അച്ഛന്റെ ആക്ഷൻചിത്രങ്ങളില്ല; ജേസൺ സഞ്ജയ്ക്ക് പ്രിയം ഈ സിനിമയാണ്, അതിന് കാരണവുമുണ്ട്

തന്റെ ആദ്യസിനിമയായ 'സിഗ്മ'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് ജേസൺ സഞ്ജയ്. സിനിമയിലെ ഒരു സിംഗിൾ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. എങ്കിലും സിനിമ റിലീസ് ചെയ്യുന്ന തീയതി തീരുമാനമായിട്ടില്ല. സിനിമയുടെ വെള്ളിവെളിച്ചത്തിൽനിന്നും പൊതുസമൂഹത്തിൽനിന്നും അകന്നുനിന്നിരുന്ന സഞ്ജയ്‌യുടെ പല അഭിമുഖങ്ങളും ഇപ്പോൾ പുറത്തുവരുന്നുമുണ്ട്.
അച്ഛന്റെ ആക്ഷൻസിനിമകളെല്ലാം ഇഷ്ടമാണെന്ന് സഞ്ജയ് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ, ഒരഭിമുഖത്തിൽ ഏറ്റവും ആകർഷിച്ച ആക്ഷൻ ചിത്രം ഏതാണെന്ന് സഞ്ജയ്‌യോട് ചോദിച്ചു. ആ ചോദ്യത്തിന് അച്ഛന്റെ ചിത്രങ്ങളൊന്നുമല്ല സഞ്ജയ് തിരഞ്ഞെടുത്തത്. പകരം യഷിന്റെ 'കെജിഎഫ്' എന്നാണ് അദ്ദേഹം ഉത്തരമായി പറഞ്ഞത്. അതിനുള്ള കാരണവും അദ്ദേഹം പങ്കുവെച്ചു.
''യഥാർത്ഥത്തിൽ, കെജിഎഫിന്റെ ആക്ഷൻ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. നമ്മൾ ഭാഗമല്ലാത്ത ഒരു ചരിത്രപശ്ചാത്തലത്തിൽ ഒരുക്കിയ സാങ്കൽപ്പിക ലോകമാണത്. അതൊരു ഗംഭീരമായ ആക്ഷൻ ചിത്രവുമാണ്,' അദ്ദേഹം പറഞ്ഞു. ''ഞാൻ കെജിഎഫിന്റെ വലിയൊരു ആരാധകനാണ്. ആ സിനിമയുടെ മൊത്തത്തിലുള്ള ശൈലി എനിക്ക് ഇഷ്ടപ്പെട്ടു. അവർ ആ ജോണറിലുള്ള സിനിമയുടെ രീതികളോട് പൂർണ്ണമായും നീതി പുലർത്തി. സംവിധായകൻ ആ ജോണറിനോടും കഥയോടും പൂർണ്ണമായും അർപ്പണബോധത്തോടെയാണ് പ്രവർത്തിച്ചതെന്ന് നിങ്ങൾക്ക് കാണാം''.
പ്രശാന്ത് നീൽ സംവിധാനം ചെയ്ത 'കെജിഎഫ്' എന്ന ചിത്രം ഇന്ത്യയിലെ ബോക്‌സോഫീസ് ഹിറ്റുകളിലൊന്നാണ്. 'കെജിഎഫ് 1' 2018-ലും 'കെജിഎഫ് 2' 2022-ലുമാണ് റിലീസായത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Jason Sanjay is currently promoting his debut film 'Sigma'. Despite being a fan of his father's action movies, he identifies KGF as his favorite.