ഞങ്ങളുടെ പ്രണയം രഹസ്യമായിരുന്നില്ല; പുതിയ വിശേഷങ്ങളുമായി നൂറിന്‍ ഷെരീഫും ഫാഹിമും

'എന്റെ ബിഗ് ഡേ ആണിന്ന്. അതിന്റെ സന്തോഷവും ആവേശവുമാണ് മനസുനിറയെ.' ഇന്നലെ വിവാഹം കഴിഞ്ഞ നടി നൂറിന്‍ ഷെരീഫിന്റെ വാക്കുകള്‍. അഡാര്‍ ലൗ എന്ന സിനിമയിലൂടെ മലയാളസിനിമയിലേക്കെത്തിയ താരമാണ് നൂറിന്‍ ഷെരീഫ്. ഒരുപിടി ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയതാരമായി നൂറിന്‍ മാറി. നടനും തിരക്കഥാകൃത്തുമായ ഫാഹിം സഫറിനെയാണ് താരം വിവാഹം ചെയ്തത്. തീര്‍ത്തും അപ്രതീക്ഷിതമായ കണ്ടുമുട്ടലായിരുന്നു ഇരുവരുടേതും. തുടര്‍ന്ന് ആ സൗഹൃദം വളരുകയും പ്രണയത്തിന് വഴിമാറുകയുമായിരുന്നു. പുത്തന്‍ പ്രതീക്ഷകളും പദ്ധതികളും ഗൃഹലക്ഷ്മിയോട് പങ്കുവെക്കുകയാണ് ഇരുവരും.
ആദ്യത്തെ കണ്ടുമുട്ടല്‍ ഓര്‍മയിലുണ്ടോ...?
നൂറിന്‍ ഷെരീഫ്: ഫാഹിമിന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ ഉമ്മയാണ് എന്റെ ഡാന്‍സ് ടീച്ചര്‍. സജ്ന നജാം എന്നാണ് പേര്. ഒരിക്കല്‍ ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ ന്യൂ ഇയര്‍ ഇവന്റില്‍ ഞങ്ങളുടെ ഡാന്‍സ് പ്രോഗ്രാം കാണാന്‍ ഫാഹിം വന്നിരുന്നു. അതായിരുന്നു ആദ്യ കണ്ടുമുട്ടല്‍. അന്ന് കുറച്ചുനേരം സംസാരിച്ചു. ഞങ്ങള്‍ക്ക് ഒരുപാട് മ്യൂച്വല്‍ ഫ്രണ്ട്സുണ്ട്. ഫ്രണ്ട്സ് ഒരുമിച്ച് കറങ്ങാന്‍പോകും. അതുകൊണ്ട് പിന്നീട് പലയിടങ്ങളിലും കണ്ടുമുട്ടി. രണ്ടുപേരും സിനിമയിലെത്തിയതോടെ സൗഹൃദം ദൃഢമായി. തിരുവനന്തപുരത്തായിരുന്നപ്പോഴും സിനിമയ്ക്കായി കൊച്ചിയിലേക്ക് മാറിയപ്പോഴും ഞങ്ങള്‍ രണ്ടുപേരും ഒരേ ഗ്യാങ്ങുകളുടെ ഭാഗമായിരുന്നു. ഒരുമിച്ച് അഭിനയിച്ച 'വെള്ളേപ്പം' എന്ന സിനിമ ഇതുവരെ റിലീസായിട്ടില്ല.
ഫാഹിം സഫര്‍: പ്രേമം തുടങ്ങുംമുമ്പേ നൂറിന്‍ എന്നെ സഹായിച്ചിട്ടുണ്ട്. അവള്‍ അറിഞ്ഞില്ലെന്നുമാത്രം. പണ്ട് കൂട്ടുകാര്‍ ചേര്‍ന്ന് ഷോര്‍ട്ട് ഫിലിം ചെയ്യുമായിരുന്നു. അന്ന് സാമ്പത്തികമായി സഹായിച്ചത് സജ്നച്ചേച്ചിയായിരുന്നു. നൂറിനും കൂട്ടുകാരും ഡാന്‍സ് കളിച്ചുണ്ടാക്കുന്ന ലാഭത്തില്‍നിന്നുള്ള നീക്കിയിരിപ്പായിരിക്കുമല്ലോ സജ്നച്ചേച്ചി ഞങ്ങള്‍ക്ക് തന്നത്.
മൂന്നുവര്‍ഷത്തോളം പ്രേമിച്ചിട്ടും എന്‍ഗേജ്മെന്റിന്റെ സമയത്താണ് പലരും നിങ്ങളുടെ പ്രണയം അറിഞ്ഞത്
നൂറിന്‍: പ്രണയം രഹസ്യമായിരുന്നില്ല. എനിക്കൊപ്പം പലപ്പോഴും ഫാഹിമുണ്ടായിരുന്നു. പല ഡാന്‍സ് പ്രോഗ്രാമുകള്‍ക്കും ഉദ്ഘാടനച്ചടങ്ങുകള്‍ക്കും ഞങ്ങള്‍ ഒന്നിച്ച് യാത്രചെയ്തു. പക്ഷേ, യാത്രയില്‍ എപ്പോഴും മറ്റാരെങ്കിലുമൊക്കെയുണ്ടാകും. ചിലപ്പോള്‍ ഫ്രണ്ട്‌സ്. അല്ലെങ്കില്‍ എന്റെ വീട്ടുകാര്‍. അതുകൊണ്ടൊക്കെയാവും പ്രേമം പുറത്താവാതിരുന്നത്.
ഫാഹിം: . എന്തിന്, ഞങ്ങളുടെ ആദ്യ ഡേറ്റിനുപോലും നൂറിന്റെ കുടുംബം കൂടെ വന്നിരുന്നു. രണ്ട് കാപ്പുച്ചിനോകളില്‍ ഒതുങ്ങേണ്ടിയിരുന്ന ആ ഡേറ്റില്‍ അഞ്ചോ ആറോ ഓര്‍ഡര്‍ ചെയ്യേണ്ടിവന്നു. ഞാന്‍ ഇവളുടെ സഹോദരനാണെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. എന്‍ഗേജ്മെന്റിന്റെ ഫോട്ടോസ് പോസ്റ്റ് ചെയ്തപ്പോള്‍ പലരും ആ സംശയം കമന്റായും എഴുതി.
പ്രണയം അറിഞ്ഞപ്പോള്‍ വീട്ടുകാരുടെ പ്രതികരണം?
ഫാഹിം: നൂറിന്റെ വീട്ടുകാര്‍ക്ക് എന്നെയും എന്റെ വീട്ടുകാര്‍ക്ക് നൂറിനെയും നന്നായി അറിയാമായിരുന്നു. സമയമായി എന്ന് തോന്നിയപ്പോള്‍ ഞങ്ങള്‍ വീട്ടില്‍ അറിയിച്ചു. എല്ലാവരും ഓക്കെയായിരുന്നു. അതിനുശേഷം ചെറിയ ചടങ്ങുകളൊക്കെ നടന്നു. ഞാന്‍ നൂറിനെ പെണ്ണുകാണാന്‍ പോയി. അവളുടെ വീട്ടുകാര്‍ എന്റെ വീട്ടില്‍ വന്നു. ഡിസംബര്‍ 23-ന് എന്‍ഗേജ്മെന്റ് കഴിഞ്ഞു.
വിവാഹജീവിതത്തിലേക്കുള്ള മാറ്റം എങ്ങനെയായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ...?
നൂറിന്‍: ഇപ്പോള്‍ എങ്ങനെയാണോ അങ്ങനെത്തന്നെ പോകാനാണ് തീരുമാനം. ഫാഹിമും ഞാനും ഒരിടത്താകുമെന്ന മാറ്റമേ ഉണ്ടാകാന്‍ പോകുന്നുള്ളൂ. പുതിയ ജീവിതത്തിലേക്ക് കടക്കാന്‍ എല്ലാവരെയുംപോലെ ഞാനും എക്സൈറ്റഡാണ്.
'മധുരം' സിനിമയുടെ തിരക്കഥാകൃത്തുകൂടിയാണ് ഫാഹിം. കഥകളൊക്കെ പങ്കുവയ്ക്കാറുണ്ടോ..?
നൂറിന്‍: 'മധുര'ത്തിന്റെ സമയത്തൊക്കെ ഞാന്‍ ഒപ്പമുണ്ട്. അവന്‍ അടുത്ത സുഹൃത്തുക്കളോടൊക്കെ കഥ ചര്‍ച്ചചെയ്യും. പഠിക്കുന്ന സമയത്ത് കുറെ ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഏതെങ്കിലും പ്രസിദ്ധീകരണങ്ങളിലേക്ക് അയച്ചുകൊടുക്കാനുള്ള ധൈര്യമില്ലായിരുന്നു. ഡയറിയിലാണ് കഥകള്‍ എഴുതാറ്. ഒരിക്കല്‍ എന്റെ ചേച്ചി ആ ഡയറി കണ്ടു. വീട്ടില്‍ വായിച്ച് അലമ്പാക്കി. എപ്പോഴെങ്കിലും ഞാന്‍ അടിപൊളിയാകുമ്പോള്‍ ആ കഥകളൊക്കെ സിനിമയാക്കും.
രണ്ടുപേരും ചേര്‍ന്നുള്ള സ്‌ക്രിപ്റ്റ് പ്രതീക്ഷിക്കാമോ...?
ഫാഹിം: അവളുടെ ചെറുകഥയിലെ ത്രെഡ് വെച്ച് ഞങ്ങള്‍ ഒരു തിരക്കഥ എഴുതിനോക്കി. വര്‍ക്കൗട്ടായില്ല. അതോടെ ഉപേക്ഷിച്ചു. എന്റെ സുഹൃത്ത് ധനഞ്ജയ് വിനീത് ശ്രീനിവാസന്റെ അസോസിയേറ്റാണ്. ഞങ്ങള്‍ മൂന്നുപേര്‍കൂടി ഒരു കഥ ചര്‍ച്ചചെയ്തുണ്ടാക്കി, ചെന്നൈയില്‍ പോയി വിനീതേട്ടനെ കേള്‍പ്പിച്ചു. അദ്ദേഹം ഒരുപാട് നിര്‍ദേശങ്ങള്‍ നല്‍കി. ആ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായി സിനിമയാകാന്‍ പോകുന്നു. കാസ്റ്റിങ് കഴിഞ്ഞു. ഉടനെ പ്രഖ്യാപനമുണ്ടാകും.
നൂറിനെ ഇപ്പോള്‍ സിനിമയില്‍ കാണുന്നില്ലല്ലോ...?
നൂറിന്‍: കോവിഡിനുശേഷം ബ്രേക്ക് എടുത്തതാണ്. ആദ്യസിനിമയ്ക്കുശേഷം കുറച്ച് പടങ്ങള്‍ ചെയ്തു. എന്നാല്‍, പ്രതീക്ഷിച്ച ഇമ്പാക്ടുണ്ടായില്ല. എന്റെ ഗ്രാഫ് എങ്ങനെ പോകണമെന്ന് വ്യക്തമായ പ്ലാനുണ്ട്. ചെയ്ത പടങ്ങള്‍ അങ്ങനെയാണോ എന്ന സംശയമുണ്ടായി. ഇനി ആഗ്രഹിക്കുന്ന തരം സിനിമകള്‍ വരുമ്പോള്‍ ചെയ്താല്‍ മതിയെന്ന് തീരുമാനിച്ചു. ഞാന്‍ നോ പറഞ്ഞ ചില ചിത്രങ്ങള്‍ ഹിറ്റായി.കഥ മോശമായതുകൊണ്ടല്ല, കംഫര്‍ട്ടബിള്‍ അല്ലാത്തതുകൊണ്ടാണ് നോ പറഞ്ഞത്. പിന്നീട് ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. ടി.കെ. രാജീവ് കുമാര്‍ സാറിന്റെ 'ബര്‍മുഡ.'ആ സിനിമ ആസ്വദിച്ച് ചെയ്തു. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാനായതില്‍ സന്തോഷമുണ്ട്.
ഫാഹിം: നല്ലതിനായി കാത്തിരിക്കുന്നത് മോശം കാര്യമല്ല. എറണാകുളത്ത് എല്‍.എല്‍.ബി. പഠിക്കാന്‍ ചേര്‍ന്നതുമുതല്‍ ഞാന്‍ ഓഡിഷന് പോകുന്നുണ്ട്. രണ്ട് സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി. ആറാംവര്‍ഷമാണ് ഒരു റോള്‍ കിട്ടിയത്. 'ജൂണ്‍' സിനിമയില്‍. തൊട്ടടുത്തമാസം രണ്ടാമത്തെ സിനിമയിലേക്കും അവസരം കിട്ടി. 'പതിനെട്ടാം പടി'. ഈ കഥ ഞാന്‍ നൂറിനോട് പറയാറുണ്ട്. സിനിമയില്‍ അവളുടെ നല്ല സമയം വരും.
ഭാവി പരിപാടികള്‍...?
നൂറിന്‍: കല്യാണം കഴിഞ്ഞ് ബ്രേക്കെടുക്കാനൊന്നും പ്ലാനില്ല. തിരക്ക് കഴിഞ്ഞാലുടന്‍ ഞങ്ങളുടെ സിനിമയിലേക്ക് കടക്കണം. സിനിമ മാത്രമാണ് വഴിയെന്ന് നേരത്തേ ഉറപ്പിച്ചതാണ്.
ഫാഹിം: ഞാന്‍ എല്‍.എല്‍.ബി. പാസായ ആളാണ്. ഇന്റേണ്‍ഷിപ്പും ചെയ്തു. പക്ഷേ, എന്റോള്‍ ചെയ്തില്ല. വക്കീല്‍ പണി എനിക്ക് പറ്റിയതല്ലെന്ന് നേരത്തേ മനസ്സിലായി. സിനിമയെപ്പറ്റി മാത്രമാണ് ആലോചന. അഭിനയമാണ് ഏറ്റവും ഇഷ്ടം. അതില്ലെങ്കില്‍ എഴുതണം. ഒരിക്കല്‍ സംവിധായകനാവണമെന്നും ഉള്ളിലുണ്ട്. പക്ഷേ, ഇപ്പോള്‍ അതിനുള്ള സമയമായിട്ടില്ല. അതിനായി കൂടുതല്‍ പഠിക്കാനുണ്ട്്.
Content Highlights: actress noorin shereef and fahim safar marriage life latest interview