'ബലാത്സംഗത്തിനിരയായ സ്ത്രീയുടെ ട്രോമ മനസ്സിലാക്കാൻ കഴിയില്ല': കനി കുസൃതി

നടി കനി കുസൃതിയുടെ ഏറ്റവും പുതിയ സിനിമയാണ് 'അസ്സി'. താപ്‌സി പന്നു, രേവതി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്ന സിനിമ, സംവിധാനം ചെയ്തിരിക്കുന്നത് അനുഭവ് സിൻഹയാണ്. ഫെബ്രുവരി 20-നാണ് സിനിമയുടെ റിലീസ്.
ഒരു സ്ത്രീ നേരിടുന്ന ലൈംഗികാതിക്രമവും നീതിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടവുമാണ് സിനിമ. സിനിമയിൽ അഭിഭാഷകയായി താപ്‌സി എത്തുമ്പോൾ, ലൈംഗികാതിക്രമം നേരിട്ട സ്ത്രീയുടെ റോളിലാണ് കനി അഭിനയിക്കുന്നത്. തന്റെ കഥാപാത്രത്തെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് കനി ഇപ്പോൾ.
ബലാത്സംഗത്തിനിരയായ വ്യക്തിയുടെ ട്രോമ മനസ്സിലാക്കാൻ കഴിയില്ലെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ.യുമായുള്ള അഭിമുഖത്തിൽ കനി പറഞ്ഞു. എന്നാൽ ആ കഥാപാത്രത്തിന് ആധികാരികത കൊണ്ടുവരാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
''അതിജീവിച്ചയാളുടെ ട്രോമ കൃത്യമായി മനസ്സിലാക്കാൻ ഒരാൾക്കും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു അഭിനേതാവ് എന്ന നിലയിൽ അതിനോട് അടുത്തുനിൽക്കാനാണ് ശ്രമിച്ചത്''.
കുട്ടിക്കാലം മുതൽ ഈ രാജ്യത്ത് വളർന്ന ഒരു സ്ത്രീ എന്ന നിലയിൽ, അത്തരം ആക്രമണങ്ങളോ മാനസികാഘാതങ്ങളോ അനുഭവപ്പെടാറുണ്ടോയെന്ന ചോദ്യത്തിന് കനി നൽകിയ ഉത്തരമിങ്ങനെ, ''അതെ, ഒരുപക്ഷേ എനിക്ക് തോന്നാം. കാരണം എനിക്ക് വളരെ അടുപ്പമുള്ള ആളുകൾ അതിലൂടെ കടന്നുപോയിട്ടുണ്ട്''.
''നീതി ലഭിക്കാൻ, നിങ്ങൾ വേദനയിലൂടെ കടന്നുപോകണം. അതിനാൽ സിസ്റ്റത്തിനുള്ളിൽ ഒരു അസംബന്ധവും വിരോധാഭാസവുമുണ്ട്. പക്ഷേ അങ്ങനെയാണ് നിങ്ങൾക്ക് നീതി ലഭിക്കുന്നത്. നിങ്ങൾക്ക് അത് മറക്കാൻ കഴിയില്ല. സിനിമയിൽ, ഒരു വരി കൂടിയുണ്ട്, 'അവർ നിങ്ങളെ ഇത് മറക്കാൻ അനുവദിക്കില്ല'', സമാനമായ കേസുകളിൽ ഇടപെടുന്ന സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങൾ ഓർമ്മിച്ചുകൊണ്ട് കനി പറഞ്ഞു. 'ഔസേപ്പിന്റെ ഒസ്യത്ത്' ആണ് മലയാളത്തിൽ കനിയുടെ അവസാനമിറങ്ങിയ ചിത്രം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Kani Kusruti discusses her role in `Assi`, a film tackling sexual assault and the fight for justice. Taapsee Pannu and Revathi also star. Directed by Anubhav Sinha.