അരിജിത് സിങ്ങിന്റെ തമാശ സൽമാന് ഇഷ്ടപ്പെട്ടില്ല; അതോടെ സല്ലുവിന്റെ സിനിമകളിൽനിന്ന് ഒഴിവാക്കി

സൽമാൻ ഖാൻ, അരിജിത് സിങ് / AFP
സൽമാൻ ഖാൻ, അരിജിത് സിങ് / AFP

ബോളിവുഡിലെ ഏറ്റവും തിരക്കുള്ള ഗായകരിലൊരാളാണ് അരിജിത് സിങ്. ലൈവ് പരിപാടികളിലും മറ്റും ആളുകൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗായകനും അരിജിത് തന്നെ. 

'മർഡർ' എന്ന സിനിമയിലെ 'ഫിർ മൊഹബ്ബത്ത്' എന്ന പാട്ടിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. എന്നാൽ കരിയർ ഗ്രാഫ് ഉയരുന്നത് 'ആഷിഖി 2'-വിലെ 'തും ഹി ഹോ' എന്ന പാട്ടിലൂടെയും. അതിൽ വേറെയും പാട്ടുകളുണ്ടായിരുന്നുവെങ്കിലും, ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഈ പാട്ട് തന്നെ. 'മേം രംഗ് ഷർബതോം കാ', 'ഹർ കിസി കോ', 'സുനോ നാ സംഗെമർമർ', 'മുസ്‌കുരാനെ', 'മൻവാ ലാഗേ', 'ബാതേം യേ കഭി നാ', 'ചന്നാ മേരേ യാ', 'ഏ ദിൽ ഹെ മുഷ്‌കിൽ'...ഇങ്ങനെ എത്രയെത്ര ഹിറ്റ് പാട്ടുകൾ. ഇന്ന് ഒരുപാട്ടിന് 20 ലക്ഷം വരെയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. റിപ്പോർട്ടുകൾ പ്രകാരം ലൈവ് പരിപാടികൾക്ക് അദ്ദേഹം വാങ്ങുന്നത് 5 കോടിയും. 

ഒട്ടേറെ പ്രശ്‌നങ്ങളിലൂടെ കടന്നുവന്നതാണ് അരിജിത്തിന്റെ കരിയർ. സൽമാൻ ഖാനുമായുള്ള വളരെ ചെറിയൊരു തമാശ, അദ്ദേഹത്തിന്റെ കരിയറിനെ വരെ വല്ലാതെ ബാധിച്ചു. 2014-ലെ ഐഫ അവാർഡ്‌സിനിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പരിപാടിയുടെ അവതാരകൻ സൽമാൻ ഖാനായിരുന്നു. അവാർഡ് വാങ്ങാനായി അരിജിത് എത്തിയത് ആകെ ക്ഷീണിതനായാണ്. വളരെ കാഷ്വലായിട്ടുള്ള വസ്ത്രധാരണവും. അരിജിത് വേദിയിലെത്തിയപ്പോൾ സൽമാൻ ചെറിയ കളിയാക്കലോടെ ചോദിച്ചു, 'ഉറക്കമായിരുന്നോ' എന്ന്. 'ഷോ വളരെ ബോറിങ് ആണ്. നിങ്ങളെല്ലാവരും കൂടി എന്നെ ഉറക്കി', അരിജിത് മറുപടി പറഞ്ഞു. അതവിടെ അവസാനിച്ചുവെന്ന് എല്ലാവരും കരുതി. പക്ഷേ ഈ മറുപടി സൽമാനെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചതെന്ന് പിന്നീടുണ്ടായ സംഭവങ്ങളിലൂടെ വ്യക്തമായി. തൊട്ടുപിന്നാലെ സൽമാനോട് അരിജിത് മാപ്പ് പറഞ്ഞു. പക്ഷേ അതുകൊണ്ടും വലിയ വ്യത്യാസങ്ങളൊന്നുമുണ്ടായില്ല.

'കിക്ക്' എന്ന സിനിമയ്ക്കായി അരിജിത് ആദ്യമേ ഒരു പാട്ട് പാടിയിരുന്നു. കുറച്ചുദിവസം കഴിഞ്ഞ് സംവിധായകൻ അരിജിത്തിനെ വിളിച്ചു, 'ഭായിക്ക് താത്പര്യമില്ല. അതുകൊണ്ട് ആ പാട്ട് ഒഴിവാക്കുകയാണെ'ന്നും പറഞ്ഞു. സൽമാൻ ചിത്രമായ
'ബജ്‌രംഗി ഭായ്ജാൻ' എന്ന സിനിമയ്ക്കായി അരിജിത്തിനെ സമീപിച്ചത് സംഗീതസംവിധായകൻ പ്രീതമാണ്. പക്ഷേ പാട്ട് റെക്കോഡ് ചെയ്യുന്നതിനുമുമ്പ് തന്നെ പ്രീതം അരിജിത്തിനെ വിളിച്ചു. എന്നിട്ട് പറഞ്ഞു, 'നിങ്ങൾ പാടിയാലും, ആ പാട്ട് ഭായ് നീക്കാൻ സാധ്യതയുണ്ട്'. അതോടെ ആ അവസരവും പോയി.

'സുൽത്താൻ' എന്ന സിനിമയ്ക്കുവേണ്ടിയും അതേസമയത്ത് തന്നെ അരിജിത് പാടിയിരുന്നു. അതിനുപിന്നാലെ അരിജിത് സൽമാന്റെ വീട്ടിലെത്തി. സൽമാനോട് ആ പാട്ടിന്റെ പേരിൽ നന്ദിയും പറഞ്ഞു. പ്രശ്‌നങ്ങളെല്ലാം അവസാനിച്ചുവെന്ന് തന്നെ കരുതി. തൊട്ടുപിറകെ സംഗീതസംവിധായകന്റെ കോളെത്തി, 'പാട്ട് സൽമാനിഷ്ടപ്പെട്ടു. അദ്ദേഹം നിങ്ങളോട് ക്ഷമിക്കുകയും ചെയ്തു. പക്ഷേ, ആ പാട്ട് സിനിമയിൽ ഉൾപ്പെടുത്തുമെന്ന് തോന്നുന്നില്ല' എന്നാണ് അദ്ദേഹം പറഞ്ഞത്. അതോടെ സല്ലു സിനിമകൾക്കായി സംഗീതസംവിധായകർ അരിജിത്തിനെ വിളിക്കാതായി. വിളിച്ചാലും ആ പാട്ട് സിനിമയിൽ ഉൾപ്പെടണമെന്ന് നിർബന്ധമില്ല എന്നതുതന്നെയായിരുന്നു കാരണം. 2016-ൽ സോഷ്യൽമീഡിയയിലൂടെ പരസ്യമായി തന്നെ അരിജിത് സൽമാനോട് ക്ഷമചോദിച്ചു. എന്നിട്ടും മഞ്ഞുരുകിയില്ല. 

ഒടുവിൽ ഒമ്പതുവർഷത്തിനുശേഷമാണ് പ്രശ്‌നങ്ങളെല്ലാം അവസാനിച്ചത്. 'ടൈഗർ 3' എന്ന സിനിമയുടെ ആദ്യഗാനം പുറത്തുവിട്ടുകൊണ്ട് സൽമാൻ സോഷ്യൽമീഡിയയിൽ ഇങ്ങനെ കുറിച്ചു, 'അരിജിത് എനിക്കായി ആദ്യമായി പാടുന്നു'. ആ സിനിമയിൽ രണ്ടുപാട്ടുകളാണ് അരിജിത് പാടിയത്. അങ്ങനെ ബോളിവുഡിലെ കുപ്രസിദ്ധമായ ഒരു പ്രശ്‌നവും അവസാനിച്ചു.  

    


 

Content Highlights: salman khan didnt like the joke by arijit singh and was banned from singing in his movies