20 വര്‍ഷത്തിനുശേഷം പഴയ പേരിലേക്ക് തിരിച്ചെത്തി ജയം രവി; ഇനിമുതല്‍ രവി മോഹന്‍

ജയം രവി / മാതൃഭൂമി ആര്‍ക്കൈവ്‌സ്‌
ജയം രവി / മാതൃഭൂമി ആര്‍ക്കൈവ്‌സ്‌

തമിഴിലെ പ്രശസ്തനായ എഡിറ്റര്‍ എ.മോഹന്റെ മകനാണ് രവി. ബാലതാരമായിട്ടാണ് രവി സിനിമയിലെത്തുന്നത്. അതിനുശേഷം സഹസംവിധായകനായും പ്രവര്‍ത്തിച്ചു. കമല്‍ഹാസന്‍ നായകനായ 'ആളവന്താനി'ലും രവി സഹസംവിധായകനായി. എന്നാല്‍, നായകനാവുന്നത് 2003-ല്‍ പുറത്തിറങ്ങിയ 'ജയം' എന്ന സിനിമയിലൂടെയാണ്. ആ സൂപ്പര്‍ഹിറ്റ് സിനിമയ്‌ക്കൊപ്പം തന്നെ, തമിഴ് സിനിമയില്‍ സ്വന്തമായൊരിടം കണ്ടെത്താനും അദ്ദേഹത്തിന് കഴിഞ്ഞു. അതിലെ കഥാപാത്രത്തിലൂടെയാണ് അദ്ദേഹം കോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്. അതിലൂടെയാണ് ജയം രവി എന്ന് പേരുമാറ്റുന്നതും. 

എന്നാലിപ്പോള്‍ പഴയ പേരിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

''എന്റെ സ്വകാര്യ-സിനിമാ സ്വപ്‌നങ്ങളുമായി അത്രയേറെ ചേര്‍ന്നുനില്‍ക്കുന്ന പേരാണ് ജയം രവി. എന്നാല്‍ ജീവിതത്തിലെ പുതിയൊരു അധ്യായം തുടങ്ങുകയാണ്. ഇനിമുതല്‍ ഞാന്‍ ജയം രവിയല്ല. എല്ലാവരും എന്റെ പഴയ പേരില്‍ തന്നെ എന്നെ വിളിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്''.

ഇനിമുതല്‍ രവി അല്ലെങ്കില്‍ രവി മോഹന്‍ എന്നറിയപ്പെടുമെന്നും ജയം രവി വ്യക്തമാക്കി. പുറകെ സാമൂഹ്യമാധ്യമങ്ങളിലും തന്റെ പേര് മാറ്റിയിട്ടുണ്ട്. രവി മോഹന്‍ സ്റ്റുഡിയോസ് എന്ന പേരില്‍ സ്വന്തമായി നിര്‍മാണക്കമ്പനി തുടങ്ങാനുള്ള പദ്ധതികളിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് റിലീസായ 'കാതലിക്ക നേരമില്ലൈ'യാണ് രവി നായകനായ പുതിയ സിനിമ.
 

Content Highlights: jayam ravi changes his name