ഭര്‍ത്താവ് സംവിധാനം ചെയ്ത സിനിമയില്‍ നായിക ഭാര്യ;കാനില്‍ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യചിത്രം

സിനിമയുടെ പോസ്റ്റര്‍, ചേതനും ഉമയും
സിനിമയുടെ പോസ്റ്റര്‍, ചേതനും ഉമയും

ചേതന്‍ ആനന്ദ് സംവിധാനം ചെയ്ത 'നീച്ചാ നഗര്‍' (1946) ഒരുപാട് പ്രത്യേകതകളുള്ള സിനിമയാണ്. പ്രഥമ കാന്‍ ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യന്‍ചിത്രം, ഇന്ത്യയില്‍ ഇതുവരെ റിലീസ് ചെയ്യാത്ത സിനിമ, പണ്ഡിറ്റ് രവിശങ്കര്‍ സംഗീതസംവിധാനം നിര്‍വഹിച്ച ആദ്യസിനിമ...ഇങ്ങനെ നീളുന്നു. 

സിനിമയില്‍ നായികയായത് ചേതന്റെ ഭാര്യയായ ഉമാ ആനന്ദാണ്. മാക്‌സിം ഗോര്‍ക്കിയുടെ 'ലോവര്‍ ഡെപ്ത്ത്‌സ്' എന്ന നാടകത്തിനെ അടിസ്ഥാനമാക്കിയാണ് ചേതന്‍ ഈ സിനിമ തയ്യാറാക്കിയത്. പക്ഷേ, 'നീച്ചാ നഗര്‍' ഒരിക്കല്‍ പോലും ഇന്ത്യയില്‍ റിലീസായില്ല. 

ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ നിലനില്‍ക്കുന്ന സമയം. അതുകൊണ്ട് വളരെയേറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് സിനിമ നിര്‍മിച്ചത്. സിനിമയ്ക്കായുള്ള ഫിലിം ലഭിക്കാന്‍ അതിലേറെ ബുദ്ധിമുട്ട്. വളരെ ചുരുങ്ങിയ ബജറ്റിലാണ് സിനിമയൊരുക്കിയത്. അന്നത്തെ ജനങ്ങളുടെ കഷ്ടപ്പാടുകളും മറ്റുമാണ് സിനിമയിലൂടെ ചിത്രീകരിച്ചത്. അതുതന്നെയാവാം സിനിമ റിലീസാവാതിരുന്നതിന് കാരണവും. ആരും ഇങ്ങനെയൊരു സിനിമയെ കുറിച്ചറിഞ്ഞില്ല.  

പക്ഷേ, കാന്‍ ഫെസ്റ്റിവലിലെത്തിയപ്പോള്‍ കഥ മാറി. അവസാനറൗണ്ടില്‍ 18 സിനിമകളോടാണ് 'നീച്ചാ നഗര്‍' മത്സരിച്ചത്. ഇറ്റാലിയന്‍, ഇംഗ്ലീഷ് സിനിമകള്‍ ഇതിലുള്‍പ്പെടുന്നു. അവസാനം പാം ഡി ഓര്‍ പുരസ്‌കാരം നേടുകയും ചെയ്തു. മറ്റ് പതിനൊന്ന് സിനിമകള്‍ക്കൊപ്പമാണ് 'നീച്ചാ സാഗര്‍' പുരസ്‌കാരം പങ്കിട്ടത്. വര്‍ഷങ്ങള്‍ക്കുശേഷം സിനിമയുടെ പ്രിന്റുകള്‍ നശിക്കാന്‍ തുടങ്ങിയപ്പോള്‍, അത് ഫിലിം ആര്‍ക്കൈവിന് കൈമാറുകയും ചെയ്തു. 

സിനിമ ഒരു കുടുംബചിത്രം
ചേതന്‍ ലഹോറിലെ സര്‍ക്കാര്‍ കോളേജിലാണ് പഠിച്ചത്. അവിടെ അദ്ദേഹത്തിന്റെ സൈക്കോളജി, ഫിലോസഫി അധ്യാപകനായിരുന്നു ജി.സി.ചാറ്റര്‍ജി. അദ്ദേഹത്തിന്റെ മകള്‍ ഉമാ ചാറ്റര്‍ജിയുമായി അവിടെവെച്ചുള്ള പരിചയമാണ്. അധികം വൈകാതെ ആ സൗഹൃദം വിവാഹത്തിലെത്തി. 1943-ലായിരുന്നു വിവാഹം. അങ്ങനെ ഉമാ ചാറ്റര്‍ജി, ഉമാ ആനന്ദായി. അധികം വൈകാതെ രണ്ടുകുട്ടികള്‍ക്ക് ജന്‍മം നല്‍കി ഉമ. 

അന്നുമുതല്‍ ചേതന്റെ ഓരോ പ്രവര്‍ത്തനങ്ങളിലും ഉമ പങ്കാളിയായി. തിരക്കഥയെഴുത്തിലും സിനിമാനിര്‍മാണത്തിലുമെല്ലാം ഇരുവരും ഒരുമിച്ചായിരുന്നു. ചേതന്‍ ആദ്യം സംവിധാനം ചെയ്ത സിനിമയിലും ഉമ നായികയായി. 

കേതന്‍ ആനന്ദ്, വിവേക് ആനന്ദ് എന്നിവരാണ് മക്കള്‍. ചേതന്‍ സംവിധാനം ചെയ്ത 'ടാക്‌സി ഡ്രൈവര്‍' എന്ന സിനിമയില്‍ ചേതനും ഉമയും ചേതന്റെ സഹോദരനായ വിജയ് ആനന്ദും ചേര്‍ന്നാണ് തിരക്കഥയെഴുതിയത്. അതില്‍ ഉമ അഭിനയിച്ചിട്ടുമുണ്ട്.  

എന്നാല്‍, ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല. പൊരുത്തക്കേടുകള്‍ സാധാരണമായി ആ ബന്ധത്തില്‍. ഒടുവില്‍ ഇരുവരും പിരിഞ്ഞു. വിവാഹമോചനം നിയമവിധേയമല്ലാത്ത കാലമായിരുന്നുവത്. അതുകൊണ്ട് തന്നെ ഉമയും ചേതനും ഒരിക്കലും വിവാഹമോചിതരായില്ല.

ഭര്‍ത്താവില്‍നിന്ന് പിരിഞ്ഞശേഷം നാടകാചാര്യനായ എബ്രാഹിം അല്‍ക്കാസിക്കൊപ്പമായിരുന്നു ഉമയുടെ ജീവിതം. ചേതന്‍ ആണെങ്കില്‍ തന്റെ നായികയായ പ്രിയ രാജ്‌വംശുമായി പ്രണയത്തിലായി. ചേതന്റെ മരണം വരെ നീണ്ടുനിന്നു ആ ബന്ധം. 


 

Content Highlights: first indian movie to gain recognition at Cannes