അച്ഛന്റെ മൗനസമ്മതത്തോടെ കുമ്മായഭിത്തിയില്‍ ഞാന്‍ എഴുതി; വ-യ-ല-ര്‍

പുഷ്പാര്‍ച്ചന നടത്തുന്ന മകന്‍ വയലാര്‍ ശരത് ചന്ദ്രവര്‍മ
പുഷ്പാര്‍ച്ചന നടത്തുന്ന മകന്‍ വയലാര്‍ ശരത് ചന്ദ്രവര്‍മ

അച്ഛനെ കണ്ടറിഞ്ഞതിത്തിരി. വയലാറിനെ കേട്ടറിഞ്ഞതൊത്തിരി. അങ്ങനെ കേട്ടൊരു സംഭവം. എഴുത്തോലയിലെ അക്ഷരങ്ങള്‍ ഞാനുരുവിട്ട് നടക്കുന്ന കാലം. അയല്‍ക്കാരനായ പുരുഷോത്തമനാശാന്‍ മനഃപാഠമാക്കാനും എഴുതാനും എന്നെയേല്‍പ്പിച്ചിട്ടിരുന്നുറങ്ങും. അപ്പോഴൊക്കെ ഞാന്‍ അവിടെനിന്ന് രക്ഷപ്പെടും. അങ്ങനെ ഒരിക്കല്‍ അച്ഛന്‍ വീട്ടിലുള്ള ദിവസം ആശാന്റെ ചെറിയ കൂര്‍ക്കം കേട്ട് തുടങ്ങിയപ്പോഴെ ഞാന്‍ സ്ഥലം കാലിയാക്കി. സ്വീകരണമുറിയില്‍ ആരൊക്കെയോ സംസാരിക്കുന്നത് കേള്‍ക്കാം. ആശാനില്‍നിന്നുള്ള സ്വാതന്ത്ര്യം ആസ്വദിച്ചറിയാതെ അവരുടെ മുമ്പില്‍ പെട്ടു. ചെന്നപ്പോള്‍ തന്നെ അതിലൊരാള്‍ ചോദിച്ചു. എഴുതാന്‍ പഠിച്ചോ. ഞാന്‍ മൂളിക്കൊണ്ട് തലയാട്ടി. ''എന്നാല്‍ എഴുതി കാണിക്ക്''. കുമ്മായം പൂശിയ ഭിത്തിയുടെ അടുത്തേയ്ക്ക് നീങ്ങുംമുമ്പേ അച്ഛനെ നോക്കി. ചിരി ചൂടിയ സമ്മതം കിട്ടി.

വയലാര്‍ രാമവര്‍മ

അടുക്കളയിലേയ്ക്ക് കരിക്കഷണമെടുക്കാന്‍ പാഞ്ഞതിനിടെ ആശാന്റെ ഉറക്കം സ്ഥിരീകരിച്ചു. ദീര്‍ഘശ്വാസമെടുത്തു. കരിക്കട്ടയുമായെത്തിയപ്പോള്‍ ആദ്യമാവശ്യപ്പെട്ട അക്ഷരം ''വ'' ആയിരുന്നു. അന്തസ്സോടെ എഴുതി. പിന്നെ ''യ'' പറഞ്ഞപ്പോള്‍ ഒന്നാലോചിച്ചു. പഠിച്ചത് പോലെയല്ലല്ലോ. ''യ'' കഴിഞ്ഞല്ലേ ''വ'' എങ്കിലും അനുസരണയോടെ എഴുതി. പിന്നെ ദീര്‍ഘമിടാതെ ''ല'' എഴുതി. ഒടുവില്‍ ''ര്‍'' കൂട്ടി വായിക്കാന്‍ പറഞ്ഞപ്പോള്‍ നിര്‍ത്തി നിര്‍ത്തി വ- യ-ല-ര്‍ - എന്ന് ഉത്തരം കൊടുത്തു. മിടുക്കന്‍ എന്ന് പറഞ്ഞ് ആ കരിക്കട്ട വാങ്ങി ''ല'' യെ ചോദ്യകര്‍ത്താവ് ''ലാ'' എന്നാക്കി. വായിക്കാന്‍ പറഞ്ഞു. നോക്കിയുറപ്പുവരുത്തിയെങ്കിലും മിണ്ടിയില്ല. അച്ഛനെ പേരിട്ട് വിളിക്കാമോ!

അപ്പോള്‍ അദ്ദേഹം ആശാന്‍സ്ഥാനമേറ്റെടുത്ത് ഉറക്കെ വായിച്ചു. ''വയലാര്‍.'' ഞാന്‍ മനസ്സില്‍ പറഞ്ഞതുതന്നെ എന്നോര്‍ത്ത് സന്തോഷിച്ചുനില്‍ക്കെ വീണ്ടും ചോദ്യം. ''വയലാറെവിടെ.'' അച്ഛനോടുള്ള പേടികൊണ്ട് അടുത്തേയ്ക്ക് പോകാതെ ഒന്നൊളിച്ചുനോക്കിയിട്ട് എഴുതിയ വാക്കിനോട് ഞാന്‍ ചേര്‍ന്നുനിന്നു. അച്ഛനെക്കാള്‍ മോനിഷ്ടം അക്ഷരങ്ങളെയാണ്. അച്ഛന്‍ പറന്നുപോയത് അക്ഷരം കൊത്തിയെടുത്തുകൊണ്ടായിരുന്നില്ല എന്നതിന് അതേ അക്ഷരരംഗം സാക്ഷിയായി. ഈ സംഭവം വിവരിച്ച ചെറുവാരണം പുരുഷോത്തമന്‍ വയലാര്‍ കാവ്യഗാനങ്ങളുടെ കലവറയായിരുന്നു. കുറച്ചുനാള്‍ മുമ്പ് വയലാറിനെ തേടി പറന്നുപോയി. സ്വര്‍ണച്ചിറകടിച്ചാവെളിച്ചം ഇന്നും ചക്രവാളം ചുവപ്പിക്കുന്നതിനാല്‍ വയലാറിന്റെ അക്ഷരവയലിപ്പോഴും ആറിയിട്ടില്ലെന്നറിയുന്നു. 
 

Content Highlights: in memory of vayalar ramavarma