പൃഥ്വിരാജ്-അക്ഷയ് ടീമിന്റെ സിനിമ തകർന്നു; നിർമാതാക്കൾക്ക് 300 കോടിയിലേറെ കടം, സ്വത്തുക്കൾ പണയത്തിലായി

രാകുൽപ്രീത് സിങ്, ജാക്കി ഭഗ്നാനി / PTI
രാകുൽപ്രീത് സിങ്, ജാക്കി ഭഗ്നാനി / PTI

അക്ഷയ് കുമാർ, ടൈഗർ ഷ്‌റോഫ്, പൃഥ്വിരാജ്, മാനുഷി ഛില്ലർ എന്നിവർ അഭിനയിച്ച സിനിമയാണ് 'ബഡേ മിയാ ഛോട്ടേ മിയാ'. 2024-ൽ റിലീസ് ചെയ്ത സിനിമ, 350 കോടിക്കാണ് നിർമിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്ന്. അക്ഷയ് കുമാർ 165 കോടിയാണ് സിനിമയ്ക്കായി പ്രതിഫലം വാങ്ങിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പൂജ എന്റർടെയിൻമെന്റിന്റെ ബാനറിൽ ജാക്കി ഭഗ്നാനി, വഷു ഭഗ്നാനി, ദീപ്ശിഖാ ദേശ്മുഖ് എന്നിവരായിരുന്നു നിർമിച്ചത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ചിത്രം പക്ഷേ ബോക്‌സോഫീസിൽ തകർന്നടിഞ്ഞു. മുടക്കിയ പണത്തിന്റെ കാൽഭാഗം പോലും തിരിച്ചുകിട്ടിയില്ല.

ഈ പരാജയം പൂജ എന്റർടെയിൻമെന്റിനെ സാമ്പത്തികമായി തകർത്തുവെന്ന് അന്ന് വാർത്തകളുണ്ടായിരുന്നു. 300 കോടിയിലേറെയാണ് കടമെന്നും വാർത്തകൾ വന്നു. കടം വീട്ടുന്നതിനായി പൂജ എന്റർടെയിൻമെന്റിന്റെ മുംബൈയിലെ ഏഴുനില ഓഫീസ് വിറ്റുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ''50 ശതമാനം പോലും റിട്ടേണുകളില്ലായിരുന്നു. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. ഈ സിനിമയ്ക്കായി ഞങ്ങളുടെ സ്വത്തുക്കൾ വരെ പണയപ്പെടുത്തിയിരുന്നു'', എന്നാണ് അന്ന് ജാക്കി ഭഗ്നാനി പറഞ്ഞത്.

ഇപ്പോഴിതാ അക്കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് ജാക്കിയുടെ ഭാര്യയും നടിയുമായ രാകുൽപ്രീത് സിങ്. ''നിങ്ങളൊരു വ്യവസായത്തിന്റെ ഭാഗമാണ്. നമ്മളിപ്പോൾ ക്ലിക്ക് ബൈറ്റ് സംസ്‌കാരത്തിലാണെന്ന് അറിയാമല്ലോ. അപ്പോൾ ആളുകൾ പലതും പറയും. അതൊന്നും ശരിയാവണമെന്നില്ല. ജാക്കിക്കും കുടുംബത്തിനും അത് ഏറെ വെല്ലുവിളി നിറഞ്ഞ സമയമായിരുന്നു. സിനിമ വിജയിച്ചില്ലെന്നത് വസ്തുതയാണ്. അത് വരുത്തിവെച്ച സാമ്പത്തികനഷ്ടവും വലുതായിരുന്നു. പക്ഷേ കമ്പനി അടച്ചുപൂട്ടിയെന്നത് തെറ്റായ വാർത്തയാണ്. പക്ഷേ എല്ലാ നിർമാതാക്കൾക്കും ഇത് സംഭവിക്കാറുണ്ട്. ഒരു ഘട്ടത്തിൽ അമിതാഭ് ബച്ചന് പോലും നഷ്ടമുണ്ടായി'', രാകുൽ വിശദീകരിക്കുന്നു.

''ജീവിതത്തിലെ ഏതൊരു സാഹചര്യത്തെയും രണ്ട് വിധത്തിൽ കാണാൻ കഴിയും. സംഭവിക്കുന്ന എല്ലാ തെറ്റായ കാര്യങ്ങളും എനിക്ക് രേഖപ്പെടുത്താം. അല്ലെങ്കിൽ തലയ്ക്ക് മുകളിൽ ഒരു മേൽക്കൂരയും ആരോഗ്യമുള്ള ശരീരവും ഉള്ളതിൽ നന്ദിയുള്ളവനായിരിക്കാം. 'എന്റെ സിനിമ 500 കോടി നേടിയില്ല, മറ്റാരുടെയോ സിനിമയാണ് നേടിയത്' എന്ന് എനിക്ക് പറയാം, അല്ലെങ്കിൽ എനിക്ക് ഒരു സിനിമയുണ്ട്, ഞാൻ ജോലി ചെയ്യുന്നു, ആളുകൾ എന്റെ ജോലി ഇഷ്ടപ്പെടുന്നു എന്നതിൽ നന്ദിയുള്ളവനായിരിക്കാം'', രാകുൽ പറയുന്നു.

ദീർഘനാളായി പ്രണയത്തിലായിരുന്ന ജാക്കിയും രാകുലും 2024-ലാണ് വിവാഹിതരായത്. സൂര്യപുത്ര മഹാവീർ കർണ, മിഷൻ ലയൺ എന്നിവയാണ് ജാക്കി ഇനി നിർമിക്കുന്ന ചിത്രങ്ങൾ. 'ദേ ദേ പ്യാർ ദേ 2'-ാണ് രാകുലിന്റെ അവസാനമിറങ്ങിയ ചിത്രം. ഇന്ത്യൻ 3, പതി പത്‌നി ഓർ വോ ദോ എന്നീ സിനിമകളാണ് റിലീസാവാനിരിക്കുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: The Akshay Kumar starrer `Bade Miyan Chote Miyan` failed to recover its ₹350 crore budget, leaving producers with over ₹300 crore in debt