ഷൂട്ടിങ്ങിന് 20 ദിവസംമുമ്പ് കമൽ ആ ചിത്രത്തിൽനിന്ന് പിൻമാറി; അസിൻ നായികയായ ആ സിനിമ വെളിച്ചംകണ്ടില്ല

അസിൻ, കമൽഹാസൻ | മാതൃഭൂമി ആർക്കൈവ്‌സ്, AFP
അസിൻ, കമൽഹാസൻ | മാതൃഭൂമി ആർക്കൈവ്‌സ്, AFP

നടൻ കമൽഹാസന്റെ കരിയറിൽ ഒട്ടേറെ സിനിമകൾ വെളിച്ചംകാണാതെ പോയിട്ടുണ്ട്. ബാലതാരമായി അദ്ദേഹം അഭിനയിച്ച 'മംഗല മങ്കൈ' മുതൽ തുടങ്ങുന്നു ലിസ്റ്റ്. സത്യൻ അന്തിക്കാടിനൊപ്പമുള്ള മലയാളചിത്രം, ദേവ് ആനന്ദിന്റെ കൂടെയുള്ള ബോളിവുഡ് സിനിമ തുടങ്ങിയവ അതിലുൾപ്പെടുന്നു. അതുപോലെ കമൽ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന ചിത്രമാണ് '19 Steps'. ഭരത് ബാല സംവിധാനം ചെയ്യുന്ന ആ ഇന്തോ-ജാപ്പനീസ് ചിത്രത്തിന്റെ രചന നിർവഹിച്ചത് എം.ടി.വാസുദേവൻ നായരായിരുന്നു. കളരിപ്പയറ്റ് വശത്താക്കാൻ ശ്രമിക്കുന്ന ഒരു സമുറായി പോരാളിയുടെ കഥയാണ് പറയാനിരുന്നത്. ജപ്പാനിലെ സമുറായി സംസ്‌കാരത്തെയും കേരളത്തിന്റെ ആയോധനകലയായ കളരിപ്പയറ്റിനെയും സംയോജിപ്പിക്കുക എന്നതായിരുന്നു സിനിമയുടെ ലക്ഷ്യം. നിർമാണം വാൾട്ട് ഡിസ്‌നിയും. എന്തുകൊണ്ടും വലിയൊരു പ്രൊജക്ട്.

ഒരു ഇന്ത്യൻ ആയോധനകലാഗുരുവിന്റെ വേഷമാണ് കമൽ ഹാസൻ ഇതിൽ കൈകാര്യം ചെയ്യേണ്ടിയിരുന്നത്. നായികയായി അസിനും. ജാപ്പനീസ് നടനായ താഡനോബൂ അസാനോയും ഇതിൽ പ്രധാനമായൊരു വേഷം അവതരിപ്പിക്കാനിരുന്നതാണ്. ചിത്രീകരണത്തിനു മുന്നോടിയായി അസിനും തഡനോബൂവും തങ്ങളുടെ കഥാപാത്രങ്ങൾക്കായുള്ള പരിശീലനവും തുടങ്ങി. അതിനൊപ്പം പ്രീ-പ്രൊഡക്ഷൻ ജോലികളും ആരംഭിച്ചു. ചിത്രീകരണത്തിന്റെ വലിയൊരു ഭാഗം കേരളത്തിലായിരുന്നു നടത്താൻ നിശ്ചയിച്ചിരുന്നത്.

എന്നാൽ, ചിത്രീകരണം തുടങ്ങുന്നതിന് ഇരുപത് ദിവസം മുമ്പ് കമൽഹാസൻ പദ്ധതിയിൽ നിന്ന് പിന്മാറി. മറ്റൊരു സിനിമയ്ക്കുവേണ്ടിയാണ് കമൽ പിൻമാറിയതെന്നും പറയപ്പെടുന്നു. എന്തായാലും പ്രധാനനടൻ പ്രൊജക്ടിൽനിന്ന് പുറത്തുകടന്നതോടെ, മൊത്തം താളംതെറ്റി. സിനിമ തന്നെ ഇല്ലാതായെന്നും പറയാം. എങ്കിലും ആദ്യമൊന്നും ഇത് വെളിപ്പെടുത്താൻ അണിയറപ്രവർത്തകർ തയ്യാറായിരുന്നില്ല. സംവിധായകനും പ്രധാനനടനും തമ്മിലുള്ള ചില ക്രിയേറ്റീവ് പ്രശ്‌നങ്ങൾ കാരണം ചിത്രീകരണം മാറ്റിവെച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. പിന്നീടാണ് സിനിമ നിന്നുപോയെന്ന് പുറത്തറിയുന്നത്.

കമലിന്റെയും അസിന്റെയും കരിയർ തന്നെ മാറ്റിമറിക്കാവുന്ന സിനിമയായിരുന്നുവത്. എങ്കിലും തുടങ്ങുംമുമ്പേ അവസാനിക്കാനായിരുന്നു അതിന്റെ വിധി.

2016-ൽ, വ്യത്യസ്തരായ അഭിനേതാക്കളെ ഉൾപ്പെടുത്തി ചിത്രം മുന്നോട്ട് കൊണ്ടുപോകാനുള്ള തങ്ങളുടെ ആഗ്രഹം ഭരത് ബാലയും നിർമ്മാതാവ് ഫിലിപ്പ് ലീയും പ്രകടിപ്പിക്കുകയുണ്ടായി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: 19 Steps was an ambitious Indo-Japanese project directed by Bharath Bala and written by M.T. Vasudevan Nair. The film was backed by Walt Disney, combining Japanese samurai culture with Kerala's Kalaripayattu. Asin and Tadanobu Asano were cast alongside Kamal Haasan, with pre-production and training underway. Kamal Haasan backed out of the movie just 20 days before filming was scheduled to begin