'കല്യാണപ്രായമെത്തിയ രണ്ടുപേര്‍...എന്നാല്‍ നിങ്ങള്‍ക്ക് കല്യാണം കഴിച്ചുകൂടെ', പലരും അന്ന് കളിയാക്കി

അത്ര പഴക്കമില്ലാത്ത ഒരു ഫ്‌ളാഷ്ബാക്ക്. 'കണ്ണൂര്‍ സ്‌ക്വാഡ്' സിനിമ റിലീസായതിനുശേഷം 'ഗൃഹലക്ഷ്മി'ക്കായി അഭിമുഖം നല്‍കുകയാണ് ദീപക് പറമ്പോള്‍. കരിയറും ജീവിതവും വിഷയമായ അഭിമുഖത്തിന്റെ അവസാന ചോദ്യം ഇങ്ങനെയായിരുന്നു.
''ബാച്ചിലറാണല്ലേ...?''
മറുപടി ഉടനെത്തി...
''വിവാഹത്തെപ്പറ്റി പറയാനായിട്ടില്ല. ഇപ്പോള്‍ സിനിമാജീവിതം നന്നായി ആസ്വദിക്കുകയാണ്.''
അധികം കാത്തിരിക്കേണ്ടിവന്നില്ല. സോഷ്യല്‍ മീഡിയയില്‍ ഒരു വിവാഹക്ഷണക്കത്ത് ട്രെന്‍ഡായി. കത്തില്‍ വരന്റെ പേര് ദീപക്, വധു അപര്‍ണാ ദാസ്. സ്‌ക്രീനിന് പുറത്തെ പ്രണയം കഴിഞ്ഞ ഏപ്രില്‍ 24-ന് ഗുരുവായൂരമ്പലനടയില്‍ യാഥാര്‍ഥ്യമായി. വിവാഹശേഷം ഇരുവരും ആദ്യമായി ഒരു അഭിമുഖത്തിനായി ഇരുന്നു. അന്ന് പറയാതിരുന്ന പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ദീപക്കിന്റെ മറുപടി ഇങ്ങനെ. ''അന്ന് പുറത്ത് പറയാന്‍ പറ്റുമായിരുന്നില്ല. വിവാഹത്തോട് അടുപ്പിച്ച് എല്ലാവരെയും അറിയിക്കാമെന്ന് കരുതി. പക്ഷേ, അതിനുമുന്‍പേ ആരോ ക്ഷണക്കത്ത് പുറത്തുവിട്ടു.''
''അതെ, അതായിരുന്നു ഞങ്ങളുടെ തീരുമാനം. പക്ഷേ, പാളി'' അപര്‍ണയും കൂടെക്കൂടി. അതുവരെ തുറക്കാതിരുന്ന കഥകളുടെ പൂട്ട് അവര്‍ പൊട്ടിച്ചു. പ്രണയകഥകള്‍ ഓരോന്നായി പുറത്തേക്കൊഴുകി.
ആദ്യമായി കണ്ടുമുട്ടുന്നു...
അപര്‍ണ: വടക്കാഞ്ചേരിയിലെ ജ്യോതിസ് ഹോട്ടലില്‍വെച്ചാണ് ആദ്യമായി ദീപക്കേട്ടനെ കാണുന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിച്ച് കൈകഴുകി പുറത്തേക്കുവരുമ്പോള്‍ ദീപക്കേട്ടന്‍ കൈകഴുകാന്‍ അങ്ങോട്ട് പോകുന്നു. ജസ്റ്റ് ഒരു ഹായ്. അത്രേയുള്ളൂ. 'ഇവനാരാ. വലിയ ജാഡക്കാരന്‍... മര്യാദയ്ക്ക് ചിരിക്കുന്നുപോലുമില്ല' എന്നൊക്കെയായിരുന്നു എന്റെയുള്ളില്‍.
ദീപക്: ഇവളെ എനിക്ക് അത്ര പരിചയമൊന്നുമില്ലല്ലോ. സിനിമയില്‍ അഭിനയിക്കുന്ന കുട്ടി എന്ന നിലയിലാണ് ശ്രദ്ധിച്ചത്. 'മനോഹരം' സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന്റെ രണ്ടുദിവസം മുന്‍പായിരുന്നു ഈ സംഭവം. തിരക്കഥ കേള്‍ക്കാന്‍ എത്തിയതാണ് അവിടെ.
അപര്‍ണ: എന്റെ വീട് നെന്‍മാറയാണ്. കൊച്ചിയില്‍നിന്ന് നാട്ടിലേക്ക് പോകുമ്പോള്‍ എപ്പോഴും ആ ഹോട്ടല്‍ കാണും. അപ്പോള്‍ ഞാന്‍ ദീപക്കേട്ടനോട് പറയും, ''ദേ... നമ്മള്‍ ആദ്യമായി കണ്ടുമുട്ടിയ സ്ഥലം.''
പ്രണയം വിരിയുന്നു....
അപര്‍ണ: 'മനോഹര'ത്തിന്റെ ലൊക്കേഷനില്‍ എല്ലാവരും നല്ല സൗഹൃദത്തിലായിരുന്നു. ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ഞാനും ദീപക്കേട്ടനും തമ്മിലുള്ള അടുപ്പവും കൂടി. ഞങ്ങള്‍ സംസാരിക്കുന്നതു കാണുമ്പോള്‍ ലൊക്കേഷനില്‍ പലരും ഞങ്ങളെ കളിയാക്കും. ''കല്യാണപ്രായമെത്തിയ പെണ്‍കുട്ടിയും ആണ്‍കുട്ടിയും...എന്നാല്‍ നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കല്യാണം കഴിച്ചൂടെ,'' ആദ്യമൊക്കെ ഞങ്ങള്‍ അതിനെ എതിര്‍ത്തു. പിന്നീട് പ്രതികരിക്കാന്‍ തോന്നിയില്ല. ഷൂട്ടിങ്ങിന്റെ അവസാനമായപ്പോഴേക്കും ഏതാണ്ട് ആ അവസ്ഥയിലേക്ക് ഞങ്ങളും മാറി.
ദീപക്: ഷൂട്ടിങ് നടക്കുമ്പോള്‍ ഉള്ളില്‍ ചെറിയ ആഗ്രഹമുണ്ടായിരുന്നു. സിനിമ കഴിഞ്ഞ് കുറച്ച് ദിവസത്തിനുള്ളില്‍ ഞങ്ങള്‍ സംസാരിച്ചു.
അപര്‍ണ: ദീപക്കേട്ടന്‍ എന്നെ പ്രൊപ്പോസ് ചെയ്ത രീതി നല്ലതായിരുന്നു. ഒരിക്കല്‍ എന്റെയടുത്തുവന്ന് പറഞ്ഞു. ''എന്റെ ബാങ്ക് ബാലന്‍സ് ഇതാണ്. എനിക്ക് പെട്ടെന്ന് ദേഷ്യം വരും. സിനിമ ഇല്ലെങ്കില്‍ കഞ്ഞികുടിച്ച് ജീവിക്കേണ്ടിവരും. പക്ഷേ, ഞാന്‍ ഉള്ളിടത്തോളംകാലം നിന്നെ നന്നായി നോക്കും. എനിക്ക് നിന്നെ കല്യാണം കഴിക്കാന്‍ താത്പര്യമുണ്ട്.'' ആ ഡയലോഗ് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.
ദീപക്: അതൊക്കെ ഒരു ആവേശത്തില്‍ പറഞ്ഞതാ (ചിരിക്കുന്നു).
അപര്‍ണ: ദീപക്കേട്ടന് അന്നുതന്നെ മറുപടി നല്‍കി. കല്യാണം കഴിക്കാന്‍ പ്രശ്‌നമില്ലെന്നും പക്ഷേ, പ്രേമിച്ചു നടക്കാന്‍ വയ്യെന്നും പറഞ്ഞു. പക്ഷേ, അടുത്തദിവസം തന്നെ പ്രേമം തുടങ്ങി.
ദീപക്: അവള്‍ ഓക്കെ പറഞ്ഞതോടെ പകുതി സമാധാനമായി. നേരേ വീട്ടില്‍ പോയി ചോദിക്കാം എന്നായിരുന്നു ഉള്ളില്‍. ഞാന്‍ ചോദിക്കാന്‍ പോകുന്നതിനുമുന്‍പേ അവള്‍ വീട്ടില്‍ പറഞ്ഞിരുന്നു. ഒരിക്കല്‍ ഒറ്റയ്ക്ക് അവളുടെ വീട്ടില്‍ പോയി. കാര്യം പറഞ്ഞു. ഇവള്‍ നേരത്തേ പറഞ്ഞതുകൊണ്ട് വീട്ടുകാര്‍ക്ക് പ്രശ്‌നമൊന്നുമില്ലായിരുന്നു.
2020 ആയപ്പോഴേക്കും കോവിഡ് വന്നു. സിനിമാലോകം തകിടംമറിഞ്ഞു. വിവാഹം നീണ്ടു. എന്നിട്ടും പ്രണയം വളരെ രഹസ്യമായി സൂക്ഷിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു.
ദീപക്: ഞങ്ങളുടെ പ്രണയം വീട്ടുകാര്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും അറിയാമായിരുന്നു. 'മനോഹരം' ടീമിന് അതിനുമുന്‍പേ അറിയും. പിന്നെ പുറത്തറിയാതിരിക്കാന്‍ പരമാവധി ഞങ്ങളും ജാഗ്രത കാണിച്ചു.
അപര്‍ണ: ഒരുവര്‍ഷം മുന്‍പാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. അന്ന് തീയതിയൊന്നും നിശ്ചയിച്ചിരുന്നില്ല. ഒടുവില്‍ കഴിഞ്ഞ ഏപ്രില്‍ 24-ന് ഗുരുവായൂരില്‍വെച്ച് അത് സംഭവിച്ചു. വിവാഹദിവസം എനിക്ക് ചെറിയ ടെന്‍ഷനൊക്കെ ഉണ്ടായിരുന്നു. പക്ഷേ, എല്ലാവരും പറഞ്ഞു ദീപക്കേട്ടന്‍ ഭയങ്കര ഹാപ്പിയായിരുന്നുവെന്ന്.
ട്രെന്‍ഡായ ഡയലോഗ്...
ഈ നാറിയെ എനിക്ക് ചെറുപ്പംതൊട്ടേ അറിയാം. ഇവനേക്കാളും വലിയ വായിനോക്കി ഈ പഞ്ചായത്തില്‍ വേറെയുണ്ടാവില്ല. ഇവന്റെ വീട്ടില്‍ ഫോട്ടോഷോപ്പ് എന്നല്ല, വെളിച്ചെണ്ണ വാങ്ങാന്‍പോലും നീ വന്നു എന്ന് നാട്ടുകാര്‍ അറിഞ്ഞുകഴിഞ്ഞാല്‍ അതിനേക്കാളും വലിയ അപമാനം വേറെയുണ്ടാവില്ല. 'മനോഹരം' സിനിമയില്‍ വിനീത് ശ്രീനിവാസന്‍ ദീപക്കിനെക്കുറിച്ച് അപര്‍ണയോട് പറയുന്ന ഡയലോഗാണിത്. വിവാഹത്തിനൊപ്പം ഈ ഡയലോഗും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരുന്നു.
ദീപക്: ഈ ഡയലോഗ് കേള്‍ക്കുമ്പോള്‍ എന്നെപ്പറ്റി വിനീതേട്ടന്‍ സത്യസന്ധമായി പറഞ്ഞതാണെന്ന് തോന്നാറുണ്ട്. പക്ഷേ, ഇവള്‍ക്ക് ഇപ്പോഴും മനസ്സിലായില്ലെന്ന് തോന്നുന്നു (ചിരിക്കുന്നു).
അപര്‍ണ: ഇപ്പോള്‍ എനിക്കും അത്യാവശ്യം മനസ്സിലായി. പക്ഷേ, എവിടെവരെ പോകുമെന്നും അറിയാം. അതുകൊണ്ട് വലിയ കുഴപ്പമില്ല.
ദീപക്: എല്ലാം മനസ്സിലാക്കിയതുകൊണ്ടാണല്ലോ ഞങ്ങള്‍ ഒരുമിക്കാന്‍ തീരുമാനിച്ചത്. വിവാഹത്തിനുശേഷവും വലിയ മാറ്റമൊന്നുമില്ല. പിന്നെ വിവാഹം കഴിഞ്ഞാലും ഒരുപാടൊന്നും മാറില്ലെന്ന് രണ്ടുപേര്‍ക്കും ഉറപ്പായിരുന്നു.
അപര്‍ണ: ആ വിശ്വാസമാണ് ഞങ്ങളെ പോസിറ്റീവായി മുന്നോട്ട് കൊണ്ടുപോവുന്നത്.
ദീപക്: പോസിറ്റീവായിത്തന്നെയാണ് എനിക്കും തോന്നുന്നത്. നെഗറ്റീവൊന്നും പറയാനില്ല. നെഗറ്റീവ് പറയുന്നത് എനിക്കിഷ്ടമല്ല.
അപര്‍ണ: ഇതുതന്നെയാണ് ഈ മനുഷ്യനെക്കുറിച്ച് നെഗറ്റീവ് പറയാനുള്ളത്. ഒന്നും അങ്ങ് തുറന്നുപറയില്ല. പിന്നെ ദീപക്കേട്ടനെക്കുറിച്ച് പോസിറ്റീവ് പറയാനാണെങ്കില്‍... (ആലോചിക്കുന്നു).
ദീപക്: കണ്ടോ... കണ്ടോ...! എന്നെപ്പറ്റി ഒരു പോസിറ്റീവും പറയാനില്ല ഇവള്‍ക്ക്.
അപര്‍ണ: സത്യസന്ധനാണ് ദീപക്കേട്ടന്‍. ആരെയും പറ്റിക്കണമെന്ന് വിചാരിക്കുന്ന ആളല്ല. നമ്മളോടും അങ്ങനെതന്നെ ആയിരിക്കുമല്ലോ.
ദീപക്: പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ് ഞാന്‍. അതാണ് എന്നെക്കുറിച്ച് എനിക്ക് പറയാനുള്ള നെഗറ്റീവ്.
അപര്‍ണ: ആദ്യമാദ്യം എനിക്ക് ഭയങ്കര പ്രശ്‌നമായിരുന്നു. ഇപ്പോള്‍ പരിചിതമായി. കൈകാര്യം ചെയ്യാനും പഠിച്ചു. ഞാനും ദേഷ്യക്കാരിയായിരുന്നു മുന്‍പ്. ഇപ്പോള്‍ അങ്ങനെയല്ല.
ശേഷം സ്‌ക്രീനില്‍...
ദീപക്: കല്യാണത്തിനുമുന്‍പേ ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്തിരുന്നു. ബാലിയിലും മാലദ്വീപിലും പോയി. ഇവളുടെ കുടുംബം മസ്‌കറ്റിലാണ്. അവിടെയും പോയി. പക്ഷേ, ഒരുമിച്ചുള്ള ഒരു യാത്രയും പുറത്തറിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
അപര്‍ണ: ഒരിക്കല്‍ യാത്രയ്ക്കിടെ എടുത്ത സിംഗിള്‍ ഫോട്ടോകള്‍ ഞങ്ങള്‍ രണ്ടുപേരും അപ്ലോഡ് ചെയ്തു. ഞങ്ങള്‍ രണ്ടും ഒരു സ്ഥലത്താണെന്ന് മനസ്സിലാക്കി ആ ഫോട്ടോകള്‍ വച്ച് ഒരു യൂട്യൂബര്‍ വീഡിയോ ചെയ്തു. ഭാഗ്യത്തിന് വീഡിയോ ആരും ശ്രദ്ധിച്ചില്ല.
വിവാഹത്തിരക്കെല്ലാം മാറ്റിവെച്ച് സിനിമയിലെ തിരക്കിലേക്ക് ഇറങ്ങിക്കഴിഞ്ഞു ഇരുവരും. ദീപക്കിന് രണ്ട് ചിത്രങ്ങള്‍ പുറത്തിറങ്ങാനിരിക്കുന്നു. രണ്ടിലും ബേസില്‍ ജോസഫാണ് നായകന്‍. ഒരു തമിഴ് ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അപര്‍ണയ്ക്കും രണ്ട് ചിത്രങ്ങളുണ്ട്. 'ആനന്ദ് ശ്രീബാല', 'റിട്ടന്‍ ആന്‍ഡ് ഡയറക്ടഡ് ബൈ ഗോഡ്' എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. രണ്ടുപേരും ഒരുമിച്ച് സിനിമ പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ഒരേസ്വരത്തില്‍ മറുപടി കിട്ടി, ''വരട്ടെ അപ്പോള്‍ നോക്കാം''
Content Highlights: interview of actors deepak parambol and aparna das