14-ാം വയസ്സില്‍ മിസ് ഇന്ത്യ; രണ്ട് വിവാഹമോചനങ്ങള്‍ തകര്‍ത്തപ്പോള്‍ അവര്‍ മദ്യത്തില്‍ അഭയംതേടി

ലീല നായിഡു / X
ലീല നായിഡു / X

പെട്ടെന്ന് സിനിമയിലെത്തി താരമായി, അതിനേക്കാള്‍ വേഗത്തില്‍ സിനിമയില്‍നിന്ന് അകന്ന കഥയാണ് അഭിനേത്രി ലീല നായിഡുവിന്റേത്. ഹിന്ദിസിനിമയുടെ ചരിത്രത്തില്‍ അവരുടെ പേര് നല്ല തെളിമയോടെ തന്നെ നില്‍ക്കും.  

ഇന്ത്യക്കാരനായ രാമയ്യ നായിഡുവിന്റെയും അയര്‍ലണ്ടുകാരി ഡോ. മാര്‍ത്തെയുടെയും ഏകമകള്‍. എട്ടുതവണ മാര്‍ത്തെ ഗര്‍ഭിണിയായെങ്കിലും, ഏഴുതവണയും ആദ്യമാസങ്ങളില്‍ തന്നെ അലസിപ്പോയി. അതുകഴിഞ്ഞാണ് ലീല ജനിക്കുന്നത്. ഇന്ത്യന്‍-പാശ്ചാത്യ സൗന്ദര്യം ഒരുപോലെ നിറഞ്ഞുനിന്ന പെണ്‍കുട്ടി. പഠിച്ചതെല്ലാം ജനീവയിലാണ്. അതിനിടയിലാണ് ഇന്ത്യയില്‍ വരുന്നത്. അപ്പോഴാണ് മിസ് ഇന്ത്യ മത്സരത്തെക്കുറിച്ച് കേള്‍ക്കുന്നത്. മത്സരത്തില്‍ ലീലയുടെ സൗന്ദര്യം ജ്വലിച്ചുനിന്നു. അങ്ങനെ 1954-ലെ ഫെമിന മിസ് ഇന്ത്യയായി ലീല തിരഞ്ഞെടുക്കപ്പെട്ടു. അന്നവര്‍ക്ക് 14 വയസ്സ് മാത്രമേയുള്ളൂ.

തൊട്ടുപിന്നാലെ പുറത്തിറങ്ങിയ വോഗ് മാസികയില്‍ ലീലയും ഇടംപിടിച്ചു. ലോകത്തിലെ ഏറ്റവും സുന്ദരികളായ പത്തുപേരിലൊരാളായി വോഗ് ലീലയെയും തിരഞ്ഞെടുത്തു. ആ ലിസ്റ്റില്‍ മര്‍ലിന്‍ മണ്‍റോയും ജയ്പൂര്‍ മഹാറാണിയായ ഗായത്രീദേവിയുമുണ്ടായിരുന്നു. പത്തുവര്‍ഷത്തോളം തുടര്‍ച്ചയായി ആ ലിസ്റ്റില്‍ ലീലയുണ്ടായിരുന്നു. അവരെ തേടി സിനിമയില്‍നിന്ന് നിരവധി അവസരങ്ങളെത്തി. പക്ഷേ, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അതെല്ലാം ലീല നിഷേധിച്ചു. 

രണ്ടുവര്‍ഷത്തിനുള്ളില്‍ നടന്ന വിവാഹം അവരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. പതിനേഴാമത്തെ വയസ്സില്‍ തന്നേക്കാള്‍ 16 വയസ്സ് കൂടുതലുള്ള തിലക് രാജ് ഒബ്‌റോയിയെയാണ് അവര്‍ വിവാഹം കഴിച്ചത്. 

ശശി കപൂറിനൊപ്പം

സിനിമയിലേക്ക്...
അധികം വൈകാതെ ലീല സിനിമയില്‍ തന്നെ എത്തി. 1960-ല്‍ ഹൃഷികേശ് മുഖര്‍ജിയുടെ 'അനുരാധ'യിലെ കഥാപാത്രത്തെ മനോഹരമായി തന്നെ ലീല അവതരിപ്പിച്ചു. ബോക്‌സോഫീസില്‍ വിജയിച്ചില്ലെങ്കിലും, മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം അതിന് ലഭിച്ചു. അതിനുശേഷം ഒരു സിനിമയുടെ കൂടി ഭാഗമായെങ്കിലും, 1963-ല്‍ പുറത്തിറങ്ങിയ 'യേ രാസ്‌തെ ഹെ പ്യാര്‍ കെ' എന്ന സിനിമയാണ് അവര്‍ക്ക് പേരും പ്രശസ്തിയും നേടിക്കൊടുത്തത്. ആര്‍. കെ. നയ്യാര്‍ സംവിധാനം ചെയ്ത ഈ സിനിമ, കെ. എം. നാനാവതിയും മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള കേസിനെ ആസ്പദമാക്കിയുള്ളതാണ്. അക്കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നുവത്. 

ഇംഗ്ലീഷ് സംവിധായകനായ ജെയിംസ് ഐവറിയും ഇസ്മായില്‍ മെര്‍ച്ചെന്റും ചേര്‍ന്നാരംഭിച്ച മെര്‍ച്ചെന്റ് ഐവറി പ്രൊഡക്ഷന്‍സിന്റെ ആദ്യസിനിമയായ 'ദ ഹൗസ്‌ഹോള്‍ഡറി'ലും ലീലയായിരുന്നു നായിക. ഈ സിനിമ കണ്ട് സത്യജിത് റേ ഒരു ഇംഗ്ലീഷ് സിനിമ ചെയ്യാന്‍ തീരുമാനിച്ചുവെങ്കിലും അത് നടന്നില്ല. വിജയ് ആനന്ദിന്റെ 'ഗൈഡ്' എന്ന പ്രശസ്തമായ സിനിമയിലെ നായികയായി ലീലയെ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, അവര്‍ക്ക് നൃത്തം അറിയില്ലെന്ന കാരണത്താല്‍ ആ റോളും അവരെ കൈവിട്ടു. അടുത്തതായി 'ബാഗി' എന്ന സിനിമയിലും അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം മെര്‍ച്ചെന്റ് ഐവറി പ്രൊഡക്ഷന്‍സിന്റെ 'ഗുരു' എന്ന സിനിമയില്‍ അതിഥിതാരമായും അവര്‍ അഭിനയിച്ചു. 

ഒമ്പതുവര്‍ഷത്തിനിടെ അഭിനയിച്ചത് ഏഴുസിനിമകള്‍. എണ്ണം കുറവാണെങ്കിലും അവരുടെ ഓരോ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തു. ഇംഗ്ലീഷ് ചലച്ചിത്രകാരന്‍ ഡേവിഡ് ലീന്‍ അവരെ വിശേഷിപ്പിച്ചത് 'മെത്തേഡ് ആക്ട്രസ്' എന്നാണ്. നിഷ്‌കളങ്കതയും ശാന്തതയും ഒരുപോലെ ആസ്വദിക്കാവുന്ന പ്രകടനമാണ് ലീലയുടേത് എന്ന് ശ്യാം ബെനഗലും ഒരിക്കല്‍ പറഞ്ഞു. 

കരിയറില്‍ നല്ല അഭിപ്രായങ്ങള്‍ തേടിയെത്തുമ്പോഴും, കുടുംബജീവിതത്തിലെ താളപ്പിഴകള്‍ അവരെ വിഷമിപ്പിച്ചു. പ്രിയ, മായ എന്നീ ഇരട്ടക്കുട്ടികളായിരുന്നു ഇവര്‍ക്ക്. ഭര്‍ത്താവില്‍നിന്നുള്ള മോശം പെരുമാറ്റം അവരെ പലപ്പോഴും വിഷമിപ്പിച്ചു. വളരെ മോശമായിട്ടാണ് ഭര്‍ത്താവ് അവരോട് പെരുമാറിയിരുന്നതെന്നും എന്നാല്‍ അതൊന്നും മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ ലീല ശ്രദ്ധിച്ചിരുന്നുവെന്നും പറയപ്പെടുന്നു.  

അധികം വൈകാതെ ലീലയും തിലകും വിവാഹമോചിതരായി. കുട്ടികളുടെ സംരക്ഷണച്ചുമതല തിലകിനായിരുന്നു. അതോടെ ലീല ആകെ തകര്‍ന്നുപോയി. ഏകാന്തത മാത്രമായി അവര്‍ക്ക് കൂട്ടിന്. അതിനിടയിലാണ് ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ ആശയങ്ങളോട് അടുപ്പം തോന്നുന്നത്. അതവര്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നു. വേദനയും ഏകാന്തതയുമെല്ലാം ഒരുപരിധിവരെ മറികടക്കാന്‍ ഇതിലൂടെ കഴിഞ്ഞു. മുംബൈയിലെ ഒറ്റപ്പെട്ട ജീവിതം. 

ലീല നായിഡുവിന്റെ പേരില്‍ പുറത്തിറങ്ങിയ സ്റ്റാമ്പ് / wikipedia

ഒറ്റപ്പെടലുകള്‍ക്കൊടുവില്‍ കവിയും എഴുത്തുകാരനുമായ ഡൊമിനിക് മൊറെയ്‌സിനെ വിവാഹം കഴിച്ചു. സന്തോഷകരമായ ജീവിതമായിരുന്നു ആദ്യമൊക്കെ ഇരുവരുടേതും. കരിയറിലേക്ക് വീണ്ടും തിരിയാന്‍ ലീല തീരുമാനിച്ചു. 1985-ല്‍ ശ്യാം ബെനഗലിന്റെ 'ത്രികാല്‍' എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയെങ്കിലും, അവരെ തേടി ഏറെ അവസരങ്ങളൊന്നും വന്നില്ല. 1992-ല്‍ പ്രദീപ് കിഷന്റെ 'ഇലക്ട്രിക് മൂണ്‍' എന്ന ചിത്രത്തോടെ എന്നെന്നേക്കുമായി സിനിമയോട് വിടപറഞ്ഞു. ദാമ്പത്യജീവിതത്തിലും പ്രശ്‌നങ്ങള്‍ തുടങ്ങിയത് ആയിടയ്ക്കാണ്. 23 വര്‍ഷത്തെ വിവാഹജീവിതത്തിനുശേഷം ലീലയും ഡൊമിനിക്കും വിവാഹമോചിതരായി. 

അതവരെ ശരിക്കും തകര്‍ത്തുകളഞ്ഞു. ഒരിക്കലും തിരിച്ചുവരവില്ലാത്തവിധത്തിലുള്ള തകര്‍ച്ച. അവര്‍ മദ്യത്തില്‍ പതുക്കെ അഭയംതേടി. മുംബൈയിലെ കൊളാബയില്‍ ഏകാന്തജീവിതത്തിലേക്ക് മടങ്ങി. സാമ്പത്തികമായി ചില പ്രശ്‌നങ്ങള്‍ നേരിട്ട സമയം കൂടിയാണത്. അതിനിടയില്‍ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തിനായി കേസ് നടത്തി. കൈയില്‍ അവശേഷിച്ച സമ്പാദ്യം കൂടി അതോടെ തീര്‍ന്നു. പരാധീനതകള്‍ വല്ലാതെ ശ്വാസംമുട്ടിച്ചു. അതോടെ താന്‍ താമസിക്കുന്ന വീട്ടില്‍ പലരെയും വാടകയ്ക്ക് താമസിപ്പിച്ചു. ആ വാടകകൊണ്ടായിരുന്നു പിന്നീടുള്ള ജീവിതം. 2009-ല്‍ എല്ലാ സങ്കടങ്ങളോടും വിടപറഞ്ഞുകൊണ്ടുള്ള മരണവും. 61 വയസ്സായിരുന്നു അപ്പോള്‍ ലീലയ്ക്ക്.  

അവരോടുള്ള ആദരസൂചകമായി 2011-ല്‍ പോസ്റ്റല്‍ വകുപ്പ് 5 രൂപയുടെ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. കൈയടക്കമുള്ള അഭിനയത്തിന്റെയും അഭൗമസൗന്ദര്യത്തിന്റെയും പേരില്‍ ഓര്‍മിക്കപ്പെടുന്നു ലീല നായിഡു.


 


 

Content Highlights: lifestory of Leela Naidu, former miss india and actress