ടൈപ്പ് റൈറ്ററും ടൈപ്പിസ്റ്റും തമ്മിലുള്ള ബന്ധത്തിന്റെ കഥയുമായി ഐഫോൺ ഷോർട്ട് ഫിലിം;നായിക രജിഷ വിജയൻ

രജിഷ വിജയൻ, ഷോർട്ട് ഫിലിം പോസ്റ്റർ / Instagram
രജിഷ വിജയൻ, ഷോർട്ട് ഫിലിം പോസ്റ്റർ / Instagram

ഐഫോൺ 16 പ്രോ മാക്‌സിൽ ചിത്രീകരിച്ച നാലുഭാഷകളിലുള്ള ഷോർട്ട് ഫിലിമുകളുമായി നാലു സംവിധായകർ. മലയാളം, ഹിന്ദി, മറാത്തി, തമിഴ് ഭാഷകളിലുള്ള ഷോർട്ട് ഫിലിമുകൾ. അങ്ങനെ വിവിധഭാഷകളുടെ മനോഹരമായ സമ്മേളനവും കൂടിയായി മാറി, 'മാമി സെലക്ട്: ഫിലിംഡ് ഓൺ ഐഫോൺ 2025' (MAMI Select: Filmed on Iphone 2025).  പല സംസ്‌കാരങ്ങളും ആളുകളുടെ ഭാവങ്ങളും വികാരങ്ങളുമെല്ലാം ഒരു ഫോൺ മനോഹരമായി ഒപ്പിയെടുത്തപ്പോൾ, അതിനെല്ലാം നിലയ്ക്കാത്ത കൈയടികളും ലഭിച്ചു. 

മുംബൈ ജുഹുവിലുള്ള പി.വി.ആർ ലിഡോയിലാണ് ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. ഐ ഫോൺ 16 പ്രോ മാക്‌സിൽ ഷൂട്ട് ചെയ്ത്, മാക്ബുക്ക് പ്രോയിൽ എഡിറ്റ് ചെയ്ത ഷോർട്ട് ഫിലിമുകളായിരുന്നു എല്ലാം. അതു തന്നെയായിരുന്നു പ്രത്യേകതയും. രോഹിൻ രവീന്ദ്രൻ, ചാണക്യ വ്യാസ്, അമൃത ബാഗ്ചി, ശാലിനി വിജയകുമാർ എന്നിവരാണ് ഷോർട്ട് ഫിലിമുകൾ അണിയിച്ചൊരുക്കിയത്. 

ചിത്രീകരണത്തിനിടയിൽ സംവിധായകൻ രോഹിൻ രവീന്ദ്രൻ

ടൈപ്പ് റൈറ്ററും ടൈപ്പിസ്റ്റും തമ്മിലുള്ള മനോഹരമായ ബന്ധത്തിലൂടെയാണ്, മലയാളം ഷോർട്ട് ഫിലിമായ 'കോവർട്ടി' കടന്നുപോവുന്നത്. ഒരു ഗ്രാമത്തിലേക്ക് ആദ്യമായി Qwerty എന്ന ടൈപ്പ് റൈറ്റർ എത്തുകയാണ്. Qwerty ആ നാട്ടിൻപുറത്തെത്തിയപ്പോഴേക്കും, കോവർട്ടിയായി മാറുന്നു. ടൈപ്പിസ്റ്റായി ഡെയ്‌സി എന്ന പെൺകുട്ടിയും. ഡെയ്‌സിയുടെയും കോവർട്ടിയുടെയും മനോവ്യാപാരങ്ങളും വികാരങ്ങളുമെല്ലാം അതേപോലെ ഒപ്പിയെടുക്കാൻ രോഹിൻ രവീന്ദ്രന് കഴിഞ്ഞിരിക്കുന്നു. ആലപ്പുഴയിലെ കായലോളങ്ങളിലൂടെയാണ് കഥ തുടങ്ങുന്നത്. 

''ഐഫോണിന്റെ ചെറിയ ഫോം ഫാക്ടർ ഉപയോഗിച്ച്, ടൈപ്പ്‌റൈറ്ററിനുള്ളിൽ ക്യാമറ സ്ഥാപിച്ചാണ് അതിന്റെ വീക്ഷണങ്ങൾ പകർത്താൻ ശ്രമിച്ചത്. മറ്റ് ക്യാമറകളിൽനിന്ന് വ്യത്യസ്തമായി, ചെറിയ ക്യാമറയായതുകൊണ്ട് അത് എളുപ്പവുമായിരുന്നു'', സംവിധായകൻ രോഹിൻ പറയുന്നു. ടൈപ്പ് റൈറ്ററിനുള്ളിൽനിന്നുള്ള ദൃശ്യങ്ങൾ ഈ ഷോർട്ട് ഫിലിമിനെ വേറിട്ടുനിർത്തുന്നു. ഒപ്പം ടൈപ്പ് റൈറ്ററിൽനിന്ന് ഡെയ്‌സിയുടെ മുഖത്തേക്കുള്ള ഷോട്ടുകളും. തിരക്കഥാകൃത്തും സിനിമാറ്റോഗ്രഫറും കൂടിയാണ് രോഹിൻ. സേക്രഡ് ഗെയിംസ്, ബ്ലാക് വാറന്റ് തുടങ്ങിയ നെറ്റ്ഫ്‌ളിക്‌സ് സീരീസിൽ എപ്പിസോഡ് ഡയറക്ടർ കൂടിയായിരുന്നു അദ്ദേഹം.

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി

''ആകർഷകമായ കഥകൾ പറയാനാഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. ഐഫോണിൽ ഷൂട്ട് ചെയ്യാൻ കഴിയുന്നുവെന്നത് അവരുടെ പരിമിതികൾ മറികടക്കാനും മികച്ച റിസൾട്ട് കിട്ടാനും പ്രയോജനപ്രദമാണ്'', ലിജോ ജോസ് പെല്ലിശ്ശേരിയുടെ അഭിപ്രായമിങ്ങനെ. ''അങ്ങനെയൊരു കാലത്തിലേക്കാണ് പോവുന്നത്. ഫോം ഫാക്ടർ ചെറുതായതുകൊണ്ട്, ഇത്തിരിയുള്ള സ്ഥലത്തുപോലും വെച്ച് ഷൂട്ട് ചെയ്യാമെന്നതാണ് പ്രത്യകത''.  

'കോവർട്ടി'യിൽ രജിഷ വിജയനാണ് ഡെയ്‌സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. രജിഷയുടെ ആദ്യ ഷോർട്ട് ഫിലിം കൂടിയാണിത്. 

എന്താണ് മാമി സെലക്ട്?
മാമി മുംബൈ ഫിലിം ഫെസ്റ്റിവലിനു നേതൃത്വം നൽകുന്ന, മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജ് (മാമി) തന്നെയാണ് മാമി സെലക്ട് എന്ന ഈ ഐഫോൺ ഷോർട്ട് ഫിലിം ഫെസ്റ്റിവലിനു പിന്നിലുമുള്ളത്. ഇത് രണ്ടാമത്തെ സീസണാണ്. കഴിഞ്ഞവർഷം ഒരു ഭാഷയിലുള്ള ചിത്രം മാത്രമായിരുന്നുവെങ്കിൽ, ഇത്തവണ അത് നാലുഭാഷകളിലേക്ക് വ്യാപിപ്പിച്ചുവെന്നുമാത്രം. നാല് പുതുമുഖസംവിധായകർക്ക് തങ്ങളുടെ മനസ്സിലുള്ള സിനിമ നിർമിക്കാൻ അവസരം കൊടുക്കുകയാണ് 'മാമി സെലക്ട്' ചെയ്തത്. നിബന്ധന ഒന്നുമാത്രം, എല്ലാം ഐഫോണിൽ മാത്രം ചിത്രീകരിക്കണം. ഓരോ സംവിധായകർക്കും മാർഗനിർദേശം നൽകാൻ മെന്റർമാരുമുണ്ടായിരുന്നു. ഇത്തവണ മെന്റർമാരായത് സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരി, വെട്രിമാരൻ, നിർമാതാവും തിരക്കഥാകൃത്തും കൂടിയായ വിക്രമാദിത്യ വിക്രമാദിത്യ മൊട്‌വാനെ, അഭിനേത്രിയും തിരക്കഥാകൃത്തും കൂടിയായ കൊങ്കണ സെൻ ശർമ എന്നിവരാണ്.  

''ഒരുപാട് അപേക്ഷകൾ ലഭിച്ചിരുന്നു. മനോഹരമായ കഥകളും ആശയങ്ങളും കാണുന്നത് ഞങ്ങൾക്കും അതിശയകരമായിരുന്നു. പുതുമുഖസംവിധായകരെ പിന്തുണയ്ക്കുന്നതിനും അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും ഒരു വേദി നൽകുക എന്നതാണ് മാമിയുടെ ലക്ഷ്യം'', മാമി മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്ടർ ശിവേന്ദ്ര സിങ് ദുംഗാർപുർ പറയുന്നു.   

Content Highlights: iphone short film with rajisha vijayan as lead