തിയേറ്ററിൽ നിർമാതാവിനെ ചെരിപ്പൂരിയടിച്ച് നടി രുചി ഗുജ്ജർ, വീഡിയോ വൈറൽ

രുചി​ ​ഗുജ്ജർ, സംഘർഷത്തിൽ നിന്നുള്ള രം​ഗം | Instagram
രുചി​ ​ഗുജ്ജർ, സംഘർഷത്തിൽ നിന്നുള്ള രം​ഗം | Instagram

മുംബൈയിലെ സിനിപൊളിസ് തിയേറ്ററിൽ വെച്ച് നടി രുചി ഗുജ്ജർ നിർമ്മാതാവും നടനുമായ മൻ സിങ്ങിനെ ചെരിപ്പൂരിയടിച്ചു, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു ടെലിവിഷൻ ഷോയുടെ സഹനിർമാതാവാക്കാമെന്ന് പറഞ്ഞ് നിർമ്മാതാവ് കരൺ സിങ് ചൗഹാൻ തന്റെ പക്കൽ നിന്ന് 24 ലക്ഷം രൂപ തട്ടിയെടുത്തതിൽ പ്രകോപിതയായാണത്രേ നടിയുടെ പ്രതികരണം. ചൗഹാനും മൻ സിങ്ങും ഒന്നിച്ച് നിർമിച്ച ചിത്രം റിലീസിനെത്തിയതോടെയായിരുന്നു നടിയുടെ പ്രതികരണം. കരൺ സിങ്ങിനെതിരേ രുചി പോലീസിനെ സമീപിച്ചിരുന്നു. പിന്നാലെയാണ് തിയേറ്ററിലെ സംഘർഷം.

സോണി ടിവിയിൽ ഉടൻ സംപ്രേഷണം ചെയ്യുന്ന ഒരു ഹിന്ദി സീരിയൽ നിർമിക്കുകയാണെന്ന് അവകാശപ്പെട്ടാണ് ചൗഹാൻ രുചിയിൽ നിന്ന് പണം വാങ്ങിയത്. തന്നെ സഹനിർമാതാവാക്കാമെന്ന് വാഗ്ദാനം ചെയ്ത അദ്ദേഹം പ്രോജക്റ്റുമായി ബന്ധപ്പെട്ട രേഖകൾ അയച്ചിരുന്നതായും രുചി പറയുന്നു. അതിൽ വിശ്വസിച്ച്, 2023 ജൂലായിലേക്കും 2024 ജനുവരിക്കും ഇടയിൽ തന്റെ കമ്പനിയായ എസ്ആർ ഈവന്റ് ആൻഡ് എന്റർടെയ്ൻമെന്റ് വഴി ചൗഹാന്റെ കമ്പനിയായ കെ സ്റ്റുഡിയോസുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് പലതവണ രുചി പണം കൈമാറി.

മാസങ്ങൾ കടന്നുപോയി, നിർമാണപ്രവർത്തനങ്ങളുടെ ഒരു സൂചനയും ഉണ്ടായിരുന്നില്ല. അന്വേഷിക്കുമ്പോഴെല്ലാം, അവ്യക്തമായ മറുപടികളും പൊള്ളയായ വാഗ്ദാനങ്ങളുമാണ് ലഭിച്ചതെന്ന് രുചി ആരോപിക്കുന്നു. പണം ഷോയ്ക്ക് വേണ്ടിയല്ല, മറിച്ച് 'സോ ലോങ് വാലി' എന്ന് പേരിട്ടിരിക്കുന്ന സിനിമാ പ്രോജക്റ്റിന് വേണ്ടിയാണ് ഉപയോഗിച്ചതെന്നറിഞ്ഞപ്പോൾ രുചിക്ക് നിരാശയായി.

ചിത്രത്തിന്റെ റിലീസിനെപ്പറ്റി അറിഞ്ഞതിന് ശേഷമാണ് രുചി ചൗഹാനെ നേരിടാൻ തീരുമാനിച്ചത്. സിനിമ റിലീസ് ചെയ്യുന്നു എന്ന വിവരം ലഭിച്ചപ്പോൾ, പണം തിരികെ തരാൻ രുചി ആവശ്യപ്പെട്ടു, അപ്പോൾ ചൗഹാൻ ഭീഷണിപ്പെടുത്താൻ തുടങ്ങി, ഇതോടെ ചൗഹാനെതിരേ കേസ് രജിസ്റ്റർ ചെയ്തു, അന്വേഷണം പുരോഗമിക്കുകയാണ്. ഭാരതീയ ന്യായ സംഹിതയുടെ വിവിധവകുപ്പുകൾ പ്രകാരം മുംബൈ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇതാദ്യമായല്ല രുചി പൊതുശ്രദ്ധ നേടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച മാല ധരിച്ച് കാനിലെത്തിയപ്പോഴും അവർ വാർത്തകളിൽ ഇടം നേടിയിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actress Ruchi Gujjar accuses producer Karan Singh Chauhan of ₹24 lakh fraud, assaults him at Mumbai theatre. Watch the viral video.