'ആരാധനാലയങ്ങൾ പോലെ ആസ്പത്രികൾക്കും സംഭാവനകൊടുക്കണം', ജ്യോതിക വിമർശിക്കപ്പെട്ടപ്പോൾ സൂര്യ പിന്തുണയുമായെത്തി

ഇക്കഴിഞ്ഞ ദിവസമാണ് അഗരം ഫൗണ്ടേഷന്റെ 15-ാം വാർഷികാഘോഷങ്ങൾ നടന്നത്. അപ്പോഴാണ് നടൻ സൂര്യയാണ് ഇതിനു പിന്നിലെന്ന് പലരും അറിയുന്നത്. ചടങ്ങിനിടയിൽ പലരും തങ്ങളുടെ ജീവിതകഥകൾ പറഞ്ഞത്, വേദിയിലുള്ളവരെ വികാരാധീനരാക്കിയിരുന്നു.
2006 സെപ്റ്റംബർ 25-നാണ് സൂര്യയുടെ നേതൃത്വത്തിൽ അഗരം തുടങ്ങിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ പഠനത്തിനായി സഹായിക്കുക എന്നതാണ് അഗരത്തിന്റെ പ്രധാന ഉദ്ദേശ്യം. അന്ന് സൂര്യ പറഞ്ഞതിങ്ങനെ, ''അച്ഛൻ വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത് ഞാൻ തുടരുന്നുവെന്നേയുള്ളൂ. അദ്ദേഹത്തിന്റെ ലക്ഷ്യവുമായി ഞാനും മുന്നോട്ടുപോവുന്നു''. സൂര്യയുടെ അച്ഛനും തമിഴ്‌നടനും സംവിധായകനുമായ ശിവകുമാർ 1980-കളിലാണ് വിദ്യാഭ്യാസപരമായ കാര്യങ്ങൾക്കായി ഒരു ട്രസ്റ്റ് തുടങ്ങിയത്. ശിവകുമാർ എജ്യുക്കേഷണൽ ട്രസ്റ്റ് എന്നാണതിന്റെ പേര്. ''സാമൂഹ്യപ്രവർത്തനങ്ങൾ ഒരു സേവനമായിട്ടല്ല ഞാൻ കാണുന്നത്, അതൊരു ഉത്തരവാദിത്തമായിട്ടാണ്. എനിക്ക് ഒരുപാട് സ്‌നേഹം തരുന്ന സമൂഹത്തിന് തിരിച്ചെന്തെങ്കിലും നൽകണമെന്ന ആഗ്രഹം കൂടിയായിരുന്നു ആ തുടക്കത്തിനുപിന്നിൽ'', സൂര്യ തുടർന്നുപറഞ്ഞു. ''പങ്കുവെച്ചാൽ സ്‌നേഹവും വിദ്യാഭ്യാസവും ഒരിക്കലും വറ്റില്ല'' എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിൽ സൂര്യയ്‌ക്കൊപ്പം തന്നെ ജ്യോതിക, സഹോദരൻ കാർത്തി, അച്ഛൻ ശിവകുമാർ എന്നിവരും സജീവമാണ്. സൂര്യ-ജ്യോതിക ദമ്പതികളുടെ മക്കളായ ദിയയും ദേവും തങ്ങൾക്ക് കിട്ടുന്ന പോക്കറ്റ് മണിയും അഗരത്തിലേക്കാണ് സംഭാവന ചെയ്യുന്നതെന്ന് കാർത്തി ചടങ്ങിൽവെച്ച് വെളിപ്പെടുത്തിയിരുന്നു. അഗരത്തിന്റെ കീഴിലുള്ള 'മാധം 300' പദ്ധതിയിലൂടെയാണ് എല്ലാ മാസവും ദിയയും ദേവും പോക്കറ്റ് മണി സംഭാവന ചെയ്യുന്നത്.
''സാമ്പത്തികപ്രശ്‌നങ്ങൾ വരുമ്പോൾ നമ്മളിത് പണംകൊണ്ടല്ല സ്‌നേഹംകൊണ്ടാണ് തുടങ്ങിയതെന്ന് അണ്ണി (ജ്യോതിക) അണ്ണനെ (സൂര്യ) ഓർമിപ്പിക്കും. പണം പിന്നാലെ വരുമെന്നും അണ്ണി ആശ്വസിപ്പിക്കും. അവരുടെ പിന്തുണയില്ലായിരുന്നുവെങ്കിൽ അണ്ണനിത് മുന്നോട്ടുകൊണ്ടുപോവാൻ കഴിയില്ലായിരുന്നു'', കാർത്തി വേദിയിൽവെച്ച് പറഞ്ഞു.
ഇതിനുപുറമെ 2017-ൽ തങ്ങളുടെ കുടുംബവീടുകളിലൊന്ന് സൂര്യ, അഗരത്തിന്റെ പ്രവർത്തനങ്ങൾക്കായി കൈമാറിയിരുന്നു. 2020-ൽ തഞ്ചാവൂർ സർക്കാർ ആസ്പത്രിയിലേക്ക് മെഡിക്കൽ ഉപകരണങ്ങളും കിടക്കകളും മറ്റും വാങ്ങാനായി പണം നൽകി. ജ്യോതികയാണ് അന്നതിന് നേതൃത്വം നൽകിയത്. 20 ലക്ഷം രൂപയാണ് ആസ്പത്രിയുടെ ആവശ്യങ്ങൾക്കായി അന്ന് നൽകിയത്. 2019-ൽ 'രാച്ചസി' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് തഞ്ചാവൂരിലെ സർക്കാർ ആസ്പത്രിയിൽ ജ്യോതികയെത്തിയത്. ആസ്പത്രിയുടെ മോശമായ അവസ്ഥ അവരെ അസ്വസ്ഥയാക്കുകയും ചെയ്തു. പിന്നീട് ഒരു അവാർഡ്ദാന ചടങ്ങിനിടയിൽ ജ്യോതിക അതിനെക്കുറിച്ച് പറഞ്ഞു, ''ആരാധനാലയങ്ങളിൽ സംഭാവന കൊടുക്കുന്നതുപോലെ, ആസ്പത്രികൾക്കും സ്‌കൂളുകൾക്കും സംഭാവന നൽകാൻ നമ്മൾ തയ്യാറാകണം''. അന്നത് രൂക്ഷമായ വിമർശനം നേരിടേണ്ടി വന്നു. പിന്നാലെ ജ്യോതികയ്ക്ക് പിന്തുണയുമായി സൂര്യ എത്തി. ''നമ്മൾ കുട്ടികളെ പഠിപ്പിക്കേണ്ടത് മനുഷ്യത്വമാണ്'' എന്നാണ് സൂര്യ പറഞ്ഞത്.
'ഹീറോവാ? സീറോവാ?' എന്ന പേരിൽ 2008-ൽ ഒരു ഷോർട്ട്ഫിലിം അഗരം നിർമിച്ചിരുന്നു. മാധവൻ, വിജയ്, ജ്യോതിക, സൂര്യ എന്നിവരാണ് അതിൽ അഭിനയിച്ചത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതായിരുന്നു ഈ ഷോർട്ട് ഫിലിം. ഇന്ന് അഗരം വഴി പഠനം പൂർത്തിയാക്കിയത് 51 ഡോക്ടർമാരാണ്. ഇവരെല്ലാം തമിഴ്‌നാട്ടിലെ വിവിധ ഉൾനാടൻ ഗ്രാമങ്ങളിൽനിന്നുള്ളവരാണ്. 1800-ലേറെ പേർ എൻജിനീയർമാരും അഗരത്തിന്റെ ഭാഗമായി വിദ്യാഭ്യാസം പൂർത്തിയാക്കി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: agaram foundation founded by actor suriya, marked its 15th anniversary