‍ത്താവ് ഏറെ നാളായി വീണ്ടും അഭിനയിച്ചുതുടങ്ങാന്‍ പറയുന്നു. ഒരുവര്‍ഷമായി ഞാന്‍ മടങ്ങിവരവിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. അതിനിടെയാണ് ടിനു പാപ്പച്ചന്‍ വിളിക്കുന്നത്. ''എന്റെ അടുത്ത സിനിമയിലെ ഒരു കഥാപാത്രത്തിന് ചേച്ചിയുടെ മുഖമാണ്'' എന്ന് ടിനു പറഞ്ഞു. എനിക്ക് ടിനുവിനെ പരിചയമില്ലായിരുന്നു. അതിനാല്‍ ടിനു സംവിധാനം ചെയ്ത 'അജഗജാന്തരം', 'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്നീ സിനിമകള്‍ കണ്ടു. മേക്കിങ് വല്ലാതെ ഇഷ്ടപ്പെട്ടു. അങ്ങനെ സമ്മതം മൂളി. 

വിവാഹശേഷം അഭിനയിക്കില്ലെന്ന തീരുമാനം ആദ്യമേ എടുത്തിരുന്നോ?
അങ്ങനെയൊരു തീരുമാനമൊന്നും ഉണ്ടായിരുന്നില്ല. വിവാഹശേഷം ജീവിതം പെട്ടെന്ന് തിരക്കിലായി. വീട്ടിലെ ഉത്തരവാദിത്വങ്ങള്‍. ഭാര്യ, അമ്മ, മകള്‍ അങ്ങനെ  പല റോളുകള്‍. അതിനിടയില്‍ സിനിമയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സമയമുണ്ടായിരുന്നില്ല. കുടുംബവുമൊത്തുള്ള ജീവിതം വളരെ ആസ്വദിച്ചു. അതുകൊണ്ട് ഒരിക്കലും നിരാശ തോന്നിയിട്ടില്ല. ഇപ്പോള്‍ മകള്‍ വളര്‍ന്നതോടെ വീട്ടില്‍നിന്ന് ഞാന്‍ മാറിനിന്നാലും പ്രശ്‌നമില്ലാത്ത രീതിയിലേക്ക് കാര്യങ്ങള്‍ മാറി. ഇനി സജീവമായി സിനിമയിലുണ്ടാകും. 

ചെന്നൈ മലയാളിയാണ്. ബാലതാരമായാണല്ലേ സിനിമയിലെത്തിയത്?
അമ്മയുടെ വീട് പാലക്കാട്ടും അച്ഛന്റെ വീട് മലപ്പുറം കോട്ടയ്ക്കലിലുമാണ്. കേരളക്കാരിയാണെങ്കിലും ചെന്നൈയിലാണ് ജനിച്ചതും വളര്‍ന്നതുമെല്ലാം. സിനിമാബന്ധങ്ങളൊന്നുമില്ലാത്ത കുടുംബം. കുട്ടിക്കാലത്ത് കുടുംബസുഹൃത്തിന്റെ നിര്‍ദേശപ്രകാരം എന്റെ സഹോദരന്‍ ഒരു സിനിമയുടെ ഓഡിഷന് ചെന്നു. 'മിസ്റ്റര്‍ ഇന്ത്യ' എന്ന സിനിമയുടെ തമിഴ് റീമേക്കായ 'എന്‍ രത്തത്തിന്‍ രത്തിനമേ' എന്ന സിനിമയായിരുന്നു അത്. സഹോദരന് കൂട്ടായി അമ്മയ്‌ക്കൊപ്പം ചുമ്മാ ഞാനും പോയി. ആ സിനിമയില്‍ എന്റെ പ്രായത്തിലുള്ള ഒരു കഥാപാത്രമുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ ഓഡിഷന് വന്നതാണെന്ന് തെറ്റിദ്ധരിച്ച് ഉള്ളിലേക്ക് വിളിച്ചു. ചുമ്മാ അഭിനയിച്ച് നോക്കി. തിരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ ഒരുപിടി സിനിമകള്‍ തേടിയെത്തി. പത്താംക്ലാസൊക്കെ കഴിഞ്ഞ സമയത്താണ് ബാലതാരത്തില്‍നിന്ന് സഹനടിവേഷത്തിലേക്കും പിന്നീട് നായികവേഷത്തിലേക്കുമൊക്കെ മാറുന്നത്.
എപ്പോഴും സെറ്റിലേക്ക് പോകുമ്പോള്‍ പാഠപുസ്തകങ്ങളും നോട്ടുകളുമൊക്കെ കൊണ്ടുപോകും. ഷൂട്ടില്ലാത്ത സമയത്ത് മുറിയിലിരുന്ന് പഠിക്കും. അതായിരുന്നു രീതി. പത്താംക്ലാസും പ്രീഡിഗ്രിയും ബിരുദവുമെല്ലാം ഈ രീതിയിലാണ് പഠിച്ചത്. ഇംഗ്ലീഷിലാണ് ബിരുദം. 

'ചിന്താവിഷ്ടയായ ശ്യാമള' എന്ന സിനിമയിലേക്കുള്ള വരവും അതിന്റെ ഓര്‍മകളും ...
ചെന്നൈയില്‍വെച്ചാണ് 'ചിന്താവിഷ്ടയായ ശ്യാമള'യുടെ കഥ ആദ്യമായി കേള്‍ക്കുന്നത്. ശ്രീനിസാറാണ് (ശ്രീനിവാസന്‍) തിരക്കഥ, സംവിധാനം എന്ന് പറഞ്ഞപ്പോള്‍തന്നെ ഞാന്‍ ഓക്കെയായിരുന്നു. അഭിനേതാവ്, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹത്തെ ഏറെ ഇഷ്ടമാണ്. 'വടക്കുനോക്കിയന്ത്രം' എന്ന സിനിമയ്ക്കുശേഷം ശ്രീനിസാര്‍ സംവിധാനംചെയ്യുന്ന സിനിമ എന്നതുതന്നെയായിരുന്നു ശ്യാമളയിലേക്കുള്ള പ്രധാന ആകര്‍ഷണം. ടൈറ്റില്‍റോള്‍ കൂടിയാണെന്നറിഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. പത്തൊന്‍പതാംവയസ്സിലാണ് രണ്ട് കുട്ടികളുടെ അമ്മയായ ശ്യാമള എന്ന കഥാപാത്രം ചെയ്യുന്നത്. അന്ന് അതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല. കിട്ടിയ കഥാപാത്രം ഏറ്റവും മികച്ചതാക്കുക എന്നത് മാത്രമായിരുന്നു ചിന്ത. തിലകനങ്കിള്‍, ഇന്നസെന്റങ്കിള്‍, നെടുമുടിവേണു അങ്കിള്‍, മാമുക്കോയ, സിദ്ദിഖ് അങ്ങനെ മികച്ച ഒരുപാട് അഭിനേതാക്കളുണ്ടായിരുന്നു. ശ്രീനിസാര്‍ കഴിഞ്ഞാല്‍ തിലകനങ്കിളിന്റെ കൂടെയായിരുന്നു എന്റെ കൂടുതല്‍ സീനുകള്‍. അദ്ദേഹം വളരെ പരുക്കനാണെന്ന് എന്നോട് പലരും അതിനുമുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ മറിച്ചായിരുന്നു അനുഭവം.  
ഞാന്‍ ചെന്നൈയിലെ തിയേറ്ററില്‍വെച്ചാണ് 'ചിന്താവിഷ്ടയായ ശ്യാമള' കണ്ടത്. കണ്ടപ്പോള്‍ വലിയ സന്തോഷമായി. വിചാരിച്ചതിനെക്കാള്‍ പതിന്മടങ്ങ് മികച്ച ഔട്ട്പുട്ടാണ് സ്‌ക്രീനില്‍ കണ്ടത്. ഒരുപാടുപേര്‍ അഭിനന്ദിച്ചു. മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

ചിന്താവിഷ്ടയായ ശ്യാമളയില്‍ ശ്രീനിവാസനൊപ്പം

അഭിനയിച്ച സിനിമകളില്‍ 'അനിയന്‍ ബാവ ചേട്ടന്‍ ബാവ', 'ക്രൈം ഫയല്‍'എന്നിവയ്ക്കും ഏറെ ആരാധകരുണ്ട്...
'അര്‍ത്ഥന' എന്ന മലയാള സിനിമയ്ക്ക് ശേഷമാണ് 'അനിയന്‍ ബാവ ചേട്ടന്‍ ബാവ' തേടിയെത്തിയത്. ജയറാം സാര്‍, രാജന്‍.പി. ദേവ്, നരേന്ദ്രപ്രസാദ്, കസ്തൂരി, പ്രേംകുമാര്‍ അങ്ങനെ വലിയൊരു താരനിരതന്നെ ആ സിനിമയിലുണ്ടായിരുന്നു. ചെറിയ പേടിയോടെയാണ് സെറ്റിലേക്ക് ചെന്നത്. എന്നാല്‍ ഷൂട്ട് തുടങ്ങിയപ്പോള്‍ തമാശയും സംസാരവുമൊക്കെയായി രസമായിരുന്നു. 
ചെയ്തവയില്‍ ഏറ്റവും വ്യത്യസ്തമായ കഥാപാത്രം 'ക്രൈം ഫയ'ലിലേതാണ്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയാണത്. വളരെ ബോള്‍ഡും ശക്തയുമായ സിസ്റ്റര്‍ അമല എന്ന കഥാപാത്രം. അതില്‍ സിസ്റ്റര്‍ അമല കിണറില്‍ മരിച്ചുകിടക്കുന്ന സീന്‍ ഉണ്ട്. ആഴമുള്ള ഒരുകിണറിനുള്ളില്‍ വച്ചാണ് ആ സീന്‍ ചിത്രീകരിച്ചത്. ഒരുവലയില്‍ കെട്ടി എന്നെ കിണറിനടിയിലേക്ക് ഇറക്കി. അപകടസാധ്യതയൊന്നും തോന്നിയില്ല. എന്നാല്‍ ഞാനെടുത്ത റിസ്‌കിനെക്കുറിച്ച് ചിത്രീകരണം കഴിഞ്ഞപ്പോള്‍ എല്ലാവരും പറയുകയും അഭിനന്ദിക്കുകയുംചെയ്തു. 

പ്രണയവിവാഹം. ഭര്‍ത്താവും സിനിമക്കാരനാണ്. മകള്‍ക്ക് അമ്മയുടെ സിനിമാ കരിയറിനെക്കുറിച്ച് അറിയാമോ...? 
ഭര്‍ത്താവ് ശരവണന്‍ ഛായാഗ്രാഹകനാണ്. ഞാനും വിജയും ഒന്നിച്ച 'പൂവൈ ഉനൈക്കാകെ' എന്ന സിനിമാസെറ്റില്‍വെച്ചാണ് ശരവണനെ പരിചയപ്പെടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. 
സായി തേജസ്വതി എന്നാണ് മകളുടെ പേര്. സ്‌കൂള്‍ കാലത്ത് ജിംനാസ്റ്റിക്‌സ് ആയിരുന്നു അവളുടെ സ്വപ്‌നം. എന്നാല്‍ കാലിന് പരിക്ക് പറ്റിയതോടെ അതില്‍നിന്ന് പിന്മാറി. പിന്നീട് പൈലറ്റ് ആകണമെന്നതായി ആഗ്രഹം. കോഴ്സ് പൂര്‍ത്തിയാക്കി. വൈകാതെ അവള്‍ പറന്നുതുടങ്ങും. ഞാന്‍ അഭിനയിച്ച സിനിമകള്‍ അവള്‍ കണ്ടിട്ടുണ്ടോ എന്നൊന്നും അറിയില്ല. ഞാനൊരു നടിയായിരുന്നു എന്ന് അവള്‍ക്ക് അറിയാം. അതിനെക്കുറിച്ചൊന്നും അവളെന്നോട് ഇതുവരെ ചോദിച്ചിട്ടില്ല. 


വിവാഹശേഷവും സിനിമയിലേക്ക് ഓഫറുകള്‍ വന്നിട്ടുണ്ട്. അതിനോടെല്ലാം നോ പറയുകയായിരുന്നു. അതിനിടെ ഒരുദിവസം ശ്രീനിസാര്‍ 'നഗരവാരിധിയില്‍ നടുവില്‍ ഞാന്‍' എന്ന സിനിമയ്ക്കുവേണ്ടി ശരവണനെ വിളിച്ചു. സാറിന് ശരവണന്‍ എന്റെ നമ്പര്‍ കൊടുത്തു. ശ്രീനി സാര്‍ വിളിച്ചാല്‍ നോ പറയാന്‍ തയ്യാറായി ഞാന്‍ ഇരുന്നു. കോള്‍വന്ന് ഹലോ പറഞ്ഞ ഉടന്‍ ശ്രീനി സാര്‍ ഇങ്ങനെ ചോദിച്ചു: 
''സംഗീതയ്ക്ക് മഹാത്മാഗാന്ധിയെ അറിയാമോ?''
''യെസ് സാര്‍, എനിക്കറിയാം.''
''അദ്ദേഹം ജീവിതത്തില്‍ മറ്റുള്ളവര്‍ക്കുവേണ്ടി ഒരുപാട് ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. അത്രയൊന്നും ത്യാഗം സംഗീത എനിക്കുവേണ്ടി ചെയ്യേണ്ട. ഈ ഒരു പടം ചെയ്താല്‍ മാത്രം മതി''
'നോ' പറയാന്‍ റെഡിയായിനിന്ന ഞാന്‍ അതോടെ ഓക്കെ പറഞ്ഞു. അങ്ങനെയാണ് ' നഗരവാരിധിയില്‍ നടുവില്‍ ഞാന്‍' എന്ന സിനിമയില്‍ അഭിനയിച്ചത്.

Content Highlights: malayalam actress sangeetha interview chinthavishtayaya shyamala