താമരാക്ഷൻ പിള്ളയും ഷാജി പാപ്പന്റെ ടെമ്പോ മറ്റഡോറും; ഒപ്പം ഗൾഫ് മോട്ടോർസും മാണിക്യത്തിന്റെ ബെൻസും

'തുടരും' സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രം ഉപയോഗിക്കുന്നത് കറുത്ത അംബാസിഡർ കാറാണ്. ഷൺമുഖന്റെ ഏറ്റവും പ്രിയപ്പെട്ട വണ്ടി. അടുത്ത സുഹൃത്തിനെപ്പോലെയാണ് അദ്ദേഹം അതിനെ കൊണ്ടുനടക്കുന്നത്.
KL 03 L 4455 ആണ് അതിന്റെ നമ്പർ. തന്റെ ആദ്യത്തെ കാറിന്റെ നമ്പർ 4455 ആയിരുന്നെന്നും അതിന്റെ ഓർമയിലാണ് ഈ കാറിന് അതേ നമ്പർ കൊടുത്തതെന്നും സംവിധായകൻ തരുൺ മൂർത്തി പറഞ്ഞിരുന്നു. ''എന്റേത് ഒരു മാരുതി കാറായിരുന്നു. ആ ഒരു നൊസ്റ്റുവിലാണ് അതേ നമ്പർ കൊടുത്തത്. പിന്നീടാണ് ലാലേട്ടന്റെ വണ്ടിയുടെ നമ്പറും അതാണെന്ന് അറിഞ്ഞത്''.
സിനിമയിൽ പ്രധാനകഥാപാത്രങ്ങൾക്കൊപ്പം തന്നെ പിടിച്ചുനിന്ന വണ്ടികൾ വേറെയുമുണ്ട്. ബസും, ലോറിയും, ബുള്ളറ്റുമെല്ലാം അതിലുൾപ്പെടുന്നു. 'ഈ പറക്കുംതളിക'യിൽ ഒരു പ്രധാനകഥാപാത്രം തന്നെയാണ് ബസ്. ഉണ്ണികൃഷ്ണന്റെ അച്ഛൻ വാഹനാപകടത്തിൽ മരിച്ചു. നഷ്ടപരിഹാരമായി ലഭിച്ചത് ഒരു തല്ലിപ്പൊളി ബസാണ്. അച്ഛന്റെ പേര് തന്നെ ബസിനുമിട്ടു, താമരാക്ഷൻപിള്ള. പെയിന്റൊക്കെ പോയി, ദ്രവിച്ച്, തുരുമ്പുപിടിച്ച ബസിന്റെ നമ്പർ പ്ലേറ്റിന്റെ കാര്യവും ആകെ ശോകം തന്നെ. ബസിനുള്ളിലെ ചിത്രീകരണത്തിനായി, പെർമിറ്റുള്ള ഒരു ബസ് വാങ്ങുകയായിരുന്നു. എന്നിട്ട് ഷൂട്ടിങ്ങിന്റെ ആവശ്യത്തിനായുള്ള മാറ്റങ്ങളൊക്കെ വരുത്തുകയും ചെയ്തു.
'നീലാകാശം പച്ചക്കടൽ ചുവന്നഭൂമി' ഒരു റോഡ് അഡ്വൻജർ സിനിമയാണ്. ദുൽഖർ സൽമാന്റെ കഥാപാത്രമായ കാസിം പ്രണയിക്കുന്നത് നാഗാലാന്റിൽ നിന്നുള്ള ഒരു പെൺകുട്ടിയെയാണ്. ഒരു ഘട്ടത്തിൽ നാട്ടിലേക്ക് തിരിച്ചുപോവുന്ന പ്രണയിനിയെ കണ്ടെത്താനായി കേരളത്തിൽനിന്ന് നാഗാലാന്റിലേക്ക് പോവുകയാണ് കാസിമും സുഹൃത്തും. കിടിലൻ റോയൽ എൻഫീൽഡ് ബുള്ളറ്റിലാണ് ആ യാത്ര.
'സ്ഫടിക'ത്തിൽ ആടുതോമയ്‌ക്കൊപ്പം തന്നെ കട്ടയ്ക്കുപിടിച്ച് നിൽക്കുന്നൊരു വണ്ടിയുമുണ്ട്, തോമയുടെ ലോറി. സിനിമയിൽ ലോറിക്കുപോലും കുറേ സവിശേഷതകളുണ്ട്. ആദ്യം അതിന്റെ പേര് 'മേരിദാസൻ' എന്നാണ്. അവിടുന്ന് 'ചെകുത്താനി'ലേക്കും 'സ്ഫടിക'ത്തിലേക്കുമുള്ള യാത്ര തന്നെയാണ് സിനിമയുടെ കഥയും. ഇതിനായി ഒരു സെക്കന്റ് ഹാന്റ് ലോറി തൃശ്ശൂരിൽനിന്ന് വാങ്ങുകയായിരുന്നുവെന്ന് സംവിധായകൻ ഭദ്രൻ പിന്നീട് പറഞ്ഞിട്ടുണ്ട്.
'വെള്ളാനകളുടെ നാട്ടി'ലെ റോഡ് റോളർ സീൻ എത്ര കണ്ടാലും മടുക്കാത്തൊന്നാണ്. അനങ്ങാതിരിക്കുന്ന, ഒടുവിൽ ആനയെക്കൊണ്ട് വലിപ്പിച്ചപ്പോൾ കൈയും കണക്കുമില്ലാതെ ഉരുണ്ടുനീങ്ങുന്ന റോഡ് റോളർ. ഒടുവിൽ സർക്കാരോഫീസിന്റെ മതിലും ഇടിച്ചുതകർത്ത നില്പിനുമുണ്ട് ഒരു രസം.
ഗൾഫിൽനിന്ന് തിരിച്ചുവരുന്ന മുരളി, മുന്നോട്ടുള്ള ജീവിതം സുഗമമാക്കാനായി ഒരു സെക്കന്റ് ഹാന്റ് ബസ് വാങ്ങുന്നു. ആ തീരുമാനം എങ്ങനെയൊക്കെ മുരളിയെ ബാധിക്കുന്നു എന്നതാണ് 'വരവേൽപി'ന്റെ
കഥ. ഗൾഫിൽനിന്നുള്ള പണംകൊണ്ടു വാങ്ങിയ ബസ് ആയതിനാൽ, അതിന് ഗൾഫ് മോട്ടോർസ് എന്നാണ് മുരളി പേരിടുന്നത്. അശോക് ലെയ്‌ലാൻഡിന്റെ ബസാണ്, ഗൾഫ് മോട്ടോർസ് ആയിമാറുന്നത്.
പോലീസുകാരനാവാൻ ആഗ്രഹിച്ച് ഒടുവിൽ പ്രൈവറ്റ് ഡിറ്റക്ടീവ് ആയി മാറിയ സി.ഐ.ഡി.മൂസ. മൂസയ്‌ക്കൊരു കിടിലൻ വണ്ടിയുണ്ട്. ചുവന്നനിറത്തിലുള്ള വിന്റേജ് കാറാണിത്, ഡോഡ്ജ് കിങ്‌സ്‌വേ. ഗോലിയും പുകയും മുളകുപൊടിയും ഓയിലുമൊക്കെ പുറത്തേക്ക്, വില്ലൻമാരുടെ ദേഹത്തേക്ക് പറന്നുവീഴുന്നതും ഈ കാറിന്റെ പിന്നിൽനിന്ന് തന്നെ. സിനിമയുടെ വിജയത്തിനുശേഷം ഈ വണ്ടി, ദിലീപ് വാങ്ങുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
'ലൂസിഫറി'ൽ സ്റ്റീഫൻ നെടുമ്പള്ളി ഉപയോഗിക്കുന്നത് ഒരു കറുത്ത അംബാസിഡർ ലാൻഡ്മാസ്റ്ററാണ്. KLT 666 ആണതിന്റെ നമ്പർ. അതിൽ തന്നെ ഒരു ബുള്ളറ്റും വില്ലീസ് ജീപ്പുമുണ്ട്. ബുള്ളറ്റിന്റെ നമ്പർ: KL 06 666. 'നെടുമ്പള്ളി' എന്നു പേരിട്ട ജീപ്പിന്റെ നമ്പർ KLQ 666. ചെകുത്താന്റെ നമ്പർ എന്നാണ് 666 വിശേഷിപ്പിക്കപ്പെടുന്നത്. നടൻ നന്ദുവിന്റെ അംബാസിഡറാണ്, സ്റ്റീഫന്റെ വാഹനമായി സിനിമയിലെത്തിയത്. KLD 1435 എന്നായിരുന്നു ശരിക്കുമുള്ള നമ്പർ. സിനിമയ്ക്കായി മാറ്റുകയായിരുന്നു.
'അനിയത്തിപ്രാവി'ൽ സുധിയുടെ യാത്ര മുഴുവൻ ഒരു ചുവന്ന ഹീറോ ഹോണ്ട സ്‌പ്ലെൻഡർ ബൈക്കിലാണ്. 'ഒരു രാജമല്ലി വിടരുന്നപോലെ' എന്ന പാട്ട് മുഴുവനായി ചിത്രീകരിച്ചിരിക്കുന്നത് ആ ബൈക്കിലാണ്. ഈ ചുവപ്പ് ബൈക്ക് അന്നത്തെ യുവാക്കളുടെ ഹൃദയങ്ങളിലേക്കാണ് ഓടിക്കയറിയത്. സിനിമ 25 വർഷം പൂർത്തിയാക്കുന്ന സമയത്ത് ചാക്കോച്ചൻ ഈ ബൈക്ക് സ്വന്തമാക്കുകയും ചെയ്തു. നീണ്ട കാലത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് ചാക്കോച്ചൻ ആ വണ്ടി കണ്ടെത്തിയത്. ''25 വർഷങ്ങൾക്കിപ്പുറം ആ സ്‌പ്ലെൻഡർ ബൈക്ക് സുധിയുടെ കൈയിലേക്ക്...എന്റെ കൈയിലേക്ക് വന്നിരിക്കുകയാണ്''.
പല സിനിമകളിൽ ഒരു പ്രധാനകഥാപാത്രമായെത്തിയതാണ് ബജാജിന്റെ ടെമ്പോ മറ്റഡോർ. 'മിഥുനം' മുതലുള്ള പടങ്ങളിലെല്ലാം സ്ഥിരം സാന്നിധ്യമാണിത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനുള്ള വക മിക്കവാറും എല്ലാ സിനിമകളിലും ഒരുക്കുന്നുമുണ്ട് ഈ ടെമ്പോ. 'മിഥുന'ത്തിൽ ദാക്ഷായണി ബിസ്‌കറ്റ്‌സിന്റെ ഔദ്യോഗികവാഹനമായി ഉപയോഗിക്കുന്നത് ഒരു വെള്ള ടെമ്പോ മറ്റഡോറാണ്. അതിലാണ് കുടുംബത്തെ മുഴുവൻ കൂട്ടി സേതുമാധവൻ ഊട്ടിക്ക് പോകുന്നതും. ക്ലൈമാക്‌സിൽ ഉർവശിക്കൊപ്പം മധുവിധു ആഘോഷിക്കാനായി യാത്രയാവുന്നതും ഇതിൽ തന്നെ.
'ആട് ഒരു ഭീകരജീവിയാണ്' എന്ന സിനിമയിൽ ഷാജി പാപ്പന്റെ വണ്ടിയും ഇതുതന്നെ. അതിലാണ് പാപ്പനും പിള്ളേരും വടംവലി മത്സരത്തിനും മറ്റും പോകുന്നതും. നീലയും മഞ്ഞയും നിറങ്ങളിലുള്ള ആ ടെമ്പോ മറ്റഡോർ. 'കൂടെ' എന്ന സിനിമയിൽ ജോഷ്വയും ജെന്നിഫറും സോഫിയും സഞ്ചരിക്കുന്നത് മുഴുവൻ മറ്റൊരു ടെമ്പോ മറ്റഡോറിലാണ്. 'ഉസ്താദ് ഹോട്ടലി'ലുമുണ്ട് ഇതേ മോഡൽ വണ്ടി. അതിലാണ് പല സ്ഥലങ്ങളിലേക്കും ബിരിയാണി കൊണ്ടുപോകുന്നതും സാധനങ്ങൾ വാങ്ങാൻ പോകുന്നതുമെല്ലാം.
'രാജമാണിക്യ'ത്തിൽ ബെല്ലാരിയിൽനിന്നുള്ള പോത്തുകച്ചവടക്കാരനായിട്ടാണ് മാണിക്യം എത്തുന്നത്. ബെൻസ് കാറുകളോട് വളരെ പ്രിയമുള്ള ഒരാൾ. അങ്ങനെയുള്ളൊരാളുടെ പ്രിയപ്പെട്ട വാഹനവും ബെൻസ് ആവണമല്ലോ. അങ്ങനെയാണ് മാണിക്യത്തിന്റെ കാർ ഒരു 'ചെമല' മെഴ്‌സിഡസ് ബെൻസ് ആവുന്നത്.
മുൻ കണ്ണൂർ എസ്.പി എസ്.ശ്രീജിത്ത് രൂപീകരിച്ച സ്‌പെഷൽ സ്‌ക്വാഡിലെ പോലീസുകാരുടെ കഥ പറയുന്ന സിനിമയാണ് 'കണ്ണൂർ സ്‌ക്വാഡ്'. അതിൽ കാസർകോടുണ്ടായ ഒരു കൊലപാതകത്തിലെ പ്രതികളെ അന്വേഷിച്ച് എ.എസ്.ഐ ജോർജ് മാർട്ടിനും സി.പി.ഒ.മാർ അടങ്ങുന്ന സംഘവും മറ്റ് സംസ്ഥാനങ്ങളിലേക്ക് കടക്കുന്നു. ഒടുവിലെത്തുന്നത് ഇന്ത്യ-നേപ്പാൾ അതിർത്തിക്കടുത്തുള്ള ഒരു ഗ്രാമത്തിലാണ്. അതുവരെയുള്ള യാത്ര മുഴുവൻ ഒരു ടാറ്റാ സുമോയിലാണ്. 'നമ്മുടെ ഈ വണ്ടിയും പോലീസാണ്' എന്ന് ജോർജ് മാർട്ടിൻ ഇടയ്ക്ക് പറയുന്നുമുണ്ട്. കണ്ണൂർ സ്‌ക്വാഡിലെ അഞ്ചാമത്തെ അംഗം എന്നാണ് ആ സുമോ വിശേഷിപ്പിക്കപ്പെടുന്നത്.
വേറെയുമുണ്ട് കഥാപാത്രത്തിന്റെ വേഷമണിഞ്ഞ വാഹനങ്ങൾ. 'ദേവാസുര'ത്തിലെ മഹീന്ദ്ര ജീപ്പ്, 'ഓർഡിനറി'യിലെ കെ.എസ്.ആർ.ടി.സി ബസ്, 'ഏയ് ഓട്ടോ'യിലെ ഓട്ടോറിക്ഷ, 'നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളി'ലെ ടാങ്കർ ലോറി, 'ടർബോ'യിലെ ജീപ്പ്...ഇനിയുമുണ്ട് അടിച്ചുപൊളിച്ച് അഭിനയിച്ചുപോയ വണ്ടികളുടെ നിര.
Content Highlights: iconic vehicles in malayalam movies