ആള്‍ക്കൂട്ടത്തില്‍ തനിയെ അമ്മുക്കുട്ടി, അരവട്ടുള്ള അമ്മിണി; എം.ടിയുടെ പെണ്‍കഥാപാത്രങ്ങള്‍

'പഞ്ചാഗ്‌നി'യിലെ ഇന്ദിര, വര: ലിജീഷ് കാക്കൂർ
'പഞ്ചാഗ്‌നി'യിലെ ഇന്ദിര, വര: ലിജീഷ് കാക്കൂർ

ഒരേ സമയം വികാരങ്ങളുടെ കടലും കരുത്തിന്റെ കനലുമായി പകര്‍ന്നാടുന്ന പെണ്‍മുഖങ്ങള്‍. ചിരിച്ചും കരഞ്ഞും മുറിവേറ്റപ്പോഴൊക്കെയും ഉശിരോടെ പ്രതികരിച്ചും അവര്‍ തിരക്കാഴ്ചകളില്‍ പതിഞ്ഞു. സിനിമയുടെ പതിവ് ചട്ടക്കൂടിനിണങ്ങും വിധത്തില്‍ ഒരേ അച്ചില്‍ വാര്‍ത്തെടുക്കപ്പെട്ട, പഴകിപ്പിഞ്ഞിയ പെണ്‍രൂപങ്ങളില്‍ നിന്നൊരു മോചനം എം.ടി.യിലൂടെ സാധ്യമാകുകയായിരുന്നു. ആ കഥാപാത്ര സൃഷ്ടികളിലൂടെ എം.ടി. പെരുന്തച്ചനായി മാറി. പെണ്മയുടെ ഉള്ളറിഞ്ഞും ഉശിരറിഞ്ഞും അദ്ദേഹം മലയാളസിനിമയില്‍ കുറേ മികച്ച പെണ്‍കഥാപാത്രങ്ങള്‍ക്ക് ജീവനേകി. 

കരുത്തുള്ള ഇന്ദിര
'പഞ്ചാഗ്‌നി'യിലെ ഇന്ദിര വളരെ ശക്തയാണ്. ഒരു പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ആളെ കൊന്നതിന് ജയിലിലെത്തുന്ന നക്സല്‍നേതാവ്. പരോളിന് ജയിലില്‍നിന്ന് മോചിതയാകുന്ന ഇന്ദിര, സ്വന്തം വീട്ടിലും സമൂഹത്തിലുമെല്ലാം ഒറ്റപ്പെടുന്നു. അതില്‍നിന്നെല്ലാം ധൈര്യപൂര്‍വം പുറത്തുകടക്കുകയും ചെയ്യുന്നുണ്ട്. അഭിമാനം ചോദ്യംചെയ്യപ്പെടുമ്പോള്‍ പ്രതികരിക്കുന്ന തന്റേടമുള്ള സ്ത്രീയാണവള്‍. മനസ്സിന്റെ വേദനകളെയും സംഘര്‍ഷങ്ങളെയും അടക്കിനിര്‍ത്തി, ഉള്‍ക്കരുത്ത് പ്രകടമാക്കുന്ന ഇന്ദിര. മലയാളിയല്ലാത്ത ഗീതയാണ് ഇന്ദിരയുടെ റോള്‍ മനോഹരമാക്കിയത്. 'പഞ്ചാഗ്‌നി'യിലെ റോളിനെക്കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ ഗീത പറഞ്ഞതിങ്ങനെ. ''മലയാളസിനിമയെക്കുറിച്ച് ഒന്നുമറിയാതെയാണ് ഞാന്‍ സെറ്റിലെത്തിയത്. അപ്പോള്‍ എം.ടി.സാറും ഹരിഹരന്‍സാറും പറഞ്ഞു, 'ഇത് ഞങ്ങളുടെ പടമല്ല. ഹീറോയിനാണ് പ്രാധാന്യ'മെന്ന്. തിലകന്‍സാറും നെടുമുടിവേണുച്ചേട്ടനും പ്രോത്സാഹിപ്പിച്ചു, 'ഇത് നിങ്ങള്‍ ചെയ്യണം. ഈ സിനിമയിലൂടെ നല്ല പേര് കിട്ടു'മെന്ന്. അപ്പോഴും ഇത്രയും ഗംഭീര കഥാപാത്രമായിരിക്കുമെന്ന് എനിക്ക് തോന്നിയതേയില്ല.'' എം.ടി.യുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനംചെയ്ത സിനിമയാണ് പഞ്ചാഗ്‌നി. ഇന്നും മലയാളസിനിമയിലെ മികച്ച സ്ത്രീകഥാപാത്രങ്ങളിലൊന്നായിട്ടാണ് ഇന്ദിരയെ കണക്കാക്കുന്നത്. 

ആരണ്യകം

അമ്മിണി, ഏകാന്തതയുടെ ആനന്ദം
'ആരണ്യക'ത്തിലെ അമ്മിണി. മറ്റുള്ളവരുടെ കണ്ണില്‍ അരവട്ടുള്ള പെണ്ണാണ്. പ്രായത്തിന്റെതായ എല്ലാ പൊട്ടിത്തെറികളുമുള്ള അവള്‍ക്ക് ചുറ്റുമാണ് സിനിമ നീങ്ങുന്നത്. അവള്‍ കാണുന്ന കാഴ്ചകളിലൂടെയും ആളുകളിലൂടെയും. അവള്‍ അങ്ങേയറ്റം ഒറ്റയ്ക്കാണ്. ഒരു തുണിസഞ്ചിയും തോളില്‍ തൂക്കി, നാടും കാടും ചുറ്റിനടക്കുന്ന, കാട്ടിനുള്ളില്‍ തന്റെതായ ഒരിടം കണ്ടെത്തുന്ന, ഏകാന്തത അത്രമേല്‍ ആനന്ദമാണെന്ന് കാണിച്ചുതരുന്ന അമ്മിണി. പൂക്കളോടും മരങ്ങളോടും കിളികളോടും കലപില സംസാരിക്കുന്നു അവള്‍. ബസില്‍ വന്നിറങ്ങി നടക്കുമ്പോള്‍, പറന്നുപോവുന്ന പക്ഷിയോടായി അവള്‍ പറയുന്നുണ്ട്, ''ഞാന്‍ വന്നു. വന്ന വിവരം എല്ലാവരോടും പറ''. എന്തും, ആരുടെ മുന്നിലും തുറന്നുപറയാന്‍ മടിക്കാത്ത പെണ്‍കുട്ടി. 

ബഷീറിനും മാധവിക്കുട്ടിക്കും കുത്തിപ്പിടിച്ച് കത്തുകളെഴുതുന്നതാണ് അവളുടെ ഹോബി. ഒരിക്കലും അയച്ചുകൊടുക്കാത്ത കത്തുകള്‍. കാട്ടിലെ തന്റെ ഇടത്തേക്ക് എത്തുന്നയാളുമായി അവള്‍ സൗഹൃദമുണ്ടാക്കുന്നു. നക്സല്‍നേതാവാണെന്ന് അറിഞ്ഞിട്ടും അയാളെ രക്ഷപ്പെടുത്താനും അവള്‍ ശ്രമിക്കുന്നുണ്ട്. ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ എല്ലാവരെയും ഹൃദയത്തോട് ചേര്‍ക്കുന്ന പെണ്‍കുട്ടി. ഒരിക്കലും ഒരു സാദാ സ്റ്റീരിയോടൈപ്പ് നായികയല്ല അവള്‍. പക്ഷേ, സിനിമ കണ്ടുകഴിയുമ്പോള്‍, എല്ലാവരുടെയും ഉള്ളില്‍ ഒരു നോവുണ്ടാക്കുന്നുണ്ട് അമ്മിണി. സലീമയാണ് അമ്മിണിയായി എത്തുന്നത്. പിന്നീടും കുറേ സിനിമകളില്‍ അഭിനയിച്ചെങ്കിലും സലീമയുടെ ഏറ്റവും മികച്ച കഥാപാത്രമായി ഇന്നും ഓര്‍മിക്കപ്പെടുന്നത് അമ്മിണിതന്നെയാണ്. എം.ടി.-ഹരിഹരന്‍ ടീമാണ് ഈ സിനിമയുടെയും പിന്നില്‍.    

ആള്‍ക്കൂട്ടത്തില്‍ തനിയെ, അമ്മുക്കുട്ടി
ഉള്‍ക്കരുത്തുള്ള കഥാപാത്രമാണ് ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന സിനിമയിലെ അമ്മുക്കുട്ടി. എലിമെന്ററി സ്‌കൂളിലെ അധ്യാപിക. മുറച്ചെറുക്കനുമായി പ്രണയത്തിലാണവള്‍. അവന്റെ എം.ബി.എ. പഠനത്തിനിടയില്‍, സാമ്പത്തികമായി സഹായിക്കുന്നതും അമ്മുക്കുട്ടിതന്നെ. പക്ഷേ ഒരു ഘട്ടത്തില്‍ പണക്കാരിയായ മറ്റൊരു പെണ്‍കുട്ടിയെ അയാള്‍ കല്യാണം കഴിക്കുന്നു. അപ്പോഴും അതിന്റെ നഷ്ടബോധമോ സങ്കടമോ ആരുടെ മുന്നിലും അവള്‍ കാണിക്കുന്നില്ല. തന്റെ ജോലിയും വീടുമായി ഒതുങ്ങിക്കൂടുകയാണ്. വിവാഹം എന്ന സമൂഹം നിഷ്‌കര്‍ഷിക്കുന്ന ലക്ഷ്യത്തിനൊന്നും അവള്‍ വലിയ പ്രാധാന്യം കൊടുക്കുന്നില്ല. മുറച്ചെറുക്കന്റെ ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അമ്മുക്കുട്ടിയാണ് മുന്‍കൈ എടുക്കുന്നത്. ഒടുവില്‍ അവര്‍ സന്തോഷത്തോടെ തിരിച്ചുപോവുമ്പോള്‍, അമ്മുക്കുട്ടി വീണ്ടും അവളുടെ ഒറ്റപ്പെടലിലേക്ക് തിരിച്ചുപോവുന്നു. അമ്മുക്കുട്ടിയുടെ പ്രസന്നമായ സാന്നിധ്യം തന്നെയാണ് ഈ സിനിമയുടെ ഊര്‍ജം. സീമയാണ് അമ്മുക്കുട്ടിയായി അഭിനയിക്കുന്നത്. എം.ടി. തിരക്കഥയെഴുതിയ സിനിമയുടെ സംവിധായകന്‍ ഐ.വി.ശശിയാണ്.

പരിണയത്തിലെ ഉണ്ണിമായ


സധൈര്യം ഉണ്ണിമായ
മലയാളത്തിലെ എക്കാലത്തെയും സ്ത്രീപക്ഷസിനിമകളിലൊന്നാണ് പരിണയം. ഉണ്ണിമായ എന്ന ബ്രാഹ്മണയുവതിയുടെ കഥ. ആദ്യപകുതിയില്‍ ഒരു സാധാരണപെണ്‍കുട്ടിയായാണ് അവളെ ചിത്രീകരിച്ചിരിക്കുന്നത്. പിന്നീട് കാണുന്നത് അഭിമാനത്തിനായുള്ള അവളുടെ പോരാട്ടമാണ്. നമ്പൂതിരികുടുംബത്തില്‍ നിലനില്‍ക്കുന്ന ആചാരങ്ങള്‍ക്കെതിരേ അതിശക്തമായ പ്രതികരണമാണ് ഉണ്ണിമായ നടത്തുന്നത്. കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരണയാണ് പരിണയത്തിന്റെ പശ്ചാത്തലം. പതിനേഴുവയസ്സുള്ള ഉണ്ണിമായയെ പ്രായമായ ഒരു നമ്പൂതിരിബ്രാഹ്മണന് നാലാമത്തെ ഭാര്യയായി വിവാഹംകഴിച്ചുകൊടുക്കുന്നു. വിവാഹം കഴിഞ്ഞ് അധികം വൈകാതെ ആ നമ്പൂതിരി മരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് കഥകളികലാകാരനായ മാധവനുമായി ഉണ്ണിമായ അടുപ്പത്തിലാവുകയും ഗര്‍ഭിണിയാവുകയും ചെയ്യുന്നു. എന്നാല്‍, തന്റെ പേര് ആരോടും പറയരുതെന്ന് മാധവന്‍ ആവശ്യപ്പെടുന്നു. 

അവിടന്നാണ് ഉണ്ണിമായ കൂടുതല്‍ പരീക്ഷണങ്ങള്‍ നേരിടേണ്ടിവരുന്നത്. സമുദായത്തിലെ പ്രമുഖര്‍ സ്മാര്‍ത്തവിചാരണ നടത്തുമ്പോഴും, കുഞ്ഞിന്റെ അച്ഛന്റെ പേര് പറയാന്‍ അവള്‍ തയ്യാറാകുന്നില്ല. തന്നെ രക്ഷിക്കാന്‍ ആരും വരില്ലെന്നറിയുമ്പോഴും, ധൈര്യത്തോടെ അതെല്ലാം നേരിടുന്നു. ഒടുവില്‍ തെറ്റ് മനസ്സിലാക്കിയ മാധവന്‍ വീണ്ടും ജീവിതത്തിലേക്ക് വിളിക്കുമ്പോള്‍, ഉണ്ണിമായ അയാള്‍ക്കൊപ്പം പോവാന്‍ തയ്യാറാവുന്നില്ല. കുഞ്ഞിന് അച്ഛനില്ലാതാവുമെന്ന് എല്ലാവരും പറയുമ്പോള്‍ അവളുടെ മറുപടി ഇങ്ങനെ. ''അതിന് അച്ഛനില്ല. അച്ഛന്റെ പേര് പറയണമെന്ന് എന്നെങ്കിലും നിര്‍ബന്ധം വരുമ്പോള്‍ പറഞ്ഞേക്ക്... നളന്‍, അല്ലെങ്കില്‍ അര്‍ജുനന്‍ അല്ലെങ്കില്‍ ഭീമന്‍...'' തന്റെ പ്രണയം നളനോടും അര്‍ജുനനോടും ഭീമനോടുമായിരുന്നെന്ന് അവള്‍ പറഞ്ഞുവയ്ക്കുന്നു. പിന്നീട് സ്വന്തമായി നിലപാട് എടുക്കുകയും തൊഴില്‍ ചെയ്ത് ജീവിതം പുലര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഉണ്ണിമായ വലിയ സന്ദേശമാണ് തരുന്നത്. ഉണ്ണിമായയുടെ നിഷ്‌കളങ്കതയും ദൈന്യവും പ്രണയവും ദൃഢനിശ്ചയവുമെല്ലാം ഭംഗിയായി അവതരിപ്പിക്കുന്നുണ്ട് നടി മോഹിനി. ഹരിഹരനാണ് സിനിമ സംവിധാനംചെയ്തത്. 
 
 

കുട്ട്യേടത്തി എന്ന സിനിമയിലെ മാളു

സ്‌നേഹം കൊതിക്കുന്ന കുട്ട്യേടത്തി
നായികയ്ക്കുണ്ടാവണമെന്ന് സമൂഹം നിഷ്‌കര്‍ഷിക്കുന്ന സൗന്ദര്യസങ്കല്പങ്ങളുടെ ഒരു പൊളിച്ചെഴുത്തായിരുന്നു കുട്ട്യേടത്തി എന്ന സിനിമയിലെ മാളു. അവഗണനയിലേക്ക് പിന്‍തള്ളപ്പെട്ട പെണ്ണ്. മാളുവിനെ തേടി ആരും വരാനില്ല. പോരാത്തതിന് അവളൊരു മരംകേറി പെണ്ണാണ്. പുരനിറഞ്ഞുനില്‍ക്കുന്നവളും... ഇതൊക്കെ നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്‍പില്‍. അനിയന്‍ വാസു മാത്രമാണ് മാളു എന്ന കുട്ട്യേടത്തിക്കൊപ്പം നില്‍ക്കുന്നത്. ആരാന്റെ മാവിലെ മാങ്ങ എറിഞ്ഞുവീഴ്ത്തിയും കാട്ടിലും മേട്ടിലും ചുറ്റിനടന്നും അവള്‍ ആനന്ദം കണ്ടെത്തുകയാണ്. വീട്ടില്‍ കയറിവരുമ്പോള്‍ കേള്‍ക്കുന്നത് എല്ലാവരുടെയും ശാപവാക്കുകളാണ്. അവളുടെ സന്തോഷം വീട്ടിലുള്ളവര്‍ക്ക് ഉപദ്രവമായാണ് മാറുന്നത്. അവള്‍ എല്ലാവരില്‍നിന്നും കൊതിക്കുന്നത് സ്‌നേഹം മാത്രമാണ്. പക്ഷേ, അതൊരിക്കലും ആരുടെയടുത്തുനിന്നും കിട്ടുന്നുമില്ല. ഒടുവില്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്ന കുട്ട്യേടത്തി, പ്രേക്ഷകരുടെ മനസ്സില്‍ വിങ്ങലായിമാറുന്നു. സിനിമകളില്‍ ചെറിയ റോളുകളിലും നാടകങ്ങളിലും അഭിനയിച്ചിരുന്ന കോഴിക്കോട് വിലാസിനിയാണ് കുട്ട്യേടത്തിയായത്. കഥാപാത്രം അനശ്വരമായതോടെ അവരുടെ പേരും കുട്ട്യേടത്തി വിലാസിനി എന്നായിമാറി. പി.എന്‍. മേനോനാണ് സിനിമ സംവിധാനംചെയ്തത്. 

മഞ്ഞ് സിനിമയിലെ രംഗം


കാത്തിരിപ്പില്‍, വിമല
വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് 'മഞ്ഞി'ലെ വിമലടീച്ചറുടെത്. എവിടെയോ, എങ്ങോ പോയി മറഞ്ഞിരിക്കുന്ന സുധീര്‍കുമാര്‍ മിശ്രയ്ക്കുവേണ്ടിയാണ് വിമല കാത്തിരിക്കുന്നത്. പ്രണയത്തിന്റെ സുഖകരമായ കാത്തിരിപ്പിലൂടെ, ശിഥിലമായ അവരുടെ കുടുംബത്തില്‍നിന്ന് ഒളിച്ചോട്ടവും നടത്തുന്നു. ഒന്നും പറയാതെ പോയ സുധീര്‍ മിശ്രയെ ചതിയന്‍ എന്ന് പറയാമെങ്കിലും വിമല അങ്ങനെ കരുതുന്നില്ല. അയാളെ കുറ്റപ്പെടുത്തുന്നുമില്ല. മഞ്ഞ് മൂടിക്കിടക്കുന്ന നൈനിത്താളിലെ ഓരോ സീസണും അവള്‍ക്ക് കാത്തിരിപ്പിന്റെ സന്തോഷമാണ് പകരുന്നത്. സീസണ്‍ കഴിയുമ്പോള്‍, വീണ്ടും അടുത്ത സീസണുവേണ്ടിയുള്ള കാത്തിരിപ്പ്. 'വരും, വരാതിരിക്കില്ല,' വിമല പറയുന്നു. വിമലയെക്കുറിച്ചോര്‍ക്കുമ്പോഴെല്ലാം, നോവ് മാത്രമാണുള്ളില്‍. ആ മൗനത്തിനും കാത്തിരിപ്പിനും പകരം മറ്റൊന്നുമില്ല. സംഗീതാ നായിക് ആണ് വിമലടീച്ചറായി അഭിനയിച്ചത്. എം.ടി.യുടെ മഞ്ഞ് എന്ന നോവലാണ് സിനിമയായി മാറിയത്. സിനിമയുടെ തിരക്കഥയും സംവിധാനവും എം.ടി.യാണ് നിര്‍വഹിച്ചിരിക്കുന്നത്.

Content Highlights: female characters of MT Vasudevan Nair