ആ രജനീകാന്ത് ചിത്രം പരാജയപ്പെട്ടപ്പോള്‍ വിതരണക്കാര്‍ കടക്കെണിയിലായി;രജനി വിരമിക്കാന്‍ തീരുമാനിച്ചു

സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റുകളുടെ തോഴനാണ് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. എന്നാല്‍, രജനിയുടെ അഭിനയജീവിതത്തിലുമുണ്ടായിട്ടുണ്ട് കുറേ ഫ്‌ളോപ്പുകള്‍. അതിലേറ്റവും വലുത് 2002-ലായിരുന്നു. ആ വര്‍ഷമിറങ്ങിയ 'ബാബ' എന്ന സിനിമയാണത്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത സിനിമ, നിര്‍മിച്ചതും തിരക്കഥയെഴുതിയതും രജനി തന്നെ. മനീഷ കൊയ്‌രാള, അമരീഷ് പുരി തുടങ്ങിയ പ്രമുഖര്‍ അഭിനയിക്കുന്നു, എ.ആര്‍.റഹ്മാന്റെ സംഗീതം, ഗാനങ്ങള്‍ പലതും ഷൂട്ട് ചെയ്തത് യൂറോപ്പില്‍...റിലീസിനുമുമ്പേ സിനിമയ്ക്ക് കിട്ടിയ പ്രചാരം അത്ര വലുതായിരുന്നു.
17 കോടിക്കാണ് സിനിമ വിതരണക്കാര്‍ക്ക് വിറ്റത്. പക്ഷേ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് രജനിയുടെ കരിയറിലെ തന്നെ വലിയ ഫ്‌ളോപ്പായി സിനിമ. തിയേറ്ററില്‍നിന്ന് 3 കോടി മാത്രമേ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞുള്ളൂ. വിതരണക്കാര്‍ക്ക് അത് വന്‍നഷ്ടമായി, രജനിസിനിമ മുന്നില്‍ കണ്ടിറങ്ങിയ പല വിതരണക്കാരും സാമ്പത്തികമായി വന്‍തിരിച്ചടി നേരിട്ടു, പലരും പാപ്പരായി.
അതിനൊപ്പം നിരൂപകരും രജനിക്കെതിരെ തിരിഞ്ഞു. സ്വര്‍ണം ഇനി പഴയതുപോലെ തിളങ്ങില്ലെന്ന് പലരും എഴുതി. രജനിയുടെ കാലം കഴിഞ്ഞെന്ന് തുറന്നടിച്ചവരും ഏറെ. അതിനൊപ്പം വേറെയും വിവാദങ്ങളുണ്ടായി. ചെയിന്‍ സ്‌മോക്കറുടെ റോളായിരുന്നു സിനിമയില്‍ രജനിക്ക്. പുകവലിയും മദ്യപാനവും രജനി മഹത്വവത്കരിക്കുന്നുവെന്ന് പറഞ്ഞ് പി.എം.കെ പാര്‍ട്ടി അനുഭാവികള്‍ തിയേറ്ററുകള്‍ ആക്രമിച്ചു. ഫിലിം റോളുകള്‍ പിടിച്ചുവാങ്ങി, തീയിട്ടു. വിതരണക്കാര്‍ക്ക് രജനി പണം തിരികെ കൊടുത്ത്, അവരുടെ നഷ്ടങ്ങള്‍ പരമാവധി കുറയ്ക്കാന്‍ സഹായിച്ചു.
പിന്നാലെ രജനി വീട്ടിലേക്ക് ഒതുങ്ങി. രജനീകാന്ത് അഭിനയം അവസാനിപ്പിക്കുകയാണെന്നും രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്നുമൊക്കെ വാര്‍ത്തകള്‍ പരന്നു. പിന്നാലെ രജനിയെ തേടിയെത്തിയ സിനിമകളെല്ലാം ഒന്നും നോക്കാതെ അദ്ദേഹം വേണ്ടെന്നുവെച്ചു. അതോടെ അഭ്യൂഹങ്ങള്‍ക്ക് കരുത്തേറി. അങ്ങനെ മൂന്നുവര്‍ഷം സിനിമയില്‍നിന്ന് മാറിനിന്നു. അദ്ദേഹത്തിന്റെ നിര്‍മാണക്കമ്പനിയായ ലോട്ടസ് ഇന്റര്‍നാഷണല്‍ പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്തു. പിന്നെ 'ചന്ദ്രമുഖി' എന്ന സിനിമയിലൂടെയാണ് രജനി തിരിച്ചുവരുന്നത്.
20 വര്‍ഷങ്ങള്‍ക്കുശേഷം 'ബാബ' വീണ്ടും റിലീസ് ചെയ്തു. ഇത്തവണ കുറേ മാറ്റങ്ങള്‍ വരുത്തിയിരുന്നു. പരമാവധി എഡിറ്റ് ചെയ്തു. സിനിമയുടെ ദൈര്‍ഘ്യം അരമണിക്കൂറോളമാണ് കുറച്ചത്. ക്ലൈമാക്‌സും മാറ്റിയാണ് സിനിമ റിലീസ് ചെയ്തത്. മൂന്നുദിവസം കൊണ്ട് നാലുകോടിയാണ് പുതിയ വരവില്‍ ചിത്രം കളക്ട് ചെയ്തത്.
Content Highlights: biggest flop in rajinikanth career