മതവികാരം വ്രണപ്പെടുത്തിയെന്നാരോപണം; ജാട്ട് സിനിമ നിരോധിക്കണമെന്ന് ക്രൈസ്തവ കൂട്ടായ്മ

സണ്ണി ഡിയോളും രണ്‍ദീപ് ഹൂഡയും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ബോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'ജാട്ട്'. ഏപ്രില്‍ 10-ന് തിയേറ്ററിലെത്തിയ ചിത്രം ഇതിനകം 50 കോടിയിലേറെ നേടിക്കഴിഞ്ഞു. അതേസമയം, മതവികാരം വ്രണപ്പെടുത്തുന്നുവെന്ന വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് ചിത്രമിപ്പോള്‍. സിനിമയിലെ പള്ളിക്കുള്ളില്‍ നിന്നുള്ള ചില രംഗങ്ങളാണ് വിവാദമായത്.
രണ്‍ദീപ് ഹൂഡ പള്ളിയിലെ കുരിശടിക്ക് കീഴില്‍ നില്‍ക്കുന്നതും ചുറ്റുമുള്ള സഭാംഗങ്ങള്‍ പ്രാര്‍ഥിക്കുന്നതും, അസ്വസ്ഥമായ പശ്ചാത്തലവുമാണ് വിവാദമായ ഭാഗത്തുള്ളത്. പള്ളിക്കുള്ളിലെ അക്രമത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങളും ഈ ഭാഗങ്ങളിലുണ്ട്. ഇത് മതവികാരങ്ങളെ വ്രണപ്പെടുത്തുകയും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്‌തെന്നാരോപിച്ച് ക്രിസ്ത്യന്‍ സമൂഹം രംഗത്തെത്തി, ചിത്രം നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.
പള്ളിയുടെ പ്രസംഗപീഠത്തിന്റെ പവിത്രമായ ഇടം അശുദ്ധമാക്കിയെന്നും ആരോപണമുണ്ട്. പ്രതിഷേധക്കാര്‍ 'രണ്‍ദീപ് ഹൂഡ മുര്‍ദാബാദ്' എന്ന മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. ജാട്ട് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് പുറത്ത് പ്രതിഷേധിക്കാനായിരുന്നു പദ്ധതിയെങ്കിലും പോലീസ് ഇടപെടലിനെത്തുടര്‍ന്ന് അത് തടസ്സപ്പെട്ടു.
പകരം, സിനിമയുടെ പ്രദര്‍ശനം നിരോധിക്കണമെന്നും അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരേ നിയമനടപടിയെടുക്കണമെന്നും കാട്ടി പ്രതിനിധികള്‍ ജോയിന്റ് കമ്മീഷണര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു. 48 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധം നടത്തുമെന്നും മുന്നറിയിപ്പുണ്ട്.
സണ്ണി, രണ്‍ദീപ് എന്നിവരെ കൂടാതെ, റെജീന കസാന്‍ഡ്ര, സയാമി ഖേര്‍, രമ്യ കൃഷ്ണന്‍, വിനീത് കുമാര്‍ സിങ്, പ്രശാന്ത് ബജാജ്, സറീന വഹാബ്, പി രവിശങ്കര്‍, ബബ്ലൂ പൃഥ്വിരാദ് എന്നിവരും ജാട്ടില്‍ അഭിനയിക്കുന്നു. മൈത്രി മൂവി മേക്കേഴ്സും പീപ്പിള്‍ മീഡിയ ഫാക്ടറിയുമാണ് നിര്‍മാണം. നൂറുകോടി ബജറ്റിലാണ് ചിത്രമൊരുക്കിയത്. ചിത്രത്തിലെ ഒട്ടേറെ ഭാഗങ്ങള്‍ നേരത്തേ സെന്‍സറിങ്ങിന് വിധേയമായിട്ടുണ്ട്.
Content Highlights: jaat controversy film faces backlash over church scene christian groups seek ban