'ഭാരതപ്പുഴയുടെ തീരത്ത് മണലില്‍ മലര്‍ന്നുകിടന്ന് ഭാവഗായകന്‍ പാടും, നിലാവും കൂട്ടിനുണ്ടാവും'

പി.ജയചന്ദ്രന്‍ / ഫോട്ടോ: സുനില്‍ മുദ്ര
പി.ജയചന്ദ്രന്‍ / ഫോട്ടോ: സുനില്‍ മുദ്ര

ജയചന്ദ്രന്‍ എന്ന ജയേട്ടനെക്കുറിച്ച് എഴുതാനും പറയാനും എന്നും എപ്പോഴും എനിക്ക് ആവേശമാണ്. കേരനിരകളാടുന്ന ഹരിതചാരുതീരത്തിന് മലയാളഭാഷയുടെ സൗരഭ്യം പേറുന്ന കാവ്യഭംഗി ചാലിച്ചുചേര്‍ത്ത നിലാചന്തമുള്ള ഭാവഗാനങ്ങള്‍ ആലപിച്ച് നമ്മെ വീണ്ടും വീണ്ടും ചെറുപ്പമാക്കുന്ന ജയചന്ദ്രികയില്‍ അലിയാന്‍... ആ നിലാപ്പാട്ടുകള്‍ വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന ആരാധകരില്‍ ഒരാളാണ് ഞാന്‍.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അദ്ദേഹം പാടിയ ഭാവഗാനങ്ങള്‍ വേദികളില്‍ അവതരിപ്പിക്കാനും 'ഉപാസന' എന്ന പേരില്‍ നൂറോളം എപ്പിസോഡുകളില്‍ ജയേട്ടനും അദ്ദേഹത്തിന്റെ ഗുരുനാഥന്‍മാര്‍ക്കും ഒപ്പം ഇരുന്ന് ഭാവഗാനങ്ങളുടെ പിറവിയെക്കുറിച്ച് അഭിമുഖം നടത്താനും ഭാഗ്യം സിദ്ധിച്ചത് വലിയൊരു അനുഗ്രഹമാണ്.

'നിലയ്ക്കാത്ത ചലനങ്ങള്‍' എന്ന സിനിമയ്ക്കുവേണ്ടി വയലാര്‍ രാമവര്‍മ എഴുതി ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട് ജയചന്ദ്രന്‍ പാടിയ 'ശ്രീനഗരത്തിലെ ചിത്രവനത്തിലെ, ശിശിരമനോഹര ചന്ദ്രികേ...' എന്ന പാട്ട് കേട്ടിട്ടാണ് ഞാന്‍ അക്ഷരങ്ങളില്‍ ഒളിപ്പിച്ച അറിവിന്റെ അദ്ഭുതങ്ങള്‍ തേടി വായനശാലയുടെ വാതില്‍ തുറന്ന് സാഹിത്യകൃതികള്‍ വായിക്കാന്‍ തുടങ്ങിയത്.

റേഡിയോവിലൂടെ മാത്രം പാട്ടുകള്‍ കേട്ടുവളര്‍ന്ന തലമുറയാണല്ലോ നമ്മുടേത്. കേള്‍വിയിലൂടെ നാം പലതും സങ്കല്പിച്ചുതുടങ്ങിയത് അക്കാലത്താണ്. ഭാവനയുടെ ഒരു ലോകം തുറന്നുകിട്ടിയത് അങ്ങനെയാണ്. നാംകണ്ട സിനിമകളുടെ രംഗങ്ങള്‍ സ്മൃതിപഥത്തില്‍നിന്ന് മാഞ്ഞുപോയപ്പോഴും പാട്ടുകള്‍ നമ്മോടൊപ്പം പോന്നു.

കാറ്റിന്റെ കൈയില്‍ പ്രസാദമായി കാണാത്ത പൂവിന്‍ സുഗന്ധം എന്ന് ഒരു ഗാനത്തില്‍ പറയുന്നതുപോലെ പാട്ടുകള്‍ നമ്മളെ പോയകാലത്തിന്റെ വസന്തതികളിലേക്ക് കൊണ്ടുപോകുന്നു. വാടാത്ത പൂമാലകള്‍പോലെ...,അനുരാഗഗാനം പോലെ...,പൂവും പ്രസാദവും പോലെ...ഓര്‍മകളുടെ താഴ്‌വരകളിലേക്കും നഷ്ടപ്പെട്ട പൂക്കാലത്തിലേക്കും കളിച്ചുവളര്‍ന്ന ബാല്യകൗമാരങ്ങളിലേക്കും പാട്ടുകളുടെ കടവുതോണിയേറി ഇന്നും നാം പിറകോട്ടുപോകുന്നു. തിരിച്ചുവന്ന് വീണ്ടും ആ കല്ലോലിനിയിലൂടെ യാത്രചെയ്യുന്നു.

തൊട്ടയല്‍പ്പക്കത്തിരുന്ന് പ്രിയങ്കരനായ ഒരു സുഹൃത്ത് പാടുന്നതുപോലെയാണ് പി. ജയചന്ദ്രന്റെ ഗാനങ്ങളെ ഞാന്‍ കേട്ടുതുടങ്ങിയത്. എന്റെ കാതുകളിലൂടെ ഹൃദയത്തിലേക്ക് നേരിട്ട് പെയ്തിറങ്ങുന്ന അനുഭൂതിയാണ് ജയേട്ടന്റെ ഓരോ പാട്ടുകളും. ഹൃദയത്തിന്റെ അറകളിലേക്ക് ശുദ്ധരക്തപ്രവാഹംപോലെ വികാരങ്ങളുടെ നിലാവായി ആ ഗാനങ്ങള്‍ പടര്‍ന്നിറങ്ങുന്നു. നിലാവും മഞ്ഞും മഴയും മറ്റ് ഋതുഭേദങ്ങളും മാറിമാറി ആ ആലാപനത്തിലൂടെ ഞാന്‍ അനുഭവിച്ചറിഞ്ഞു. 

പാട്ടുകാരനാവുന്നതിന് മുന്‍പ്, പാടിത്തുടങ്ങും മുന്‍പ് താളമാണ് ആ ഹൃദയത്തില്‍ ആദ്യം പതിഞ്ഞത്. ബാല്യത്തില്‍ മൃദംഗത്തില്‍ അമര്‍ത്തിക്കൊട്ടി താളത്തെ വഴക്കിയെടുത്ത കൈകള്‍. ചെണ്ടപ്പുറത്ത് കോലുകൊണ്ട് താളഗോപുരം സൃഷ്ടിച്ചയാള്‍. കൂടിയാട്ടവും കൂത്തും കഥകളിയും മേളവും പഞ്ചവാദ്യവും ആനകളും അഴകും ആസ്വദിച്ചുവളര്‍ന്ന പാലിയത്തെ ജയക്കുട്ടന്‍. 'ചന്ദന ഉരുളപോലെ ഒരുണ്ണി' എന്നാണ് ജയേട്ടന്റെ ആദ്യഗുരുവായ രാമനാഥന്‍ മാസ്റ്റര്‍ ഒരിക്കല്‍ പറഞ്ഞത്. ഇരിങ്ങാലക്കുടയുടെ കൂത്തമ്പലവും കഥകളിയരങ്ങും സാംസ്‌കാരിക മഹിമയും താളപ്പെരുമയും ജയേട്ടന്റെ കലാജീവിതത്തിന് വലിയ അടിത്തറയിട്ടു.

ഫോട്ടോ: കെ.ആര്‍.വിനയന്‍

ആദ്യത്തെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മൃദംഗത്തിലും ലളിതഗാനത്തിലും സമ്മാനം നേടിയപ്പോള്‍ തന്നെ ജയേട്ടന്‍ ചരിത്രത്തിന്റെ ഭാഗമായി മാറി. പിന്നീട് ദേവരാഗങ്ങളുടെ ശില്പിയായ ദേവരാജന്‍ മാസ്റ്ററുടെ ശിക്ഷണത്തില്‍ ഗായകനായ പി. ജയചന്ദ്രന്‍ പാട്ടിന്റെ കളിത്തോഴനായി. ദേവരാജന്‍ മാസ്റ്ററുടെ അനുഗ്രഹവും ഗുരുത്വവുമാണ് ജയേട്ടനെ ഭാവഗായകനാക്കിയത്. ഉച്ചാരണത്തിലും ഭാവത്തിലും ആലാപനത്തിലും മാസ്റ്റര്‍ നല്‍കിയ സംഗീതവഴിക ളുടെ മികവില്‍ മികച്ച ഭാവഗീതങ്ങള്‍ പിറന്നു. ദേവരാജന്‍ മാസ്റ്റര്‍ക്കൊപ്പം അവസാനശ്വാസംവരെ...അന്ത്യനിമിഷംവരെ...ഉത്തമശിഷ്യനായി ജയേട്ടനുണ്ടായിരുന്നു.

സമയം കിട്ടുമ്പോഴെല്ലാം ഇരിങ്ങാലക്കുടയില്‍പോയി കെ.വി. രാമനാഥന്‍ മാസ്റ്ററെ കാണാനും നമസ്‌കരിക്കാനും ജയേട്ടന്‍ മറന്നില്ല. ഗുരുത്വത്തോടെ അന്ത്യംവരെ മാസ്റ്റര്‍ക്കൊപ്പം നിന്നു. അദ്ദേഹത്തെക്കുറിച്ച് ഒരു ഗാനവും പാടി. മഹാനായ സംഗീതസംവിധായകന്‍ എം.എസ്. വിശ്വനാഥനും ഇന്നും തന്നോടൊപ്പം ജീവിക്കുന്നുണ്ടെന്ന് ജയേട്ടന്‍ വിശ്വസിക്കുന്നു.

ദേവരാജന്‍ മാസ്റ്ററെ തോളില്‍ എടുത്ത് നടക്കുകയാണെന്നും വലതുകൈയ്ക്ക് കരുത്തായി രാമനാഥന്‍മാസ്റ്ററും മറുകൈയ്ക്ക് ശക്തിയായി എം.എസ്. വിശ്വനാഥന്‍സാറും ഇന്നും തന്നെ കൊണ്ടുനടക്കുകയാണെന്നും എന്നോട് പറയുമ്പോള്‍ ജയേട്ടന്റെ ഗുരുത്വത്തിന്റെ മഹത്ത്വവും അനുഗ്രഹവും അനുഭൂതികള്‍ സൃഷ്ടിക്കുന്നു.

കേള്‍വിജ്ഞാനമാണ് തന്നെ ഗായകനാക്കിയതെന്ന് ജയേട്ടന്‍ എപ്പോഴും പറയും. ആരാധകരോടും പുതിയ ഗായകരോടും സംഗീതപ്രേമികളോടും പറയുന്ന ജയചന്ദ്രവാക്യമാണത്. പാട്ടുകള്‍ കേള്‍ക്കുക, വീണ്ടും വീണ്ടും കേള്‍ക്കുക, സ്വന്തം ശബ്ദത്തില്‍ പാടുക. മുഹമ്മദ്‌റഫിയുടെ ആരാധകന്‍ എന്നറിയപ്പെടാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് ജയേട്ടന്‍ എപ്പോഴും പറയും. റഫി സാഹിബിന്റെ പാട്ടുകള്‍ ജയേട്ടന്‍ പാടുന്നത് കേള്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഞാന്‍. ജയേട്ടന്റെ ആലാപനശൈലിയും ഉച്ചാരണശുദ്ധിയും നിറഞ്ഞ റഫിഗാനങ്ങളുടെ ഗാനാലാപനരാത്രികള്‍ ഇന്നും ഓര്‍മയില്‍ പെയ്തിറങ്ങുന്നു. ഓരോ ഗാനം കഴിയുമ്പോഴും കണ്ണീര്‍ തുടയ്ക്കുന്ന ജയേട്ടന്റെ മുഖവും ഉടന്‍ വരുന്ന ആനന്ദത്തിന്റെ പൊട്ടിച്ചിരിയും എന്റെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്.

ദാസേട്ടന്റെ അപൂര്‍വസുന്ദരഗാനങ്ങളും എത്രയോതവണ പാടിത്തന്നിരിക്കുന്നു. യേശുദാസെന്ന ജ്യേഷ്ഠനായ ഗായകന്റെ അപാരസുന്ദരനീലാകാശം (വിത്തുകള്‍), പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു (തോക്കുകള്‍ കഥപറയുന്നു), പൊന്നില്‍ കുളിച്ച രാത്രി (സിന്ദൂരച്ചെപ്പ്) എന്നീ നിത്യസുന്ദരഗാനങ്ങള്‍ കല്‍ക്കണ്ടംപൊടിച്ചിട്ട മുന്തിരിച്ചാറിന്റെ മാധുര്യത്തോടെ ജയേട്ടന്‍ പാടുന്നത് കാതില്‍ ഇപ്പോഴും കേള്‍ക്കാം. പി. സുശീലയുടെ കാദംബരീ പുഷ്പസദസ്സില്‍, കാറ്റില്‍ ഇളം കാറ്റില്‍, സമയമാം നദി പുറകോട്ടൊഴുകി... തുടങ്ങിയ തേനൂറും ഗാനങ്ങള്‍ ജയേട്ടന്റെ ശബ്ദത്തില്‍ കേള്‍ക്കാനായത് മഹാഭാഗ്യം. സുശീലാമ്മ പാടിയ തമിഴ് ഗാനങ്ങള്‍ പാടിത്തീരുമ്പോള്‍ കണ്ണടച്ച് ധ്യാനനിരതനായി കൈകൂപ്പുന്ന ജയേട്ടന്റെ ചിത്രം ഒന്ന് സങ്കല്പിച്ചുനോക്കൂ.

നിളാനദിയുടെ തീരം ജയേട്ടന് എന്നും പ്രിയപ്പെട്ട ഭൂപ്രദേശമാണ്. നിളയിലെ വെളുത്ത മണലും വെള്ളത്തില്‍ പെയ്യുന്ന നിലാവും ജയേട്ടന്റെ സൗന്ദര്യാനുഭൂതികളാണ്. മലയാളത്തിന്റെ സ്വന്തം കഥാകാരന്‍ എം.ടി. സാറിന്റെ ജന്മനാടായ കൂടല്ലൂരിന് സമീപത്തുള്ള ഗ്രാമമാണ് മണ്ണിയംപെരുമ്പലം. അവിടെ സുന്ദരന്‍ എന്നുപേരായ ഒരു സ്‌നേഹിതന്‍ ഉണ്ടായിരുന്നു. അയാള്‍ ഇന്ന് നമ്മോടൊപ്പമില്ല. സുന്ദരന്റെ വീടിന്റെ വടക്കുഭാഗത്തുകൂടിയാണ് ഭാരതപ്പുഴ ഒഴുകുന്നത്. മണ്ണിയം പെരുമ്പലം എന്ന ഗ്രാമത്തിലെ ആ ഭാരതപ്പുഴയിലേക്ക് ഞങ്ങള്‍ ഒന്നിച്ച് പോകാറുണ്ട്.

പി.ജയചന്ദ്രനൊപ്പം ജയരാജ് വാര്യര്‍ / ഫോട്ടോ: വി.കെ.അജി

മുത്തുവിളയും കുന്നിന്റെ ചെരുവില്‍, പേരശ്ശനൂര്‍ റെയില്‍വേ സ്റ്റേഷന്റെ സമീപത്താണ് നിവര്‍ന്നുകിടക്കുന്ന ഭാരതപ്പുഴ, പുഴയുടെ ഇരുകരകളിലും വെള്ളം ധാരാളമായി കാണാം. നടുവില്‍ മണല്‍പ്പരപ്പ്. ആ മണല്‍പ്പരപ്പില്‍ സന്ധ്യയോടെ ഞങ്ങള്‍ എത്തും. പടിഞ്ഞാറെ ചെരുവിലെ കുങ്കുമവര്‍ണവും സ്വര്‍ണം കലക്കിയൊഴിച്ചപോലുള്ള സാന്ധ്യശോഭയും കണ്ട് പാതിരാവരെ പാട്ടുംപാടി ഭാവഗായകനോടൊപ്പം ചെലവഴിച്ച വേനല്‍ക്കാലങ്ങള്‍. സന്ധ്യമയങ്ങിക്കഴിഞ്ഞ് ഇരുട്ട് പരക്കുന്നതിനുമുന്‍പുള്ള നാട്ടുവെളിച്ചം പരന്നുകിടക്കുന്ന പുഴമണലില്‍ കാല്‍മുട്ടുവരെ വെള്ളത്തില്‍ ഇരുന്നും മണലില്‍ കിടന്നും ഗാനസമൃദ്ധമായ രാത്രികള്‍. മണലില്‍ മലര്‍ന്നുകിടന്ന് ഭാവഗായകന്‍ പാടും. നല്ല നിലാവും കൂട്ടിനുണ്ടാവും.

സന്ധ്യമുതല്‍ പാതിരാത്രിവരെ പാട്ടിന്റെ കൂടെ പേരശ്ശനൂരിലൂടെ കടന്നുപോകുന്ന തീവണ്ടിയും പാടുന്നതായി തോന്നും. അനേകം ജീവിതങ്ങളെ വഹിച്ചുകൊണ്ട് കിതച്ചോടുന്ന തീവണ്ടിയും നിഴലുകള്‍ പോലെ മരങ്ങളും നോക്കി ഞങ്ങള്‍ ഇരിക്കും. പേരശ്ശനൂര്‍ കടവില്‍ ഇറങ്ങി യാത്രക്കാര്‍ തോണിയേറിപ്പോകുമ്പോള്‍ ഭാവഗാനം വീണ്ടും കേള്‍ക്കാം...'കരിമുകില്‍ കാട്ടിലെ... രജനിതന്‍ വീട്ടിലെ കനകാംബരങ്ങള്‍ വാടീ... കടത്തുവള്ളം യാത്രയായി... കരയില്‍ നീമാത്രമായി... വിസ്തൃതമായ തിരശ്ശീലയില്‍ 70 എം.എം കാന്‍വാസില്‍ കണ്ട ചലച്ചിത്രാനുഭവത്തെക്കാള്‍ മഹത്തരമായ ഓര്‍മകളാണ് ഇതെല്ലാം. ഭാവഗാനങ്ങള്‍പോലെ മധുരതരങ്ങളായ ഓര്‍മകള്‍...

Content Highlights: jayaraj warrier talks about legendary singer p jayachandran, on his birthday