മോഹന്‍ലാല്‍ തുടരും; ജനറല്‍ സെക്രട്ടറിയാകാന്‍ ബാബുരാജ്, അമ്മ ജനറല്‍ ബോഡി നാളെ

ആളിക്കത്തിയ വിവാദങ്ങള്‍ക്ക് ശേഷം താരസംഘടനയായ അമ്മയുടെ ആദ്യ വാര്‍ഷിക ജനറല്‍ ബോഡിയോഗം ജൂണ്‍ 22 (ഞായറാഴ്ച) കൊച്ചിയില്‍ നടക്കും. ഭൂരിഭാഗം താരങ്ങളും ആവശ്യപ്പെട്ടതോടെ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നാണ് സൂചന. എന്നാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് എത്താനാണ് സാധ്യത. നിലവില്‍ അമ്മയുടെ ജോയിന്റ് സെക്രട്ടറിയാണ് ബാബുരാജ്. അവസാന വാര്‍ഷിക ജനറല്‍ബോഡിയില്‍ തെരഞ്ഞെടുപ്പിലൂടെ സ്ഥാനമേറ്റ കമ്മിറ്റി വിവാദങ്ങളെ തുടര്‍ന്ന് ഒന്നടങ്കം രാജിവച്ചിരുന്നു. തുടര്‍ന്ന് നിലവില്‍ അഡ്‌ഹോക് കമ്മിറ്റിയാണ് അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. മലയാള സിനിമയെ പിടിച്ചുകുലുക്കിയ മീടു വെളിപ്പെടുത്തലുകള്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ എന്നിവയാണ് താരസംഘടനയിലും പൊട്ടിത്തെറികള്‍ക്ക് കാരണമായത്. ആരോപണ വിധേയനായ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചതിന് പിന്നാലെ പ്രസിഡന്റായ മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയും നിലവിലെ കമ്മിറ്റി പിരിച്ചുവിടാനും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത് ഹ്രസ്വകാല അടിസ്ഥാനത്തില്‍ സാധ്യമാകാത്തതിനാൽ പിരിച്ചുവിടപ്പെട്ട കമ്മിറ്റി തന്നെ തല്‍ക്കാലത്തേക്ക് അഡ്‌ഹോക് കമ്മിറ്റിയായി കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തീരുമാനിച്ചു. ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പിന്നീട് കുടുംബസംഗമം അടക്കമുള്ള അമ്മയുടെ പരിപാടികള്‍ നടന്നത്. മികച്ച രീതിയില്‍ തന്നെ ഈ പരിപാടികള്‍ കമ്മിറ്റി സംഘടിപ്പിച്ചതോടെയാണ് നിലവിലെ കമ്മിറ്റി തന്നെ തുടരുന്നതാകും നല്ലതെന്ന ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നത്.
ഇതിനിടെ തിരക്കുകള്‍ കാരണം ട്രഷറര്‍ സ്ഥാനത്ത് നിന്ന് ഉണ്ണിമുകുന്ദന്‍ രാജിവച്ചിരുന്നു. എന്നാല്‍ ഉണ്ണിയുടെ രാജി അഡ്‌ഹോക് കമ്മിറ്റി അംഗീകരിച്ചിരുന്നില്ല. തീരുമാനത്തില്‍ നിലവില്‍ ഉണ്ണി മാറ്റമൊന്നും അറിയിക്കാത്തതിനാല്‍ വാര്‍ഷിക ജനറല്‍ബോഡിയില്‍ പുതിയ ട്രഷററെ തെരഞ്ഞെടുക്കാനാണ് സാധ്യത.
പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരണമെന്ന ഭൂരിപക്ഷ അഭിപ്രായത്തിന് അദ്ദേഹം സമ്മതംഅറിയിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ തെരഞ്ഞെടുപ്പ് ഉണ്ടാകുന്ന സാഹചര്യം വന്നാല്‍ താന്‍ പിന്മാറുമെന്നും മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ പോകാതിരിക്കാനാണ് സാധ്യത. ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നടത്തിയ മികച്ച പ്രവര്‍ത്തനമാണ് ബാബുരാജിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് പരിഗണിക്കുന്നതിന് കാരണമായത്. എന്നാല്‍ ജോയിന്റ് സെക്രട്ടറി നേരെ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ പറ്റുമോ എന്ന സംശയം ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. ജൂണ്‍ 22 ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടക്കുന്നത്.
Content Highlights: AMMA`s annual general body meeting on June 22nd. Mohanlal likely to continue as President, Baburaj as General Secretary. Post-controversy meeting.