രതിച്ചേച്ചി ഓടിവന്ന് എന്നെ കെട്ടിപ്പിടിക്കുന്നു. ഞാന്‍ ദൈവത്തെ വിളിച്ചുപോയി

#രേഖ നമ്പ്യാര്‍
ജയഭാരതിക്കൊപ്പം കൃഷ്ണചന്ദ്രന്‍
ജയഭാരതിക്കൊപ്പം കൃഷ്ണചന്ദ്രന്‍

പിങ്ക് നിറത്തിലുള്ള നൈറ്റിയണിഞ്ഞ് സ്ലോമോഷനില്‍ ഓടിവന്ന് പപ്പുവിനെ കെട്ടിപ്പിടിക്കുന്ന രതിച്ചേച്ചിയെ സിനിമയുള്ളിടത്തോളം മലയാളി മറക്കാനിടയില്ല. നടന്‍ കൃഷ്ണചന്ദ്രനും അത് മനസ്സിലെ മായാത്ത രംഗമാണ്. 1977ല്‍ രതിനിര്‍വേദം എന്ന ചിത്രത്തിലെ പപ്പുവായാണ് കൃഷ്ണചന്ദ്രന്‍ സിനിമയില്‍ അരങ്ങേറിയത്. അന്ന് തന്നേക്കാള്‍ മുതിര്‍ന്ന നടിയെ കെട്ടിപ്പിടിക്കാന്‍ മടിച്ചുനിന്നതാണ് കൃഷ്ണചന്ദ്രന്‍. ആ കൗമാരക്കാരന്റെ ആധികള്‍ മാറ്റാനായി ജയഭാരതി നടത്തിയ ശ്രമങ്ങള്‍ ചില്ലറയൊന്നുമായിരുന്നില്ല.

'എനിക്കും എന്റെ അനിയനായി അഭിനയിക്കുന്ന നടനും വേണ്ടി പത്മരാജന്‍ സാറും ഭരതന്‍ സാറും ചേര്‍ന്ന് ചെന്നൈയില്‍ ഒരു വര്‍ക്ക്‌ഷോപ്പ് നടത്തിയിരുന്നു. ഞങ്ങള്‍ക്കിടയില്‍ ഒരു സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനായിരുന്നു അത്. അപ്പോഴൊന്നും ജയഭാരതിച്ചേച്ചിയാണ് ആ സിനിമയിലെ നായിക എന്ന് ഞങ്ങളോട് പറഞ്ഞിരുന്നില്ല.' കൃഷ്ണചന്ദ്രന്‍ ആ സിനിമയുടെ ഓര്‍മകള്‍ പറഞ്ഞുതുടങ്ങി.

ജയഭാരതിക്കൊപ്പം കൃഷ്ണചന്ദ്രന്‍

'പാലക്കാട് നെല്ലിയാമ്പതിയായിരുന്നു രതിനിര്‍വേദത്തിന്റെ ലൊക്കേഷന്‍. നായിക ഇല്ലാത്ത കുറേ സീനുകളാണ് ആദ്യം ഷൂട്ട് ചെയ്തത്. ഷൂട്ടിങ് തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ് ലൊക്കേഷനില്‍ ജയഭാരതിച്ചേച്ചി വന്നിറങ്ങുന്നത്. ഞാനാദ്യമായാണ് അവരെ നേരില്‍ കാണുന്നത്. അപ്പോള്‍ മാത്രമാണ് ആ സിനിമയിലെ നായിക അവരാണെന്ന് ഞങ്ങളൊക്കെ അറിയുന്നതും.

സ്‌കൂള്‍കാലം തൊട്ട് സ്‌ക്രീനില്‍ കണ്ട, ആരാധനയോടെ നോക്കിനിന്ന സുന്ദരിയായ നായികയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ ആവേശം മനസ്സില്‍ കൊട്ടിക്കയറി. അതേ നിമിഷത്തില്‍ത്തന്നെയാണ് ചെറിയൊരു പേടിയും തോന്നിത്തുടങ്ങിയത്‌. എന്നാല്‍ ആ പരിഭ്രമമെല്ലാം മാറ്റുന്ന രീതിയിലായിരുന്നു ചേച്ചിയുടെ പെരുമാറ്റം. തുടക്കത്തില്‍ ഞങ്ങളൊന്നിച്ചുള്ള ചെറിയ സീനുകളൊക്കെ എടുത്തതോടെ തന്നെ എന്റെ പേടിമാറിത്തുടങ്ങി. ചേച്ചിക്കൊപ്പം മരത്തില്‍ കയറി കിളിയുടെ മുട്ട എടുക്കുന്ന സീനായിരുന്നു ആദ്യം ചിത്രീകരിച്ചത്. 

തന്നേക്കാള്‍ മുതിര്‍ന്ന സ്ത്രീയെ ആഗ്രഹിക്കുന്ന പപ്പുവിന്റെ കഥയാണല്ലോ ആ സിനിമ. അതില്‍ ഒരു പെണ്ണിനെ വശീകരിക്കാനുള്ള സൂത്രമൊക്കെ ബഹദൂര്‍ക്ക എനിക്ക് പറഞ്ഞുതരുന്ന രംഗമുണ്ട്. മച്ചിത്തെങ്ങിന്റെ ഉച്ചിയിലിരിക്കുന്ന ഓന്തിനെ പിടിച്ചിട്ട് അതിനെ കൊന്ന് കത്തിച്ച് ഭസ്മമാക്കി അത് നെറ്റിയില്‍ തൊടണമെന്നായിരുന്നു ആ ഉപദേശം. അതിലേക്ക് നോക്കിക്കഴിഞ്ഞാല്‍ ഏതു പെണ്ണും മയങ്ങിപ്പോകുമെന്ന ഡയലോഗൊന്നും എനിക്ക് മറക്കാന്‍ പറ്റില്ല.

ആ ഡയലോഗിന് ശേഷമാണ് ഭസ്മം തൊട്ട് ഒരു ടര്‍ക്കി ടവ്വല്‍ ഉടുത്ത്‌ ഞാന്‍ തപസ്സ് ചെയ്യുന്നത്. ആ സമയത്ത് ഞാന്‍ മനസ്സിലൊരു രംഗം സ്വപ്നം കാണുന്നുണ്ട്. ഒരു നൈറ്റിയിട്ടിട്ട് ഭാരതിച്ചേച്ചി സ്ലോമോഷനില്‍ ഓടിവന്ന് കെട്ടിപ്പിടിക്കുന്നു. ഇതൊക്കെ എന്റെ തോന്നലാണെങ്കിലും സിനിമയില്‍ കാണിക്കണമെങ്കില്‍ അത് ചിത്രീകരിക്കണമല്ലോ. ചേച്ചി ഓടിവരികയും എന്നെ കെട്ടിപ്പിടിക്കുകയുമൊക്കെ വേണം. പേടിച്ചിട്ട്, എന്താ ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയിലായി ഞാന്‍. ചിത്രീകരണം കാണാനാണെങ്കില്‍ അവിടത്തെ നാട്ടുകാര്‍ മുഴുവനുമെത്തിയിട്ടുണ്ട്. ഞാന്‍ പേടിച്ച് ദൈവത്തെ വിളിച്ചുപോയി.

ഒരു മുറിക്കകത്ത് നിന്നാണ് കെട്ടിപ്പിടിക്കേണ്ടതെങ്കില്‍ ഞാനിത്ര പേടിക്കുമായിരുന്നില്ല. ഇത് പക്ഷേ എത്രയോ പേരുടെ മുന്നില്‍ വെച്ചാണ് അങ്ങനെ ചെയ്യേണ്ടത്. പല പല ഷോട്ടുകളായി ആ സീന്‍ ഷൂട്ട് ചെയ്യാന്‍ തുടങ്ങി. ആദ്യം ചേച്ചി ഓടി വരുന്നു. പിന്നെ ഞാന്‍ ഭസ്മം തൊട്ടിരിക്കുന്നു. അതുകഴിഞ്ഞ് അവര്‍ കൈ നീട്ടുന്നു. ഞാന്‍ ഇരിക്കുന്നിടത്തുനിന്ന് അവരുടെ കൈയില്‍ പിടിക്കുന്നു. അവര്‍ എഴുന്നേല്‍പ്പിക്കുന്നു. ഇങ്ങനെ എല്ലാ ഷോട്ടുകളും എടുത്തുകഴിഞ്ഞു. അടുത്തത് കെട്ടിപ്പിടിക്കേണ്ട ഷോട്ടാണ്. പേടി കൂടി ഞാന്‍ ഭരതേട്ടനോട് പറഞ്ഞു, 'സാര്‍, നമുക്ക് റിഹേഴ്‌സല്‍ വേണ്ട. നേരെ ടേക്ക് എടുക്കാം. അപ്പോള്‍ അത്രയും കുറച്ച് ചെയ്താല്‍ മതിയല്ലോ.' അതുകേട്ടതും ഭാരതിച്ചേച്ചി ഇടപെട്ടു.

'മിസ്റ്റര്‍ കൃഷ്ണചന്ദ്രന്‍, നിങ്ങള്‍ ആദ്യമായി അഭിനയിക്കുകയല്ലേ. ഇതിന്റെ ടെക്‌നിക്കല്‍ വശങ്ങളൊന്നും  നിങ്ങള്‍ക്കറിയില്ല. ദൂരെ നിന്ന് ക്യാമറയില്‍ നമ്മളെ ഷൂട്ട് ചെയ്യുമ്പോള്‍, നമ്മളിങ്ങനെ കെട്ടിപ്പിടിക്കുമ്പോള്‍ മുഖം ഫ്രെയിമില്‍ നിന്ന് പുറത്ത് പോകുന്നുണ്ടോ എന്നൊക്കെ നോക്കണം. അതിന് റിഹേഴ്‌സല്‍ നടത്തണം. നിങ്ങള്‍ എഴുന്നേല്‍ക്കൂ...എണീക്ക് എണീക്ക്...' എന്നും പറഞ്ഞ് അവര്‍ എന്നെ പിടിച്ച് എഴുന്നേല്‍പ്പിച്ചു. പിന്നീട് നാലഞ്ച് തവണ കെട്ടിപ്പിടുത്തത്തിന്റെ റിഹേഴ്‌സല്‍ തന്നെ. കഥാപാത്രത്തിന് എന്തു വേണമെന്ന് സംവിധായകന്‍ പറഞ്ഞാല്‍ പിന്നെ അതിനപ്പുറത്തേക്കൊരു നോട്ടമില്ല ചേച്ചിക്ക്. ഒരു നടി എന്ന നിലയില്‍ അവരുടെ പ്രൊഫഷണലിസമാണ് ഞാന്‍ അന്ന് മുന്നില്‍കണ്ടത്. അന്ന് മുന്‍കൈയെടുത്ത് എന്നെ അഭിനയിപ്പിച്ചതില്‍, എനിക്കൊരു വഴികാട്ടിയായതില്‍ ചേച്ചിക്ക് വലിയ പങ്കുണ്ട്...' അന്നത്തെ പതിനേഴുകാരന്റെ പരിഭ്രമം മാറ്റിയ കഥ പറയുമ്പോഴും ജയഭാരതിയെന്ന അഭിനേത്രിയുടെ പല ശീലങ്ങളും കൃഷ്ണചന്ദ്രന്‍ മറന്നിട്ടില്ല.

ഭരതനൊപ്പം കൃഷ്ണചന്ദ്രന്‍

' ചേച്ചി കൃത്യസമയത്ത് ഷൂട്ടിങ് ലൊക്കേഷനിലെത്തും. നമ്മള്‍ ടെന്‍ഷനടിക്കുമ്പോള്‍ ഇത് അഭിനയമാണ്, നമ്മുടെ തൊഴിലാണെന്ന് ഓര്‍മിപ്പിക്കും. ചെയ്യുന്ന തൊഴില്‍ ഭംഗിയായും സൂക്ഷ്മമായും പരിപൂര്‍ണമായും ചെയ്യണമെന്ന് അവരെന്നെ പഠിപ്പിച്ചു. രതിനിര്‍വേദമാണ് ഞാന്‍ ആദ്യമായും അവസാനമായും അവര്‍ക്കൊപ്പം അഭിനയിച്ച സിനിമ. എന്റെ ഭാര്യ വനിതയുടെ ആദ്യത്തെ മലയാള സിനിമ ചന്ദ്രബിംബമായിരുന്നു. അതില്‍ വനിതയുടെ അമ്മയായി ജയഭാരതി ചേച്ചിയും അച്ഛനായി എം.ജി. സോമനുമാണ് അഭിനയിച്ചത്. അങ്ങനെ ഞങ്ങളുടെ രണ്ടുപേരുടെയും അഭിനയജീവിതത്തിന്റെ തുടക്കത്തില്‍ ചേച്ചി ഒരു ഭാഗമായി മാറി. അതൊരു അപൂര്‍വ അനുഭവമാണ്.' കൃഷ്ണചന്ദ്രന്‍ പറയുന്നു. രതിനിര്‍വേദത്തിലെ വേഷം ജീവിതത്തിലുടനീളം ആരാധകരെ നേടിക്കൊടുത്തതിന്റെ അത്ഭുതവും അദ്ദേഹത്തെ ഇന്നും വിട്ടൊഴിഞ്ഞിട്ടില്ല..  

കൃഷ്ണചന്ദ്രന്‍, ജയഭാരതി, കെ.പി.എ.സി ലളിത

'ഒരിക്കല്‍ ഈ നാട് എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഞാന്‍ കോഴിക്കോട് ദേവഗിരി കോളേജില്‍ പോയിരുന്നു. അപ്പോള്‍ കുറേ ആണ്‍കുട്ടികള്‍ എന്റെ കൈപിടിക്കാന്‍ വന്നു. അത് എന്നോടുള്ള സ്‌നേഹം കൊണ്ടായിരുന്നില്ല. ജയഭാരതി തൊട്ട കൈ ആയതുകൊണ്ട് ഞങ്ങള്‍ക്കും ഒന്നുതൊടണമെന്ന് പറഞ്ഞാണ് അവര്‍ വന്നത്. ചേച്ചി ആ കഥാപാത്രം ചെയ്തതുകൊണ്ടാണ് ആളുകള്‍ക്കിടയില്‍ എനിക്കും അത്ര സ്വീകാര്യത ലഭിച്ചത്. വളരെ ബോള്‍ഡായ സ്ത്രീയാണവര്‍.

രതിനിര്‍വേദത്തില്‍ അഭിനയിച്ചത് തെറ്റായിപ്പോയെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല.

അതിന്റെ പേരില്‍ അപൂര്‍വം നെഗറ്റീവ് കമന്റുകളേ ഞാന്‍ കേട്ടിട്ടുള്ളൂ. ഒന്നൊന്നരവര്‍ഷം മുമ്പ് ഒരു ലേഖനത്തിനുതാഴെയൊരു കമന്റ് വന്നു. കൃഷ്ണചന്ദ്രന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് രതിനിര്‍വേദം പോലൊരു സിനിമ ചെയ്തതാണെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. പക്ഷേ അതൊക്കെ ചിലരുടെ മാത്രം വീക്ഷണമാണ്. ഇപ്പോഴും ആ സിനിമയുടെ ആവേശം എന്നെ വിട്ടുപോയിട്ടില്ല. 63 വയസ്സായ എന്നെ ഇപ്പോഴും ആളുകള്‍ രതിനിര്‍വേദത്തിലെ പപ്പുവായി ഓര്‍ക്കുന്നു എന്നതൊരു അഭിമാനംതന്നെയാണ്. രതിനിര്‍വേദം നല്ല സിനിമയല്ല എന്നൊക്കെ വിമര്‍ശിക്കുന്നവരുണ്ട്. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ അഭിപ്രായമാണ്. എനിക്കത് പത്മരാജന്റെയും ഭരതേട്ടന്റെയും പടമാണ്. അതില്‍ക്കൂടുതല്‍ അഭിമാനിക്കാന്‍ എന്തുവേണം.?

കൃഷ്ണചന്ദ്രന്‍, ജയഭാരതി, ശ്വേതാമേനോന്‍, ശ്രീജിത്ത് വിജയ്‌

സിനിമ കഴിഞ്ഞ ശേഷം ഞാന്‍ ഭാരതിച്ചേച്ചിയെ അപൂര്‍വമായിട്ടേ നേരില്‍ കണ്ടിട്ടുള്ളൂ. പക്ഷേ എപ്പോള്‍ കണ്ടാലും പഴയ അതേ സ്നേഹവും കരുതലുമൊക്കെ കാണിച്ചിട്ടുണ്ട് അവര്‍. പത്ത് കൊല്ലം മുമ്പ് തൃശ്ശൂരില്‍ നടത്തിയ ഭരതന്‍ സ്മൃതി എന്ന പരിപാടിയില്‍ ഞാനും ചേച്ചിയുമായിരുന്നു വിശിഷ്ടാതിഥികള്‍. പുതിയ രതിനിര്‍വേദം റിലീസാവുന്നതിന് തൊട്ടുമുമ്പായിരുന്നു ആ ചടങ്ങ്. അന്ന് ഞങ്ങള്‍ ഒന്നിച്ചൊരു ഫോട്ടോ എടുത്തു.

പിന്നെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന എ.എം.എം.എ (അമ്മ) സംഘടനയുടെ പൊതുയോഗത്തില്‍ വെച്ചാണ് ഞങ്ങള്‍ കാണുന്നത്. ഞാനടുത്ത് ചെന്നിരുന്നപ്പോള്‍ തന്നെ ചേച്ചി തമാശ തുടങ്ങി. 'നീ അടുത്ത് വന്നാല്‍ തന്നെ ആളുകള്‍ വേറെ രീതിയിലേ വിചാരിക്കൂ, എഴുന്നേറ്റ് പോയ്‌ക്കോളണം' എന്നായിരുന്നു ചേച്ചിയുടെ കമന്റ്. പുതിയ രതിനിര്‍വേദത്തിലെ നായികാനായകന്മാരും ഞങ്ങളുമൊന്നിച്ച് ഫോട്ടോയൊക്കെ എടുത്താണ് അന്ന് പിരിഞ്ഞത്. അപ്പോഴും എന്റെ മനസ്സില്‍ ആ പഴയ ഫ്രെയിം തന്നെയാണ് ഓടിക്കയറി വന്നത്. കെട്ടിപ്പിടിക്കാന്‍ ശങ്കിച്ചുനിന്ന ആ കൗമാരക്കാരനും ഓടിവന്ന് എന്നെ കെട്ടിപ്പിടിക്കുന്ന സിനിമയിലെ രതിച്ചേച്ചിയും...'
 

Content Highlights: Krishnachandran shares his memories of acting with Jayabharathi