''ലാലേട്ടന്റെ നെഞ്ചില്‍ സ്‌റ്റെതസ്‌കോപ്പ് വെച്ച് പരിശോധിക്കുമ്പോള്‍ വല്ലാത്തൊരു അവസ്ഥയിലായി ഞാന്‍''

റോണി ഡേവിഡ് രാജ്  | ഫോട്ടോ: സിദ്ദീക്കുല്‍ അക്ബർ
റോണി ഡേവിഡ് രാജ് | ഫോട്ടോ: സിദ്ദീക്കുല്‍ അക്ബർ

രാവിലെ എട്ടു മണിയോടെ ഇടപ്പള്ളിയിലെ വീട്ടിലെത്തുമ്പോള്‍ വാതില്‍ക്കല്‍ നിറഞ്ഞ ചിരിയോടെ ഡോ.റോണി ഡേവിഡ് രാജ് നില്‍ക്കുന്നു. ഡോക്ടര്‍ എന്ന മേല്‍വിലാസത്തിന് മുകളില്‍ നടന്‍, തിരക്കഥാകൃത്ത് എന്ന തിളക്കം കൂടി ചേര്‍ത്തുവെക്കുമ്പോള്‍ റോണിക്കു പറയാന്‍ ഒരുപാട് കഥകളുണ്ട്. അച്ഛന്‍ രാജനും അമ്മ സൂസന്‍ ആലീസും ഭാര്യ അഞ്ജുവും ഒപ്പം കൂടി.

മധുരപ്രതികാരം
 ''വലിയൊരു പ്രതികാരം ചെയ്ത സുഖത്തിലാണ് ഇപ്പോള്‍ ഞങ്ങളെല്ലാം. എന്റെ സഹോദരന്‍ റോബി വര്‍ഗീസ് രാജാണ് 'കണ്ണൂര്‍ സ്‌ക്വാഡ്' എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഈ സിനിമയുടെ തിരക്കഥ ഒരുക്കിയതിനൊപ്പം അതിലെ പ്രധാന വേഷങ്ങളിലൊന്ന് ചെയ്യാനും എനിക്കായി. 34 വര്‍ഷം മുമ്പ് മമ്മൂക്കയെ നായകനാക്കി ജോഷി സാര്‍ സംവിധാനം ചെയ്ത 'മഹായാനം' എന്ന സിനിമ നിര്‍മിച്ചത് എന്റെ അച്ഛനായ സി.ടി. രാജനാണ്. എന്നാല്‍ പിടിപ്പുകേടും നിര്‍ഭാഗ്യവും കൊണ്ട് ആ സിനിമയിലൂടെ അച്ഛന് വലിയ നഷ്ടമുണ്ടായി. അച്ഛന്റെ തിയേറ്ററായിരുന്ന താവൂസില്‍  തൊഴിലാളി സമരവും പ്രശ്നവുമായതോടെ അതും പൂട്ടേണ്ടി വന്നു. വലിയ കടക്കെണിയിലായ അച്ഛന് നില്‍ക്കക്കള്ളിയില്ലാതെ വീട് വിറ്റ് ഞങ്ങളുമായി നാടുവിടേണ്ടി വന്നു. ഒടുവില്‍ ഇതാ 34 വര്‍ഷങ്ങള്‍ക്കിപ്പുറം മഹായാനം സിനിമയിലെ അതേ നായകനെ വെച്ച് ഞങ്ങള്‍ സിനിമ ചെയ്തു. അത് തീയേറ്ററില്‍ നന്നായി ഓടുന്നു. ഇതിനേക്കാള്‍ വലിയൊരു പ്രതികാരം സ്വപ്നത്തില്‍ പോലുമുണ്ടാകില്ല. സിനിമ കണ്ട് ഞാന്‍ റോബിയെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു.'' 
 

കുടുംബത്തോടൊപ്പം

ബയോളജിയിലെ മാര്‍ക്ക്
റോണി എങ്ങനെ ഡോക്ടറായെന്ന ചോദ്യത്തിന് കുസൃതിച്ചിരിയായിരുന്നു ആദ്യ പ്രതികരണം. ''സത്യത്തില്‍ ബയോളജിയിലെ മാര്‍ക്കാണ് എന്നെ ചതിച്ചത്. ബയോളജിക്ക് നല്ല മാര്‍ക്കുണ്ടെന്ന് പറഞ്ഞാണ് അച്ഛനും അമ്മയും എന്നെ മെഡിസിന് ചേര്‍ത്തത്. തിരുവനന്തപുരം എം.ജി. കോളേജില്‍ പഠിക്കുമ്പോള്‍ നാടകമായിരുന്നു തലയില്‍ മുഴുവന്‍. കോളേജ് നാടകങ്ങളില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരള സര്‍വകലാശാലാ കലോല്‍സവത്തില്‍ നാടകത്തില്‍ മികച്ച രണ്ടാമത്തെ നടനായും തിരഞ്ഞെടുക്കപ്പെട്ടതോടെ ആവേശമേറി. അഭിനയം തന്നെ ജീവിതം എന്നുറപ്പിച്ച കാലമായിരുന്നു അത്. എന്നാല്‍ എം.ബി.ബി.എസ്. കഴിഞ്ഞിട്ട് മതി ബാക്കിയുള്ള പരിപാടികളെല്ലാമെന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും നിലപാട്. 'അച്ഛനാടാ പറയുന്നേ' എന്ന സിനിമാ ഡയലോഗ് പോലെ അച്ഛന്‍ സ്ട്രോങ് ആയതോടെ എം.ബി.ബി.എസ്. എടുക്കാതെ രക്ഷയില്ലെന്ന് എനിക്കും മനസ്സിലായി. അങ്ങനെയാണ് തമിഴ്നാട് സേലത്തെ വിനായക മെഡിക്കല്‍ കോളേജില്‍ ചേരുന്നത്. പിന്നെ ഡോക്ടറാകാതെ അവിടെ നിന്ന് പുറത്തിറങ്ങാന്‍ പറ്റില്ലല്ലോ.''
 
അച്ഛനിഷ്ടമില്ലാത്ത ജോലി
മഹായാനം എന്ന സിനിമയും താവൂസ് തിയേറ്ററും സൃഷ്ടിച്ച പ്രതിസന്ധി ഞങ്ങളുടെ ജീവിതം തന്നെയാണ് മാറ്റി മറിച്ചത്. അന്ന് വീട് വിറ്റ് നാടു വിട്ട ഞങ്ങള്‍ക്ക് ഇതിനകം 19 വീടുകളില്‍ താമസിക്കേണ്ടി വന്നിട്ടുണ്ട്. ഒരു വീട് കൂടി വെച്ചാല്‍ ട്വന്റി ട്വന്റി ആയല്ലോ എന്നു പറഞ്ഞ് കുട്ടികള്‍ കളിയാക്കാറുണ്ട്. പക്ഷേ എല്ലാ പ്രതിസന്ധികള്‍ക്കിടയിലും ഇവനെ പഠിപ്പിച്ച് ഒരു ഡോക്ടറാക്കണമെന്നത് ഞങ്ങളുടെ വലിയ ആഗ്രഹമായിരുന്നു. സിനിമാ നടനാകണമെന്ന മോഹം പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഇഷ്ടമുണ്ടായിരുന്നില്ല. സിനിമ തകര്‍ത്ത ജീവിതം മുന്നിലുള്ളപ്പോള്‍ ഞങ്ങള്‍ എങ്ങനെയാണ് അവനെ അതിലേക്ക് വിടുന്നത്.'' അമ്മ സൂസന്‍ പറഞ്ഞു തുടങ്ങിയത്  പൂര്‍ത്തിയാക്കിയത് അച്ഛന്‍ രാജനായിരുന്നു. ''അവന്‍ സിനിമയിലേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ എനിക്ക് വലിയ പേടിയായിരുന്നു. ഡോക്ടര്‍ ജോലി ഉപേക്ഷിച്ച് അതിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുത്തതോടെ പേടികൂടി. പക്ഷേ സിനിമയിലൂടെത്തന്നെ എല്ലാം നേടാമെന്ന വിശ്വാസമായിരുന്നു അവന്. പുതിയ സിനിമയുടെ വിജയത്തോടെ അവന്‍ കൂടുതല്‍ ആത്മവിശ്വാസത്തിലെത്തിയിട്ടുണ്ടാകും.'' സംസാരം നിര്‍ത്തി അല്‍പനേരം മൗനമായിരുന്നശേഷം രാജന്‍ ഒരു വാചകം കൂടി പറഞ്ഞു, ''അവന്‍ ഡോക്ടര്‍ ജോലി ഉപേക്ഷിച്ച് സിനിമാ നടനായത് ഇപ്പോഴും എനിക്കിഷ്ടമല്ല.''
  
ബോഡിഗാര്‍ഡും പ്രണയവും
പ്രണയകഥയുടെ കെട്ടഴിച്ചത് ഭാര്യ അഞ്ജുവായിരുന്നു. ''റോണിയുടെ അമ്മയുടെ മൂത്ത സഹോദരി റബേക്കയുടെ മകള്‍ നിമ്മിയും ഞാനും തിരുവനന്തപുരത്ത് ഒരുമിച്ചാണ് പഠിച്ചിരുന്നത്. എനിക്ക് സേലം വിനായക ഡെന്റല്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍ നിമ്മിയാണ് കസിനായ റോണിയുടെ കാര്യം പറഞ്ഞത്. സേലത്ത് ചെല്ലുമ്പോള്‍ എന്തെങ്കിലും ഹെല്‍പ് വേണമെങ്കില്‍ റോണിയെ വിളിച്ചോളാനും അവള്‍ പറഞ്ഞു. അങ്ങനെ സേലത്തു വെച്ചാണ് ഞങ്ങള്‍ പരിചയപ്പെട്ടത്.'' 
''ഹെല്‍പ് ചോദിച്ച പെണ്‍കുട്ടിക്ക് ഹെല്‍പ് നല്‍കണ്ടേ. അങ്ങനെ ഞാന്‍ എപ്പോഴും ഇവളുടെ കൂടെയായി നടത്തം. ബോഡിഗാര്‍ഡ് പോലെ കൂടെ നടന്ന് ഒടുവില്‍ ഞാന്‍ ഇവളുമായി പ്രണയത്തിലുമായി...'' റോണി കഥ പൂര്‍ത്തിയാക്കി.

കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയില്‍നിന്ന്‌



എന്‍ഗേജ്‌മെന്റും സിനിമയും
കല്യാണത്തിന്റെ എന്‍ഗേജ്മെന്റ് ദിവസത്തില്‍ പോലും റോണി സിനിമയുടെ പിന്നാലെയായിരുന്നു. ''എന്‍ഗേജ്‌മെന്റ് ദിവസമാണ് അന്‍വര്‍ റഷീദിന്റെ 'ഛോട്ടാ മുംബൈ' എന്ന സിനിമയില്‍ അവസരം ചോദിക്കാന്‍ പോകുന്നത്. അവിടെച്ചെന്ന് സംസാരിക്കുന്നതിനിടെ ഇന്ന് എന്തെങ്കിലും വിശേഷമുണ്ടോയെന്ന് അന്‍വറിക്ക ചോദിച്ചപ്പോഴാണ് ഞാന്‍ എന്‍ഗേജ്മെന്റിന്റെ കാര്യം പറഞ്ഞത്. അത് കേട്ട് കുറച്ചു നേരം എന്റെ മുഖത്തേക്ക് നോക്കിയിരുന്ന ശേഷം അന്‍വറിക്ക ചിരിച്ചു. കമല്‍ സാറിന്റെ 'പച്ചക്കുതിര' എന്ന സിനിമയിലാണ് ആദ്യമായി ചെറിയൊരു വേഷം കിട്ടുന്നത്. എന്നാല്‍ ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട് ആദ്യം അഭിനയിച്ചത് മേജര്‍ രവി സാറിന്റെ 'കുരുക്ഷേത്ര'യിലാണ്. 'ആനന്ദം' എന്ന സിനിമ എനിക്ക് വലിയൊരു ബ്രേക്ക് തന്നു. അതിലെ 'ചാക്കോ സാര്‍' എന്ന കഥാപാത്രം ഇഷ്ടമായെന്ന് ഒരുപാട് പേര്‍ പറഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി.''
 
ലാലേട്ടന്റെ ഡോക്ടര്‍
'' സിനിമ എന്ന ഭ്രാന്ത് ഉണ്ടായിരുന്നെങ്കിലും പഠനം കഴിഞ്ഞ് കുറച്ചുകാലം കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളൊക്കെ ഏറ്റെടുത്ത് ഡോക്ടറായി ജോലി ചെയ്തിരുന്നു. ഗള്‍ഫിലെ കിംസില്‍ ജോലിക്ക് കയറിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോഴും ഡോക്ടര്‍ പണി തന്നെയായിരുന്നു ചെയ്തത്. എറണാകുളത്തെ ആശുപത്രികളിലെ ക്വാഷാലിറ്റികളില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്ത ഡോക്ടര്‍മാരില്‍ ഒരാള്‍ ഞാന്‍ തന്നെയാകും. ഡോക്ടര്‍ പണി ഞാന്‍ സിനിമയിലും എടുത്തിട്ടുണ്ട്. കുരുക്ഷേത്ര സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ലാലേട്ടന് ചുമയും ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. അദ്ദേഹത്തിന്റെ ഡോക്ടറെ വിളിച്ചിട്ട് കിട്ടാതായപ്പോള്‍ മേജര്‍ രവി സാറാണ് എന്റെ കാര്യം പറഞ്ഞത്. അങ്ങനെ ഞാന്‍ സ്റ്റെതസ്‌കോപ്പുമായി ലാലേട്ടനെ പരിശോധിക്കാന്‍ പോയി. ലാലേട്ടന്റെ നെഞ്ചില്‍ സ്റ്റെതസ്‌കോപ്പ് വെച്ച് പരിശോധിക്കുമ്പോള്‍ വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാന്‍.''
 
ക്രിസ്റ്റിയാനോയും ഭരതനാട്യവും
ഇതിനിടെ വീട്ടിലെ ലിറ്റില്‍ സ്റ്റാറുകള്‍ എത്തി. കളമശ്ശേരി രാജഗിരി സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന മകള്‍ ജോവാന്‍ സൂസന്‍ ഡേവിഡും മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകന്‍ നോഹ ഡേവിഡും. ''നോഹയ്ക്ക് സ്പോര്‍ട്സിലാണ് കമ്പം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വലിയ ഫാനാണ് അവന്‍. മോള്‍ക്ക് നൃത്തത്തോട് വലിയ ഇഷ്ടമുണ്ട്. ഇപ്പോള്‍ ഇവള്‍ ഭരതനാട്യം പഠിക്കാന്‍ പോകുന്നുണ്ട്. സിനിമ എന്റെ പാഷനാണെങ്കില്‍ മക്കള്‍ക്ക് അവരുടേതായ പാഷനുണ്ടാകും. അവര്‍ ആ വഴി സഞ്ചരിക്കട്ടെ...'' സംസാരം തീരുമ്പോള്‍ റോണിയുടെ മിഴികള്‍ ചുമരിലെ ക്ലോക്കിലേക്ക് നീണ്ടു, കൈകള്‍ മുഖത്തെ താടിരോമങ്ങളിലേക്കും.

Content Highlights: kannur squad actor rony david raj interview