'സംസ്ഥാന അവാര്‍ഡ് മത്സരത്തിന് അയച്ചപ്പോഴും അത് കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല'-ആതിര

31-ാമത് കേരളസംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരപ്രഖ്യാപനച്ചടങ്ങ്. 'ഇരുപതു മിനിറ്റില്‍ കൂടുതലുള്ള മികച്ച ടെലി ഫിലിം 'കനം'. മികച്ച രണ്ടാമത്തെ നടി ആതിര നികത്തില്‍, 'കനം' ടെലി ഫിലിം.' ആതിരയുടെ മുഖത്ത് നൂറുമടങ്ങ് കാന്തി. കുട്ടിക്കാലം തൊട്ടേ അഭിനയത്തോട് അഭിനിവേശം തോന്നിയ ഒരു പാവാടക്കാരി. നാടക-അഭിനയ ലോകത്തെക്കുറിച്ച് അവള്‍ക്ക് കേട്ടുകേള്‍വിപോലുമില്ല. അഭിനയകലയിലേക്ക് ഓരോരോ ചുവടുവെക്കുമ്പോഴും ആ പഴയ പാവാടക്കാരിയുടെ അതേ കൗതുകം ഇന്നും ആതിരയില്‍ കാണാം.
മൃദുല്‍ ടി.എസ് രചിച്ച് സംവിധാനം ചെയ്ത് അമൃത കൃഷ്ണകുമാര്‍ നിര്‍മിച്ച കനം എന്ന ടെലിഫിലിമിലെ കാന്തി എന്ന കഥാപാത്രത്തിനാണ് ആതിര മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം നേടിയത്. ഗിരീഷ് എ.ഡി. തിരക്കഥയെഴുതി വിനീത് വാസുദേവന്‍ സംവിധാനം ചെയ്ത 'വശീകരണം', കരിക്ക് ഫ്‌ളിക്കിന്റെ ഭാഗമായ 'ജബല', കനം എന്നീ ഹ്രസ്വചിത്രങ്ങളില്‍ വേഷമിട്ടു. ബ്ലാങ്ക് പേജ്, സില്‍വിയ തുടങ്ങിയ നാടകങ്ങളിലൂടെ നാടകരചന, സംവിധാനം, നാടക ക്ലാസ്സുകള്‍... അങ്ങനെയങ്ങനെ കലയ്‌ക്കൊപ്പം മുന്നോട്ടുപോകാനാണ് ആതിരയ്ക്ക് ഇഷ്ടം. ഒരു ന്യൂജെന്‍ തീയറ്റർ ആർട്ടിസ്റ്റിന്റെ ജീവിതത്തിലേക്ക്.
നാടകപ്രേമം എങ്ങനെ ഉള്ളില്‍ കയറിക്കൂടി?
കുട്ടിക്കാലത്ത് അഭിനയം ഇഷ്ടമായിരുന്നു. ഡാന്‍സ് ചെയ്യാറുണ്ടായിരുന്നു. എന്നാലും അഭിനയ കലയെക്കുറിച്ചോ, അതു പഠിക്കുന്നതിനെക്കുറിച്ചോ അങ്ങനെയൊരു പഠനവിഭാഗമുണ്ടെന്നോ അറിയില്ലായിരുന്നു. കാലടി സര്‍വകലാശാലയില്‍ ഇംഗ്ലീഷ് ഭാഷയില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നപ്പോഴാണ് അവിടെ തിയറ്റര്‍ എന്ന കോഴ്‌സ് ഉണ്ടെന്നറിയുന്നത്. ഇംഗ്ലീഷ് പഠിക്കുന്നതിനൊപ്പം കോളേജ് മത്സരങ്ങളില്‍ നാടകങ്ങളിലും സ്‌കിറ്റുകളിലും പങ്കെടുത്തിരുന്നു. നാടകത്തിനോടുള്ള ഇഷ്ടം കൊണ്ട് വീണ്ടും തിയറ്റര്‍ എന്ന കോഴ്‌സ് പഠിച്ചു. ഇപ്പോള്‍ നാടകങ്ങളുമായി മുന്നോട്ടുപോകുന്നു. എം.എയും എംഫില്ലും ചെയ്തു. തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂളില്‍ തിയറ്റര്‍ അധ്യാപിയായി ജോലി ചെയ്യുന്നു. ഇടയ്ക്കിടെ തീയറ്റർ വര്‍ക്ക് ഷോപ്പുകള്‍ നടത്താറുണ്ട്.
രചന, സംവിധാനം- ആതിര നികത്തില്‍?
'ബ്ലാങ്ക് പേജ്' ഞാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യത്തെ സ്വതന്ത്രനാടകാവിഷ്‌കാരമാണ്. 2021 ലായിരുന്നു നാടകാവതരണം. ഐസാക് ഡിനെസന്‍ എന്ന ഐറിഷ് കഥാകൃത്തിന്റെ ഒരു ചെറുകഥയാണ് 'ബ്ലാങ്ക് പേജ്'. അതില്‍ നിന്നും ആശയം ഉള്‍ക്കൊണ്ടതാണ് 'ബ്ലാങ്ക് പേജ്' എന്ന നാടകവും. കിടക്കവിരി നെയ്യുന്ന ഒരു കൂട്ടം കന്യാസ്ത്രീകളുടെ കഥയാണത്. പുതുതായി വിവാഹം കഴിഞ്ഞ സ്ത്രീകളുടെ കന്യകാത്വം പരിശോധിക്കാന്‍ ആദ്യരാത്രിയിലേക്കുള്ള കിടക്കവിരിയാണവര്‍ തയ്യാറാക്കുന്നത്. ആ നാടകത്തിനായി ഞങ്ങള്‍ കുറച്ചുപേര്‍ ഒത്തുകൂടി. കൃഷ്ണപ്രിയ തിലകന്‍, അഹല്യ പ്രവീണ്‍, ജയകൃഷ്ണ കെ. ജെ, നീതു ചന്ദ്രന്‍, രാഖി ബാബു, അഖില്‍ വിജയന്‍ അഞ്ജന ശ്രീ, ഐശ്വര്യ മധു എന്നിവരായിരുന്നു അരങ്ങില്‍. പിന്നീട് ലോക്ഡൗണായി. പരിപാടികളൊന്നും ഇല്ലാതിരിക്കുമ്പോഴാണ് ആദ്യ നാടകത്തിന്റെ ഭാഗമായവരെല്ലാം കൂടിച്ചേര്‍ന്ന് ഒരു നാടക സംഘം രൂപീകരിക്കാം എന്ന തോന്നലുണ്ടാവുന്നത്. അങ്ങനെ, 'തമ്പ്' വിമന്‍സ് തിയറ്റര്‍ കളക്ടീവ് എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങി. ഓണ്‍ലൈനായി ക്ലാസുകള്‍ നടത്തി. കഴിഞ്ഞ വര്‍ഷമാണ് സില്‍വിയ എന്ന നാടകത്തിലേക്ക് എത്തുന്നത്.
സില്‍വിയ എന്ന നാടകം വളരെ മുമ്പേ എന്റെ മനസ്സിലുണ്ടായിരുന്നു, ഒറ്റയാള്‍ നാടകത്തിന്റെ രൂപത്തില്‍. ബിരുദവും ബിരുദാനന്തര ബിരുദവും ഇംഗ്ലീഷ് ഭാഷാസാഹിത്യത്തിലായതുകൊണ്ട് സില്‍വിയ പ്ലാത്തിന്റെ കവിതകള്‍ പഠിക്കാനുണ്ടായിരുന്നു. കണ്‍ഫെഷണല്‍ കവിതകള്‍ക്ക് പ്രശസ്തയായ അമേരിക്കന്‍ കവയിത്രിയും നോവലിസ്റ്റുമാണ് സില്‍വിയ പ്ലാത്ത്. സംഘര്‍ഷഭരിതമായ അവരുടെ ജീവിതം കവിതകളിലും നിഴലിച്ചിരുന്നു. അന്നേ പ്ലാത്തിന്റെ 'എഡ്ജ്', 'ലേഡി ലസാറസ്' പോലുള്ള കവിതകള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ആദ്യം ഈ കവിതകള്‍ പഠിക്കുമ്പോള്‍ മനസ്സില്‍ സില്‍വിയ പ്ലാത്തിന് പകരം ഏതോ ഒരു സ്ത്രീ എന്നേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അവരുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയപ്പോള്‍ എന്റെ കാഴ്ചപ്പാട് മാറി. അവരുടെ 'ബെല്‍ജാര്‍' എന്ന കവിത ഞാന്‍ വായിക്കുന്നത് എന്റെ ക്ലിനിക്കല്‍ ഡിപ്രഷന്‍ സ്റ്റേജില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്ന സമയത്താണ്.
പ്ലാത്തിന്റെ കവിതകളിലെല്ലാം അവരുടെ ജീവിതത്തെക്കുറിച്ചും അവര്‍ കടന്നുപോയ കാര്യങ്ങളെക്കുറിച്ചും കുട്ടിക്കാലത്തെ മോശം അനുഭവങ്ങളെക്കുറിച്ചുമെല്ലാം പറയുന്നുണ്ട്. വിഷാദരോഗത്തിന്റെ കാരണങ്ങള്‍ കുട്ടിക്കാലത്തേ അവരൂടെ കൂടെ കൂടിയിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ക്കും വിവാഹശേഷവും കുട്ടികളുണ്ടായതിന് ശേഷവും അവര്‍ കടന്നുപോകുന്ന വികാരങ്ങള്‍, മാനസികാവസ്ഥകള്‍, ഡിപ്രഷന്‍ സ്റ്റേജിന്റെ വളര്‍ച്ച ഇവയെല്ലാം അറിയാന്‍ ആഗ്രഹിച്ചു. ഞാന്‍ ക്ലിനിക്കല്‍ ഡിപ്രഷന്‍ സ്റ്റേജിലൂടെ കടന്നുപോയ ആളാണ്. മരുന്നുകളുടെയും തെറാപിയുടെയും സഹായത്തോടെയാണ് അതില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സില്‍വിയ എന്ന നാടകത്തിലൂടെ ഇത്തരം അവസ്ഥകളിലിരിക്കുന്ന ആളുകളുമുണ്ടെന്ന് പറയുകയാണ്. അവരെ ഒറ്റപ്പെടുത്താതെ കൂട്ടുണ്ടാവണമെന്നാണ് ഉദ്ദേശിക്കുന്നത്.
സ്വാതന്ത്ര്യത്തെക്കാള്‍ ആളുകള്‍ക്കുള്ളിലെ വികാരങ്ങളും വിചാരങ്ങളും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ദേഷ്യം, വിഷമം, സന്തോഷം തുടങ്ങി എല്ലാ വികാരങ്ങളുടെയും പച്ചയായ അവതരണം. കാലഘട്ടത്തിന്റെ അനിവാര്യതയ്ക്ക് അനുസരിച്ചുള്ള എന്തെങ്കിലും പങ്കുവെക്കണം. ഞാന്‍ ചില വര്‍ക്കുകള്‍ ചെയ്യുമ്പോള്‍ അതില്‍ മനഃപൂര്‍വം സന്ദേശങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്. ചിലപ്പോള്‍ അതിന് മള്‍ട്ടിപ്പിള്‍ റീഡിങ് ഉണ്ടാവണം എന്ന് തോന്നാറുണ്ട്.
ക്ലിനിക്കല്‍ ഡിപ്രഷന്‍ സ്റ്റേജ്
ഞാന്‍ ക്ലിനിക്കല്‍ ഡിപ്രഷന്‍ എന്ന അവസ്ഥയെ പൂര്‍ണമായും തരണം ചെയ്തുവെന്ന് ഇപ്പോഴും പറയാനാവില്ല. പല കാര്യങ്ങളും പല സമയത്തും വീണ്ടും എന്നെ ട്രിഗര്‍ ചെയ്യുന്നുണ്ട്. ഉറക്കമില്ലാത്ത എത്രയോ രാത്രികള്‍ എന്റെ മുന്നിലൂടെ കടന്നുപോയി. ചില ദിവസം പുലര്‍ച്ച നാലുമണിയാവുമ്പോള്‍ ഉറക്കമുണരും. നിര്‍ത്താന്‍ കഴിയാത്ത വിധം കരയാന്‍ തുടങ്ങും. നെഞ്ചില്‍ വലിയൊരു ഭാരം എടുത്തുവെച്ചതുപോലെ അനുഭവപ്പെട്ടിരുന്നു. കുളിക്കാനോ ശരീരം വൃത്തിയായി സൂക്ഷിക്കാനോ തോന്നിയിരുന്നില്ല. ഓക്കാനം, ഭക്ഷണത്തിനോടുള്ള വിരക്തി... ഓരോ നിമിഷങ്ങളിലും സങ്കടം മാത്രം. ജീവിതത്തിനോട് മടുപ്പ് തോന്നിയിരുന്നു. അപ്പോഴെല്ലാം ഓണ്‍ലൈനിലൂടെ ഡോക്ടറെ കാണിച്ച് അവര്‍ പറഞ്ഞ മരുന്ന് കഴിക്കുകയായിരുന്നു. എന്നാല്‍ ആ മരുന്നുകളൊന്നും എനിക്ക് ഒരു മാറ്റവും കൊണ്ടുവന്നില്ല.
ഒന്നും ചെയ്യാതെ ഇരുന്നാല്‍ എനിക്ക് എന്നെത്തന്നെ നഷ്ടമാവും, എല്ലാം കൈവിട്ടുപോകും എന്ന് തോന്നിയിടത്തുനിന്നാണ് നാടകം ചെയ്യാമെന്ന തീരുമാനം എടുക്കുന്നത്-ബ്ലാങ്ക് പേജ്. കിടക്കയില്‍ നിന്നും എണീക്കാന്‍ തോന്നുന്ന എന്തെങ്കിലും വേണം. അങ്ങനെയൊന്നായിരുന്നു നാടകം. ക്ലിനിക്കല്‍ ഡിപ്രഷനെക്കുറിച്ച് ഞാന്‍ മുന്‍പും ഒരുപാട് വായിച്ചിട്ടുണ്ട്. ഞാന്‍ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്നും മനസ്സിലാക്കിയിരുന്നു. ഒന്നിനോടും താത്പര്യമുണ്ടായിരുന്നില്ല, പ്രതീക്ഷയും. ഈ അവസ്ഥയിലാണ് ഡോക്ടറുടെ സഹായം അത്യാവശ്യമാണെന്ന് മനസ്സിലാക്കുന്നത്. പരിശോധനയിലൂടെ ക്ലിനിക്കല്‍ ഡിപ്രഷന്‍ ആണെന്നറിഞ്ഞു. മരുന്നിലൂടെയും തെറാപിയിലൂടെയും അസുഖം ഭേദമാവുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങി. ഉറക്കം കൃത്യമായിത്തുടങ്ങി. ആറുമാസം ചികിത്സയുണ്ടായി. അതോടെ ഞാന്‍ എണ്‍പത് ശതമാനത്തോളം റെഡിയായി. അങ്ങനെയാണ് എം.ഫില്‍ പഠിക്കുന്നത്. 2021ല്‍ ബ്ലാങ്ക് പേജ്, സില്‍വിയ എന്നിവ ചെയ്തു. കനം, സമാന്തരം എന്നിവ കഴിഞ്ഞ വര്‍ഷമാണ് ഷൂട്ട് ചെയ്യുന്നത്.
അഭിനയജീവിതം
ഗിരീഷ് എ.ഡി. തിരക്കഥയെഴുതി വിനീത് വാസുദേവന്‍ സംവിധാനം ചെയ്ത വശീകരണം എന്ന ഹ്രസ്വ ചിത്രത്തില്‍ പ്രധാന കഥാപാത്രം ചെയ്തിരുന്നു. പിന്നീടാണ് കരിക്കിന്റെ ഫ്‌ളിക്ക് സീരീസുകളുടെ ഭാഗമായ ജബലയില്‍ ചെറിയൊരു കഥാപാത്രം ചെയ്യുന്നത്. അതില്‍ കൂടെയുണ്ടായിരുന്നതും കനം ഷോര്‍ട്ട് ഫിലിമിന്റെ നിര്‍മാതാക്കളിലൊരാളുമായ അമൃത വഴിയാണ് കനത്തിലേക്ക് എത്തുന്നത്. മൃദുല്‍ ആണ് സംവിധാനം ചെയ്തത്. ഒരു ദിവസം ഷോര്‍ട്ട് ഫിലിം ടീം എന്നെ വിളിച്ചു, ഷോര്‍ട്ട് ഫിലിം ചെയ്യുന്നുണ്ട്, സ്‌ക്രിപ്റ്റ് അയച്ചുതരാം. അതുപ്രകാരം ഒരു സീന്‍ ചെയ്ത് അയക്കാമോ എന്ന് ചോദിച്ചു. ആ കഥാപാത്രം തമിഴ് സംസാരിക്കണം. എനിക്ക് അത്യാവശ്യം തമിഴ് അറിയാം. ഒരു സീന്‍ ചെയ്ത് അയച്ചപ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് എന്നെ തിരഞ്ഞെടുക്കുന്നത്. റിഹേഴ്‌സലുകളും മറ്റുമായി ഒരു മാസത്തോളം പ്രീപ്രൊഡക്ഷന്‍ ഉണ്ടായിരുന്നു. ഷോര്‍ട്ട്ഫിലിമിലെ അധിക സീനുകളും നന്നായി റിഹേഴ്‌സല്‍ ചെയ്താണ് ഷൂട്ട് ചെയ്തത്. വിജയം കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. കാന്തി എന്ന കഥാപാത്രത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. അതുകൊണ്ടുതന്നെ ആളുകള്‍ സ്വീകരിക്കുമെന്ന് തോന്നിയിരുന്നു. കാന്തിയായി മാറാന്‍ അല്‍പം പ്രയാസപ്പെട്ടു. ഷൂട്ടിങ് കഴിഞ്ഞ് നാലുദിവസം എവിടെയും പോകാതെ വീടിനുള്ളില്‍ത്തന്നെയിരുന്നു. സംസ്ഥാന അവാര്‍ഡ് മത്സരത്തിന് അയച്ചപ്പോഴും അത് കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. ഇപ്പോള്‍ വലിയ സന്തോഷം.
കുടുംബം
മലയാറ്റൂരാണ് സ്വദേശം. വീട്ടില്‍ അച്ഛനും അമ്മയും അനിയനുമാണുള്ളത്.
Content Highlights: athira nikathil kanam telefilm kerala state television award winner