മോഹിനിയെപ്പോലെ തന്നെ പരിഗണിക്കുന്നില്ലേ എന്നൊരു ആശങ്ക മഞ്ജുവിനുണ്ടായിരുന്നു

മലയാള സിനിമയുടെ ചരിത്രത്തില്‍ ഒരാളുടെ രണ്ടാംവരവിനായി പ്രേക്ഷകര്‍ കാത്തിരുന്നിട്ടുണ്ടെങ്കില്‍ അത് മഞ്ജുവാരിയര്‍ക്കുവേണ്ടി മാത്രമാണ്. മറ്റൊരു നായകനോ നായികയ്‌ക്കോ അത്തരമൊരു ഭാഗ്യം കിട്ടിയിട്ടില്ല. പതിന്നാലുവര്‍ഷത്തിനുമുന്‍പ് എത്രമാത്രം മഞ്ജുവിനെ സ്വീകരിച്ചോ അതിന്റെ ഇരട്ടി ജനപ്രിയത ഇന്നുണ്ട്. അതൊരു അദ്ഭുതമാണ്. പ്രായത്തെപ്പോലും അതിജീവിച്ച് മുന്നേറുന്ന മഞ്ജുവിനൊപ്പം മൂന്ന് സിനിമകളില്‍ പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു.
വര്‍ഷം 1996, അതിനുമുന്‍പ് ഒരുപാട് നായികമാരുടെ കൂടെ ഞാന്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സല്ലാപം എന്ന സിനിമ കണ്ടിറങ്ങിയപ്പോള്‍ ഒരേയൊരു നായിക മാത്രമായിരുന്നു എന്റെ മനസ്സില്‍. ആദ്യസിനിമയില്‍തന്നെ വിസ്മയിപ്പിച്ച ആ പെണ്‍കുട്ടിയുടെ പേര് മഞ്ജു വാരിയര്‍ എന്നായിരുന്നു. അധികം കാത്തിരിക്കേണ്ടിവന്നില്ല എന്റെ അടുത്ത സിനിമയായ ഈ പുഴയും കടന്നില്‍ ആ മിടുക്കിയെ നായികയാക്കാന്‍ തീരുമാനിച്ചു. മഞ്ജു നായികയായ സത്യന്‍ അന്തിക്കാടിന്റെ തൂവല്‍ക്കൊട്ടാരത്തിന്റെ ഷൂട്ടിങ് ഒറ്റപ്പാലത്ത് നടക്കുകയാണ്. ഈ പുഴയും കടന്ന് എന്ന സിനിമയെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ അങ്ങോട്ട് ചെന്നു. സെറ്റിലെത്തി, കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍തന്നെ മഞ്ജു സമ്മതംമൂളി. അങ്ങനെ തന്റെ 18-ാംവയസ്സില്‍ 'ഈ പുഴയും കടന്ന്' എന്ന സിനിമയില്‍ മഞ്ജു അഭിനയിക്കാനെത്തി. ഷോട്ടിന് മുന്നോടിയായി കഥാപാത്രത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുമ്പോള്‍ മഞ്ജു ഒന്നും ശ്രദ്ധിക്കാത്തതുപോലെ എനിക്ക് തോന്നി. സിനിമയെ ഈ കുട്ടി സീരിയസായി എടുക്കുന്നില്ലേ എന്നൊക്കെ ഞാന്‍ ചിന്തിച്ചു. പക്ഷേ, സ്റ്റാര്‍ട്ട് ആക്ഷന്‍ എന്ന് പറഞ്ഞ് ക്ലാപ്പ് അടിച്ചപ്പോള്‍ അദ്ഭുതപ്പെടുത്തുന്ന പരകായപ്രവേശം ഞാന്‍ കണ്ടു. അത്തരമൊരു മാജിക് മറ്റൊരു നടിയിലും അതിനുമുന്‍പ് കണ്ടിരുന്നില്ല.
മോഹിനി, മഞ്ജു, ചിപ്പി എന്നിങ്ങനെ മൂന്ന് നായികമാരായിരുന്നു ചിത്രത്തില്‍. മോഹിനി മുന്‍പ് ഞാന്‍ സംവിധാനംചെയ്ത ഗസല്‍ എന്ന ചിത്രത്തില്‍ നായികയായിരുന്നു. അതിനാല്‍തന്നെ ഷൂട്ടിന്റെ ആദ്യദിവസങ്ങളില്‍ മോഹിനിയെപ്പോലെ തന്നെ കമല്‍സാര്‍ പരിഗണിക്കുന്നില്ലേ എന്നൊരു ആശങ്ക മഞ്ജുവിനുണ്ടായിരുന്നു. പക്ഷേ, മൂന്നുദിവസം കഴിഞ്ഞപ്പോള്‍ അത് മാറുകയും നല്ലൊരു ആത്മബന്ധത്തിലേക്ക് ഞങ്ങള്‍ നീങ്ങുകയും ചെയ്തു. ഡയലോഗും അഭിനയിക്കേണ്ടതെന്താണെന്നുമാണ് സംവിധായകന്‍ പറഞ്ഞുകൊടുക്കേണ്ടത്.
എന്നാല്‍ ആ രംഗം എങ്ങനെ അഭിനയിക്കണം എന്നത് അഭിനേതാവിന്റെ മനോധര്‍മമാണ്. ഈ പുഴയും കടന്ന് എന്ന സിനിമയില്‍ ദിലീപ് ഐ ലൗ യൂ എന്ന് പറയുമ്പോള്‍ മറ്റൊരു ടോണില്‍ മഞ്ജു മറുപടി പറയുന്നുണ്ട്. അതൊക്കെ മഞ്ജു കൈയില്‍നിന്ന് ഇട്ടതാണ്. വളരെ സൂക്ഷ്മമായ ഭാവങ്ങള്‍ മികവോടെ അവതരിപ്പിക്കും എന്നതാണ് മഞ്ജുവിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ആ ലൊക്കേഷനില്‍വെച്ചാണ് ദിലീപ്-മഞ്ജു പ്രണയം തുടങ്ങുന്നത്. അത് പിന്നീട് വിവാഹത്തിലേക്ക് നീണ്ടു. ഈ പുഴയും കടന്ന് എന്ന സിനിമയില്‍ അഭിനയിച്ചതിന്റെപേരില്‍ മികച്ച നടിക്കുള്ള സംസ്ഥാനപുരസ്‌കാരം ലഭിക്കുമെന്ന് മഞ്ജുപോലും പ്രതീക്ഷിച്ചിരുന്നില്ല.
പിന്നെയും പിന്നെയും...
ഹിറ്റുകളുടെ റാണി എന്നാണ് മഞ്ജുവിനെ ആ കാലഘട്ടത്തില്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. കാരണം മഞ്ജു അഭിനയിച്ച പടങ്ങള്‍ തുടര്‍ച്ചയായി ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. ഈ പുഴയും കടന്ന് എന്ന ചിത്രത്തിനുശേഷം കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന സിനിമയിലും ഞങ്ങള്‍ ഒരുമിച്ചു. കോമഡിയും പ്രണയവും വിരഹവുമെല്ലാം ഒരുപോലെ കടന്നുപോകുന്ന നായികകഥാപാത്രത്തെ മഞ്ജു മികവുറ്റതാക്കി. നായികയുടെപേരില്‍ സിനിമ മാര്‍ക്കറ്റ് ചെയ്യപ്പെട്ടുതുടങ്ങി എന്നതും മഞ്ജുസിനിമകള്‍ സൃഷ്ടിച്ച മാറ്റമാണ്. കരിയറിന്റെ ഏറ്റവും നല്ല ഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് വിവാഹംകഴിച്ച് അഭിനയത്തിന് മഞ്ജു സഡന്‍ ബ്രേക്കിട്ടത്. മഞ്ജുവിന് ഒരു പകരക്കാരിയെ കണ്ടെത്താന്‍ പിന്നീട് മലയാളസിനിമയ്ക്കായില്ല. ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും അതിജീവിച്ച് പതിന്നാലുവര്‍ഷങ്ങള്‍ക്കുശേഷം മഞ്ജു വീണ്ടും സിനിമയിലേക്ക് വന്നു. ആയൊരു ഘട്ടത്തില്‍ ഞാന്‍ സംവിധാനംചെയ്ത ആമിയിലേക്ക് മഞ്ജു എത്തുന്നത് ആകസ്മികമായാണ്.
ആദ്യം വിദ്യാ ബാലനായിരുന്നു മാധവിക്കുട്ടിയുടെ റോള്‍ ചെയ്യാന്‍ തീരുമാനിച്ചത്. ചില രാഷ്ട്രീയപ്രശ്‌നങ്ങള്‍ വന്നതോടെ വിദ്യാ ബാലന്‍ പിന്മാറി. മഞ്ജുവിന്റെ മുഖമാണ് പിന്നാലെ എന്റെ മനസ്സില്‍ തെളിഞ്ഞത്. എന്നാല്‍ മഞ്ജുവിനോട് ഇക്കാര്യം ചോദിക്കാന്‍ വല്ലാത്തൊരു മടിയുണ്ടായിരുന്നു എനിക്ക്. കാരണം മറ്റൊരു നടി പിന്മാറിയ കഥാപാത്രമാണ് എന്നതുതന്നെ. അങ്ങനെ ചെറിയൊരു മടിയോടെ ഞാന്‍ വിളിച്ചു. സുഖവിവരങ്ങള്‍ അന്വേഷിച്ചശേഷം ''മഞ്ജു, ആമിയിലെ നായിക മാറി'' എന്ന് ഞാന്‍ പറഞ്ഞു. ''പത്രങ്ങള്‍ വഴി അറിഞ്ഞു, ആരാണ് പുതിയ നായിക?'' മഞ്ജുവിന്റെ ചോദ്യം ഉടനെത്തി. ''അത് പറയാനാണ് വിളിച്ചത്, മഞ്ജുവിനെയാണ് നായികയായി കണ്ടിട്ടുള്ളത്'' ഞാന്‍ പറഞ്ഞപ്പോള്‍ മഞ്ജുവിന്റെ പ്രതികരണം ഉടനെത്തി. ''അയ്യോ, ഞാനോ? എന്റെ രൂപമൊക്കെ മാധവിക്കുട്ടിക്ക് പറ്റുമോ?'' ആശങ്ക വാക്കുകളില്‍ തെളിഞ്ഞു. മഞ്ജുവിന്റെ അഭിനയത്തില്‍ ആശങ്കയില്ലെന്നും രൂപം നമുക്ക് മേക്കപ്പ്‌ചെയ്‌തെടുക്കാം എന്നും ഞാന്‍ ഉറപ്പുപറഞ്ഞതോടെ മഞ്ജു സമ്മതിച്ചു.
റോള്‍ മോഡല്‍
നമ്മള്‍ ജീവിച്ചകാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ നടന്മാരെപ്പോലെ ഒരു നായിക നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് മഞ്ജുവാര്യരാണ്. ശോഭന, ഉര്‍വശി എന്നീ മികച്ച നായികമാര്‍ക്കുശേഷമാണ് മഞ്ജു വരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം അതിലും വലിയ ജനപ്രീതിയോടെ മഞ്ജു അതിലും ശക്തയായി നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ആത്മസമര്‍പ്പണംതന്നെയാണ്. മഞ്ജുവിനെക്കുറിച്ച് ഇതുവരെ ഏത് സംവിധായകനും പരാതി പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. ആരെക്കുറിച്ചും മഞ്ജു ഒരിക്കലും പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ല. അത് നല്ലൊരു അഭിനേത്രിക്ക് മാത്രം സാധിക്കുന്ന കാര്യമാണ്.
മോഹന്‍ലാലിനെക്കുറിച്ച് എല്ലാവരും പറയുന്ന ഒരു കാര്യമാണ് ഡയറക്ടേഴ്സ് ആക്ടര്‍ എന്നത്. അതായത് ഒരു പാത്രത്തില്‍ വെള്ളമൊഴിച്ചാല്‍ അതിന്റെ രൂപത്തിലേക്ക് വെള്ളം മാറുന്നതുപോലെ. മഞ്ജു വാരിയറും അത്തരത്തില്‍തന്നെയാണ്.
Content Highlights: Director Kamal sharing his experiences of working with Manju Warrier