‘അടിച്ചുവാരാൻ’ പറഞ്ഞപ്പോൾ ദീപിക പദുകോൺ അസ്വസ്ഥയായി, തുറന്നുപറഞ്ഞ് അനുപം ഖേർ

ദീപിക പദുകോൺ / AFP
ദീപിക പദുകോൺ / AFP

ഫറാ ഖാന്റെ 'ഓം ശാന്തി ഓം' എന്ന സിനിമയിലൂടെയാണ് ദീപിക പദുകോൺ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സിനിമയിലെത്തും മുൻപ് അനുപം ഖേറിന്റെ മുംബൈയിലെ 'ആക്ടർ പ്രിപ്പയേഴ്സ്' എന്ന അഭിനയ വിദ്യാലയത്തിൽ മൂന്ന് മാസത്തെ കോഴ്സ് അവർ പൂർത്തിയാക്കിയിരുന്നു. ഗോവ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഒരു ചർച്ചയ്ക്കിടെ, ദീപികയുമൊത്തുള്ള ഒരനുഭവം അനുപം തുറന്നുപറഞ്ഞു.

അഭിനയത്തിൽ നിരന്തരമായ പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവേയാണ്, അനുപം ഖേർ ദീപികയുടെ അനുഭവം എടുത്തുപറഞ്ഞത്.

"ഞങ്ങളുടെ രണ്ടാമത്തെ ബാച്ചിലെ വിദ്യാർഥിനിയായിരുന്നു ദീപിക. അറിയപ്പെടുന്ന ഒരു മോഡലായിരുന്നു അവർ. ഷാരൂഖ് ഖാനൊപ്പം ഫറാ ഖാൻ ദീപികയെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. ഇതൊരു മൂന്ന് മാസം നീണ്ടുനിന്ന കോഴ്സ് ആയിരുന്നു. ദീപിക ഒരു മോഡലും ഉയർന്ന വിദ്യാഭ്യാസ പശ്ചാത്തലവുമുള്ള ആളായതുകൊണ്ട് വളരെ ഒതുക്കവും കൃത്യതയുമുള്ളവളായിരുന്നു. അവരെപ്പോഴും കാര്യങ്ങൾ കൃത്യമായി ചെയ്യും. ചായക്കപ്പ് പോലും ഒരു പ്രത്യേക സ്റ്റൈലിലാണ് എടുക്കുക. ചിലപ്പോഴൊക്കെ അതിൽ യാതൊരു സ്വാഭാവികതയും ഉണ്ടായിരുന്നില്ല."

തന്റെ ക്ലാസുകളിലൊന്നിൽ അടിച്ചുവാരുന്ന ഒരു വീട്ടുജോലിക്കാരിയുടെ വേഷം ചെയ്യാൻ താൻ ദീപികയോട് ആവശ്യപ്പെട്ടത് അനുപം ഖേർ ഓർത്തെടുത്തു. അവർ വളരെ ആകർഷണീയതോടെയാണ് അത് ചെയ്തത്. തുടർന്ന് തന്റെ വീട്ടിലെ ജോലിക്കാരിയോട് അതേ കാര്യം ചെയ്തുകാണിക്കാൻ അനുപം ആവശ്യപ്പെട്ടു. ആ ജോലിക്കാരി വളരെ സ്വാഭാവികമായി അടിച്ചുവാരിക്കാണിച്ചു. "നിങ്ങൾ ശരിക്കും അത് ചെയ്യുകയാണെന്ന് എനിക്ക് ബോധ്യപ്പെടുന്നത് വരെ നമ്മൾ ഈ പരിശീലനം തുടരുമെന്ന് ഞാൻ ദീപികയോട് പറഞ്ഞു. അതുകേട്ട് അവർക്ക് നിരാശയായി. കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. എന്നാൽ അവരത് ചെയ്തു, പിന്നീടെന്നോട് നന്ദി പറയുകയും ചെയ്തു. നിങ്ങളത് ചെയ്യണം. നിരന്തരം പരിശീലനം നടത്തണം, ഒപ്പം ജോലി നേടാനായി കുറച്ചുകൂടി പ്രായോഗിക ബുദ്ധിയും കാണിക്കണം"-അദ്ദേഹം പറഞ്ഞു. 2006-ൽ 'ഐശ്വര്യ' എന്ന കന്നഡ ചിത്രത്തിലൂടെയാണ് ദീപിക അഭിനയത്തിലേക്ക് കടക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Anupam Kher shared that Deepika Padukone was almost in tears during an acting exercise where she had to play a maid., Deepika attended a three-month course at Actor Prepares before her Bollywood debut.