അഭിനയിക്കണമെന്നാണ് മക്കളുടെ ആഗ്രഹമെങ്കില്‍ മാര്‍ഗനിര്‍ദേശംനല്‍കാന്‍ ഞാനില്ലേ?-ജൂനിയര്‍ എന്‍.ടി.ആര്‍.

ജൂനിയര്‍ എന്‍.ടി.ആര്‍. | AP
ജൂനിയര്‍ എന്‍.ടി.ആര്‍. | AP

താനൊരു നടനായതിനാല്‍ മക്കളും നടന്മാരാകണമെന്ന് ഒരിക്കലും സമ്മര്‍ദ്ദം ചെലുത്തില്ലെന്നും അവര്‍ക്ക് സ്വന്തമായ തിരഞ്ഞെടുപ്പുകളുണ്ടാവണമെന്നാണ് ആഗ്രഹമെന്നും തെലുങ്ക് നടന്‍ ജൂനിയര്‍ എന്‍.ടി.ആര്‍. അസോസിയേറ്റഡ് പ്രസ്സിനു നല്‍കിയ അഭിമുഖത്തില്‍ കുട്ടികളെപ്പറ്റിയുള്ള സ്വപ്‌നങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. താന്‍ ഒരു നടനായതിനാല്‍ കുട്ടികള്‍ സ്വാഭാവികമായും ആ മേഖലയിലേക്ക് തന്നെയാണ് ചായ്‌വ്‌ കാണിക്കുന്നതെന്നും അദ്ദേഹം സമ്മതിച്ചു. 

കലയിലേക്ക് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ഇന്നത്തെ കുട്ടികള്‍ക്ക് ശരിക്കും അവരുടേതായ ഒരു മനസ്സ് ആവശ്യമാണെന്ന് തോന്നുന്നുവെന്നും നിനക്കിതാണ് അറിയുക, ഇത് ചെയ്യൂ, അത് ചെയ്യൂ എന്ന് പറഞ്ഞ് അവര്‍ക്കുമുമ്പില്‍ ഒരു തടസ്സമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 10 വയസ്സുള്ള അഭയ്, 6 വയസ്സുള്ള ഭാര്‍ഗവ് എന്നിവരാണ് ജൂനിയര്‍ എന്‍.ടി.ആറിന്റെ മക്കള്‍. 

ഒരു ഗര്‍ഭപാത്രത്തില്‍ നിന്ന് വന്നവരെങ്കിലും മക്കള്‍ രണ്ടുപേരും വിപരീത ധ്രുവക്കാരാണെന്നും അദ്ദേഹം പറഞ്ഞു. 'പൂര്‍ണമായും വ്യത്യസ്തസ്വഭാവക്കാര്‍. അതെങ്ങനെ സംഭവിച്ചുവെന്നറിയില്ല, എന്തുചെയ്യണമെന്ന് ഞാനവരോട് പറയില്ല, കാരണം എന്റെ അച്ഛനും അമ്മയും അതെന്നോട് പറഞ്ഞിരുന്നില്ല. അവരെന്നെ എക്‌പ്ലോര്‍ ചെയ്യാന്‍ വിട്ടു. ഞാനും അങ്ങനെ ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. 

എന്റെ പ്രൊഫഷനായ സിനിമയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍, അവര്‍ക്കിപ്പോള്‍ അതിനോട് തന്നെയാണ് അടുപ്പം. സിനിമ അവരെ ഒരിക്കലും വിട്ടുപോകില്ലെന്നാണ് ഞാന്‍ കരുതുന്നത്. നടനായ അച്ഛനെ കണ്ടുവളരുന്നതിനാല്‍ ഒരു ദിവസം നടനാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. നടനാകാനാണ് അവര്‍ ആഗ്രഹിക്കുന്നതെങ്കില്‍ എന്തുകൊണ്ട് ആയിക്കൂടാ? ആവശ്യമെങ്കില്‍ മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഞാനില്ലേ ഇവിടെ?'-അദ്ദേഹം പറഞ്ഞു.

നടനും രാഷ്ട്രീയക്കാരനുമായ എന്‍.ടി. രാമറാവുവിന്റെ കൊച്ചുമകനും നടനും രാഷ്ട്രീയക്കാരനുമായ നന്ദമുരി ഹരികൃഷ്ണയുടെ മകനുമാണ് ജൂനിയര്‍ എന്‍.ടി.ആര്‍. ജൂനിയര്‍ എന്‍.ടി.ആറിന്റെ ഏറ്റവും പുതിയ ചിത്രമായ ദേവര പാര്‍ട്ട്-1 തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രം ബോക്‌സോഫീസില്‍ വിജയമാണെങ്കിലും മോശം റിവ്യൂകളാണ് പുറത്തുവരുന്നത്. 


 

Content Highlights: Jr NTR doesn’t want to force his sons to become actors