'ആളുകൾ ഷാരൂഖ് ഖാനെ കൂടുതൽ ആഗ്രഹിച്ചു; അതാണ് സിനിമയുടെ പരാജയകാരണം': കമൽഹാസൻ

നടൻ കമൽഹാസൻ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട ചിത്രമായിരുന്നു 'ഹേ റാം'. അദ്ദേഹം തന്നെ സംവിധാനം, തിരക്കഥാരചന, നിർമാണം എന്നിവ നിർവഹിച്ച സിനിമയാണത്. കമലിനൊപ്പം ഷാരൂഖ് ഖാൻ, ഹേമ മാലിനി, റാണി മുഖർജി തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചു.
2000 ഫെബ്രുവരി 18-ന് തമിഴിലും ഹിന്ദിയിലുമായിട്ടാണ് റിലീസ് ചെയ്തത്. നല്ല നിരൂപകപ്രശംസ ലഭിച്ച ചിത്രം പക്ഷേ, ബോക്‌സോഫീസിൽ പരാജയപ്പെട്ടു. 11 കോടിക്ക് നിർമിച്ച സിനിമ, അത്ര തന്നെയേ തിരിച്ചുപിടിച്ചുള്ളൂ. സിനിമ 26 വർഷം പൂർത്തിയാക്കുമ്പോൾ, 'ഹേ റാമി'നെക്കുറിച്ച് സംസാരിക്കുകയാണ് കമൽഹാസൻ.
സിനിമയുടെ പ്രൊമോഷൻ ആക്ടിവിറ്റി തന്നെയാണ് സിനിമയ്‌ക്കെതിരെ പ്രവർത്തിച്ചതെന്നാണ് കമലിന്റെ അഭിപ്രായം. ഷാരൂഖ് ഖാനിൽനിന്ന് ആരാധകർ കൂടുതൽ പ്രതീക്ഷിച്ചിരുന്നുവെന്നും, എന്നാൽ അവരുടെ പ്രതീക്ഷകൾ നിറവേറ്റപ്പെടാതെ വന്നപ്പോൾ അവർ നിരാശരായെന്നും അദ്ദേഹം പറയുന്നു. മുംബൈയിലെ ഒരുവിഭാഗം പ്രേക്ഷകർ തെറ്റിദ്ധരിക്കപ്പെട്ടതായും കമൽ ചൂണ്ടിക്കാട്ടുന്നു. ''മുംബൈയിലെ പ്രൊമോഷൻ കണ്ടപ്പോൾ, ഷാരൂഖ് ഖാന്റെ കൂടുതൽ സീനുകൾ ചിത്രത്തിൽ ഉണ്ടെന്ന് അവർക്ക് തോന്നിയിട്ടുണ്ടാവാം. അദ്ദേഹം ഒരു പ്രധാനവേഷമാണ് സിനിമയിൽ ചെയ്യുന്നതെന്നും അവർ തെറ്റിദ്ധരിച്ചിട്ടുണ്ടാവാം''. ആളുകളുടെ ഈ പ്രതീക്ഷയും യാഥാർഥ്യവും തമ്മിലുള്ള പൊരുത്തക്കേട് പ്രേക്ഷകരെ നിരാശരാക്കിയെന്നാണ് കമലിന്റെ അഭിപ്രായം.
''ഞാൻ ആ സിനിമ ചെയ്യുമ്പോൾ തന്നെ പലരും എന്നോട് ചോദിച്ചിരുന്നു, 'നിങ്ങളെന്താണ് ചെയ്യുന്നതെന്ന്. ഇത്രയും ചെലവുകൾ എന്ത് കാര്യത്തിനാണ്'. ഞാൻ എനിക്ക് തന്നെ നൽകിയ വാഗ്ദാനമാണിതെന്ന് ഞാനവരോട് പറഞ്ഞു''.
ഹേ റാം തനിക്ക് വലിയ സാമ്പത്തികപ്രതിസന്ധിയുണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു. ആ ചിത്രത്തിലെ അഭിനയത്തിന് ഷാരൂഖ് ഖാൻ തന്നിൽ നിന്ന് ഒരു പ്രതിഫലവും വാങ്ങിയിട്ടില്ലെന്ന് കമൽഹാസൻ മുമ്പ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ''ആദ്യം തീരുമാനിച്ച ബജറ്റും കടന്നുപോയപ്പോൾ, ഷാരൂഖ് പ്രതിഫലം പോലും ചോദിച്ചില്ല''.
'തഗ് ലൈഫ്' എന്ന സിനിമയാണ് കമലിന്റെ അവസാനത്തെ റിലീസ്. ഇപ്പോൾ കെഎച്ച് 237 എന്ന സിനിമയിലാണ് അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kamal Haasan reveals why his critically acclaimed film `Hey Ram` failed at the box office, citing audience expectations from Shah Rukh Khan