ഇന്ത്യയിലെ ഏറ്റവും വലിയ പരാജയം, സിനിമ നിർമിച്ചത് 200 കോടി രൂപയിൽ, നേടിയത് ബജറ്റിന്റെ പത്തുശതമാനം മാത്രം

​ഗണപത്
​ഗണപത്

റെക്കോർഡ് നേട്ടങ്ങളുണ്ടാക്കുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിറഞ്ഞാടുമ്പോൾ തന്നെ, ഹൃദയഭേദകമായ പരാജയങ്ങൾക്കും ഇന്ത്യൻ സിനിമാരംഗം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചില ചിത്രങ്ങൾ നിർമാതാക്കളെ പാപ്പരാക്കുകപോലും ചെയ്യാറുണ്ട്. നഷ്ടക്കണക്ക്‌ നോക്കിയാൽ ഇന്ത്യൻ സിനിമയിൽ പേരെടുത്തൊരു ചിത്രമുണ്ട്. ഡിസ്റ്റോപ്പിയൻ ആക്ഷൻ ഡ്രാമ എന്ന വിഭാഗത്തെ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാമെന്ന പ്രതീക്ഷയോടെയെത്തിയ 'ഗണപത്' എന്ന ബോളിവുഡ് ചിത്രമാണത്. 

ടൈഗർ ഷ്രോഫ്, കൃതി സനോൻ, അമിതാഭ് ബച്ചൻ എന്നിവർ അഭിനയിച്ച ഒരു സയൻസ് ഫിക്ഷൻ ത്രില്ലറായിരുന്നു ഇത്. ക്വീൻ, സൂപ്പർ 30 തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വികാസ് ബാൽ ആയിരുന്നു സംവിധാനം. നിർമ്മാതാക്കൾ പ്രോജക്റ്റിനായി 200 കോടി രൂപ ചെലവഴിച്ചു. 2023-ൽ സിനിമയിറങ്ങി. എന്നാൽ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തുക മാത്രമല്ല, ബോക്സ് ഓഫീസിൽ വലിയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. പ്രേക്ഷകർ കഥയെ വിമർശിച്ചു. ബജറ്റിന്റെ പത്തുശതമാനം പോലും വീണ്ടെടുക്കാനായില്ല. അക്കൊല്ലത്തെ ഏറ്റവും വലിയ പരാജയമായും, ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പരാജയമായും ചിത്രം മാറി. ഇതോടെ നിർമ്മാതാക്കൾ പാപ്പരത്വത്തിന്റെ വക്കിലുമായി.

ഗണപതിന്റെ പരാജയത്തെക്കുറിച്ച് സംസാരിക്കവേ, സംവിധായകന്റെ തുറന്നുപറച്ചിലുകളും ആളുകളെ ഞെട്ടിച്ചു. ഗണപത് തന്റെ സ്വപ്ന പദ്ധതിയായിരുന്നുവെന്നും എന്നാൽ ചിത്രീകരണത്തിനിടയിൽ താൻ എന്താണ് ഉണ്ടാക്കുന്നതെന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലായെന്നും അദ്ദേഹം വെളിപ്പെടുത്തി. സൃഷ്ടിക്കാനാഗ്രഹിച്ച കഥ ക്രമേണ മറ്റൊരു ദിശയിലേക്ക് നീങ്ങി, അതോടെ സിനിമ ചെയ്യാനുള്ള ആത്മവിശ്വാസം നഷ്ടപ്പെടുകയായിരുന്നു. ബോക്‌സ് ഓഫീസ് പരാജയത്തിന് ശേഷം, താൻ എന്തിനാണ് ഈ സിനിമ എടുത്തതെന്ന് പോലും ചിന്തിച്ചുപോയെന്ന് ബാൽ പറഞ്ഞു.

20 കോടി രൂപ പോലും ചിത്രത്തിന് നേടാനായില്ലെന്നതാണ് യാഥാർഥ്യം. നിർമ്മാതാക്കളായ ജാക്കി ഭഗ്നാനിക്കും വാശു ഭഗ്നാനിക്കും ഗണപത് വലിയ നഷ്ടമുണ്ടാക്കി. ഒരു വർഷത്തിനുശേഷം അവർ മറ്റൊരു ചിത്രം ചെയ്തെങ്കിലും അതും പരാജയപ്പെട്ടു. ഇതോടെ, നിർമ്മാണ കമ്പനി പാപ്പരത്വത്തെ അഭിമുഖീകരിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi