'അതിനുശേഷം കൂട്ടുകാര്‍ എന്നെ വിളിക്കുന്നത് ഫീമെയ്ല്‍ ബ്രൂസ് ലീ എന്നാണ്'

മാളവിക മോഹനന്‍ / instagram
മാളവിക മോഹനന്‍ / instagram

തന്റെ പുതിയ സിനിമകള്‍ പ്രേക്ഷകപ്രശംസ നേടിയതിന്റെ സന്തോഷത്തിലാണ് മാളവിക മോഹനന്‍. മാളവികയുടേതായി വിക്രം നായകനായ 'തങ്കലാന്‍', ബോളിവുഡില്‍ 'യുധ്ര' എന്നീ സിനിമകളിലാണ് അവസാനമായി റിലീസിനെത്തിയത്. 'തങ്കലാനി'ലെ ആരതി എന്ന കഥാപാത്രം മാളവികയ്ക്ക് പ്രശംസകള്‍ നേടിക്കൊടുത്തു. അതിനുപുറകെയാണ് 'യുധ്ര'യിലെത്തുന്നത്. ''തങ്കലാനിലെ ആരതി ഒരു ഗോത്രദേവതയാണ്. യുധ്രയില്‍ ഒരു സിറ്റി ഗേളും. രണ്ടും വ്യത്യസ്തമായ റോളുകളാണ്. തങ്കലാനില്‍ കുറേ ആക്ഷന്‍ സീക്വന്‍സുകളുണ്ട്. അതിനുവേണ്ടി ജിംനാസ്റ്റിക്‌സും സ്റ്റിക്ക് ഫൈറ്റിങ്ങുമൊക്കെ പഠിക്കേണ്ടിയിരുന്നു. അത്രയും തയ്യാറെടുപ്പുകള്‍ വേണ്ടിയിരുന്നു ആ കഥാപാത്രത്തിനുവേണ്ടി''. ആ കഷ്ടപ്പാടുകള്‍ക്കെല്ലാമുള്ള പ്രതിഫലമെന്നാണ് ആ കഥാപാത്രത്തിന്റെ വിജയത്തെ മാളവിക വിശേഷിപ്പിക്കുന്നത്.

'യുധ്ര'യിലെ കഥാപാത്രത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും മാളവിക സംസാരിക്കുന്നു. അതിലും ആക്ഷന്‍സീനുകളുണ്ടായിരുന്നെങ്കിലും, വേറെ ചില കാര്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുത്തത്. ''ഞാന്‍ ബോംബെയില്‍ തന്നെയാണ് ജനിച്ചുവളര്‍ന്നത്. പക്ഷേ, എന്റെ ഹിന്ദി കുറച്ചുകൂടി ഭംഗിയാക്കേണ്ടിയിരുന്നു. അതിലാണ് ഷൂട്ടിങ്ങിനുമുമ്പ് ഞാന്‍ കൂടുതല്‍ ശ്രദ്ധകൊടുത്തത്. പക്ഷേ ഇതിലും ആക്ഷന്‍ സീക്വന്‍സുകളുള്ളതുകൊണ്ട് എന്നെ ഫീമെയ്ല്‍ ബ്രൂസ് ലീ എന്നാണിപ്പോള്‍ കൂട്ടുകാര്‍ വിളിക്കുന്നത്''. 

തന്റെ സ്വപ്‌നകഥാപാത്രത്തെക്കുറിച്ചും മാളവിക തുറന്നുപറയുന്നു. ''എനിക്കൊരു റൊമാന്റിക് സിനിമ ചെയ്യണം ഇനി. അതിനായുള്ള കാത്തിരിപ്പിലാണ്''.  

മലയാളത്തില്‍ മാളവിക അവസാനമായി ചെയ്ത സിനിമ 'ക്രിസ്റ്റി'യാണ്. 'പട്ടം പോലെ'യില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടാണ് മാളവിക സിനിമയിലെത്തുന്നത്. പിന്നീട് കന്നഡയിലും മലയാളത്തിലും തമിഴിലുമായി നല്ല കുറേ റോളുകള്‍ ചെയ്തു. അതിനിടയില്‍ സുപ്രസിദ്ധ ഇറാനിയന്‍ ഫിലിം മേക്കറായ മജീദ് മജീദി സംവിധാനം ചെയ്ത 'ബിയോണ്ട് ദ ക്ലൗഡ്‌സ്' എന്ന ഹിന്ദിസിനിമയിലും അഭിനയിച്ചു. രജനീകാന്തിന്റെ 'പേട്ട', വിജയിന്റെ 'മാസ്റ്റര്‍', ധനുഷിനൊപ്പം 'മാസ്റ്റര്‍' എന്നീ ചിത്രങ്ങളിലും പ്രധാനവേഷങ്ങളിലെത്തി മാളവിക. 


 

Content Highlights: malavika mohanan on thangalaan and yudhra