ആശുപത്രിയിൽ ഒരു സ്ട്രെച്ചറില്‍ അവളെ കിടത്തിയിരിക്കുന്നു. അതില്‍ നിറയെ ഈച്ചകളാണ്

ഒരു സിനിമയേക്കാള്‍ സിനിമാറ്റിക്കാണ് സില്‍ക്ക് സ്മിതയുടെ ജീവിതം, അത്ര തന്നെ ട്വിസ്റ്റുകളുമുണ്ട്. ആന്ധ്രയിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച വിജയലക്ഷ്മി എന്ന പെണ്‍കുട്ടി, തെന്നിന്ത്യന്‍ സിനിമയുടെ നായികയായ കഥ. കുടുംബത്തിന്റെ സാമ്പത്തികനില ഭദ്രമല്ലാത്തതിനാല്‍ നാലാം ക്ലാസില്‍വെച്ച് വിജയലക്ഷ്മിക്ക് പഠിപ്പ് നിര്‍ത്തേണ്ടിവന്നു. വിജയലക്ഷ്മിയുടെ സമ്മതമില്ലാതെ പതിനാലാം വയസ്സില്‍ തന്നെ അവളെ വിവാഹം കഴിപ്പിക്കുകയും ചെയ്തു. സന്തോഷകരമായൊരു ജീവിതമല്ല ഭര്‍തൃവീട്ടില്‍ കാത്തിരുന്നത്. ക്രൂരമായ രീതിയിലുള്ള ഗാര്‍ഹികപീഡനങ്ങള്‍, അതിനിടയില്‍ ആവശ്യത്തിനുള്ള ആഹാരം പോലും കിട്ടിയിരുന്നില്ല. ഭര്‍ത്താവും വീട്ടുകാരും ചെറിയ കുട്ടിയെന്ന പരിഗണനപോലും കൊടുത്തില്ല. ഒട്ടും സഹിക്കാനാവാതെ വന്നപ്പോള്‍ ആ വീട്ടില്‍ നിന്നിറങ്ങി.
ഒരു ബന്ധുവിനൊപ്പം നേരെ പോയത് കോടമ്പാക്കത്തേക്കാണ്. അന്നത്തെ സിനിമയുടെ സ്വപ്നഭൂമിയിലേക്ക്. അവിടെയുള്ളൊരു മേക്കപ്പ് ആര്‍ട്ടിസ്റ്റില്‍നിന്ന് മേക്കപ്പിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. ചെറിയ വേഷങ്ങള്‍ ചെയ്യുന്ന പല താരങ്ങളുടെയും ടച്ചപ്പ് ആര്‍ട്ടിസ്റ്റായി വിജയലക്ഷ്മി സിനിമയിലേക്ക് ചുവടുവെച്ചു. അതിനൊപ്പം ചെറിയ റോളുകളില്‍ അഭിനയിക്കുകയും ചെയ്തു. ആരാലും ശ്രദ്ധിക്കപ്പെടാത്ത റോളുകളായിരുന്നു അതെല്ലാം.
ആയിടയ്ക്കാണ് ആന്റണി ഈസ്റ്റ്മാന് ഇണയെ തേടി എന്ന സിനിമയ്ക്കായി താരങ്ങളെ തേടിയത്. കുറേ പുതുമുഖങ്ങളെ കണ്ടെങ്കിലും ആരും ആ കഥാപാത്രവുമായി യോജിച്ചുപോവില്ലെന്ന് തോന്നി. അപ്പോഴാണ് ആ തെലുഗു സുന്ദരിയെ കാണുന്നത്. അങ്ങനെ ഇണയെ തേടി എന്ന സിനിമയിലൂടെ വിജയലക്ഷ്മിക്ക് നല്ല പ്രാധാന്യമുള്ളൊരു കഥാപാത്രവും ലഭിച്ചു. ആന്റണി ഈസ്റ്റ്മാന് തന്നെയാണ് ആ പെണ്‍കുട്ടിക്ക് സ്മിത എന്ന പേര് നല്‍കുന്നതും. സ്മിത പാട്ടീലിന്റെ ഓര്‍മയിലാണ് ആ പേരിട്ടത്. പക്ഷേ, കുറേ വൈകിയാണ് ആ സിനിമ റിലീസായത്.
അതിനിടയ്ക്കാണ് തമിഴില്‍ നല്ലൊരു ബ്രേക്ക് കിട്ടുന്നത്. അതിന് കാരണമായത് സംവിധായകനും തിരക്കഥാകൃത്തുമെല്ലാമായ വിനു ചക്രവര്‍ത്തിയാണ്. പുതിയ സിനിമയായ വണ്ടിച്ചക്കറത്തിനുള്ള ഓഡിഷന് നടക്കുകയായിരുന്നു. അതിനായെത്തിയവരുടെ കൂട്ടത്തില്‍ സ്മിതയുമുണ്ടായിരുന്നു. നേരിട്ടുകാണുമ്പോള്‍ ഒരു സാധാരണ പെണ്‍കുട്ടി. പക്ഷേ ക്യാമറയ്ക്ക് മുന്നില്‍ അവള് ഞെട്ടിച്ചുകളഞ്ഞുവെന്ന് വിനു ചക്രവര്‍ത്തി പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അങ്ങനെ തമിഴിലും നല്ലൊരു റോള്‍ കിട്ടി. അതിലെ സില്‍ക്ക് എന്ന ബാര്‍ ഗേളുടെ കഥാപാത്രം ചിന്തിക്കാന്‍പോലും കഴിയാത്തത്ര പ്രശസ്തിയാണ് സ്മിതയ്ക്ക് നല്‍കിയത്. ഒരൊറ്റദിവസം കൊണ്ട് അവര്‍ താരമായി. തന്റെ ആദ്യ തമിഴ് ഹിറ്റിലെ സില്‍ക്ക് എന്ന പേര് സ്മിത സ്വന്തം പേരിനോട് കൂട്ടിച്ചേര്‍ത്തു.
കാരക്ടര്‍ റോളുകള്‍ ചെയ്യണമെന്നായിരുന്നു അപ്പോഴും സ്മിതയുടെ ആഗ്രഹം. വിനു ചക്രവര്‍ത്തിയുടെ ഭാര്യ സ്മിതയെ ഇംഗ്ലീഷ് പഠിപ്പിച്ചു. നൃത്തം പരിശീലിപ്പിക്കാനായി ഒരാളെ ഏര്‍പ്പാടാക്കുകയും ചെയ്തു. ഒരു താരമാക്കാന്‍ വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍. പക്ഷേ അപ്പോഴേക്കും സ്മിതയുടെ കരിയര്‍ അവര്‍ പോലുമറിയാതെ മറ്റൊരു വഴിയിലേക്ക് തിരിഞ്ഞിരുന്നു. വണ്ടിച്ചക്കറത്തിന് പിന്നാലെ അതേപോലുള്ള റോളുകള്‍ അവരെ തേടിയെത്തി. തങ്ങളുടെ സിനിമയില്‍ സ്മിതയുടെ ഒരു നൃത്തസീനോ ഗസ്റ്റ് റോളോ ഉള്‍പ്പെടുത്താനായി നിര്‍മാതാക്കള്‍ കാത്തിരുന്നു. അത്തരം റോളുകളില്‍നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാനും കഴിഞ്ഞില്ല. ഒരഭിമുഖത്തില്‍ സ്മിത പറഞ്ഞതിങ്ങനെ, ''നല്ല കരുത്തുള്ള, കാരക്ടര്‍ റോളുകളായിരുന്നു എനിക്കിഷ്ടം. പക്ഷേ വണ്ടിച്ചക്രത്തിലെ ഗ്ലാമറസ് റോളിനുശേഷം അതേപോലുള്ള റോളുകളാണ് എന്നെ തേടിവന്നത്''.
സില്‍ക്ക് സ്മിതയുടെ കാലം
1980-കളില്‍ ഏറ്റവും ഡിമാന്റുള്ള താരമായി മാറി അവര്‍. മലയാളം, തമിഴ്, തെലുഗു, ഹിന്ദി സിനിമകളിലെല്ലാം നിറഞ്ഞുനിന്നു. ബോള്‍ഡ് ഡാന്‍സ് നമ്പറുകളിലും പക്ഷേ തന്റേതായൊരു കയ്യൊപ്പ് കൊണ്ടുവരാന്‍ ശ്രമിച്ചു. അക്കാലത്ത് നായികമാരേക്കാള്‍ പ്രതിഫലം സ്മിതയുടെ കൈകളിലേക്ക് ഒഴുകിയെത്തി. ഒരു പാട്ടുസീനില്‍ മാത്രം വന്നുപോകുന്നതിന് 50,000 രൂപയായിരുന്നു അവര്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്. ആളുകളെ ആകര്‍ഷിക്കാനായി ഒരു സില്‍ക്ക് സ്മിത നൃത്തസീനെങ്കിലും സിനിമയിലുണ്ടെന്ന് നിര്‍മാതാക്കള്‍ ഉറപ്പുവരുത്തി. അവരുടെ നാലോ അഞ്ചോ മിനിറ്റ് നീളുന്ന സാന്നിധ്യം തിയേറ്ററുകള്‍ നിറയ്ക്കുമെന്ന് സിനിമാക്കാര്ക്കറിയാമായിരുന്നു. സാമ്പത്തികത്തകര്‍ച്ചയുടെ വക്കില്‍നിന്ന പല നിര്‍മാതാക്കളെയും സില്‍ക്ക് സ്മിത രക്ഷിച്ചു. അവരുടെ ഒരു ഡാന്‍സ് നമ്പറോ ഗസ്റ്റ് റോളോ മതിയായിരുന്നു അതിന്.
സില്‍ക്ക് സ്മിതയുടെ അടുത്ത സുഹൃത്തും നര്‍ത്തകിയും അഭിനേത്രിയുമായ അനുരാധ ഒരിക്കല്‍ ഓര്‍ത്തതിങ്ങനെ, ''ഒരു സോളോ ഡാന്‍സറിന് അത്രയും ജനപ്രീതി കിട്ടുമെന്ന് തെളിയിച്ചത് സില്‍ക്ക് സ്മിതയാണ്. അവള്‍ക്ക് ഡാന്‍സ് ചെയ്യാനറിയില്ല. ശരീരഭാഷയും മേക്കപ്പും എക്സ്പ്രഷന്‍സും കൊണ്ട് ആ പരിമിതികളെല്ലാം അവള് മറികടന്നു''.
പലരെയും അവര്‍ സാമ്പത്തികമായി സഹായിക്കുമ്പോഴും, മറുവശത്ത് അഹങ്കാരി, ദേഷ്യക്കാരി, തന്റേടി എന്ന പേരുകള്‍ അവരെ പിന്തുടര്ന്നുകൊണ്ടേയിരുന്നു. സെറ്റില്‍ കൃത്യസമയത്തെത്തുന്നയാള്, എത്ര റീടേക്കെടുക്കാനും തയ്യാറായ അഭിനേത്രി...ഇതൊന്നും ആരും കണക്കിലെടുത്തില്ല. അവരുടെ മനസ്സില്‍ സില്‍ക്ക് സ്മിതയ്ക്ക് ബാഡ് ഗേള്‍ ഇമേജ് തന്നെയായിരുന്നു. ഗ്ലാമറസ് റോളുകള്‍ക്കിടയിലും കൈയില്‍ കിട്ടിയ നല്ല കഥാപാത്രങ്ങളും അവര്‍ അവിസ്മരണീയമാക്കി. അതിനുദാഹരണമാണ് മൂണ്ട്രാം പിറൈ, അലൈകള്‍ ഒലിവതില്ലൈ എന്നീ സിനിമകളിലെ റോളുകള്‍. പതിനേഴ് വര്‍ഷം നീണ്ടുനിന്ന സിനിമാക്കാലം. അതിനിടയില്‍ 450-ല്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചു.
റീല്‍ ലൈഫില്‍ ആരാധകരും സിനിമാക്കാരും സ്മിതയ്ക്ക് വേണ്ടി ക്യൂ നില്‍ക്കുമ്പോഴും, റിയല്‍ ലൈഫില്‍ അവര്‍ ഒറ്റയ്ക്കായിരുന്നു. കൈയയച്ച് സഹായിച്ച, വിശ്വസിച്ച പലരും ചതിച്ച് കടന്നുപോയി. ചില സിനിമകള്‍ നിര്‍മിച്ചത് സാമ്പത്തികമായും നഷ്ടത്തിലാക്കി. സാമ്പത്തികപരാധീനതകളും ഒറ്റപ്പെടലും അവരെ അടിമുടി തകര്‍ത്തു. വിഷാദത്തിലേക്ക വീണു പോവുമ്പോഴും, അതില്‍നിന്ന് കൈപിടിച്ചുയര്‍ത്താന്‍ ആരുമുണ്ടായില്ല. ഒടുവില്‍ എല്ലാ പ്രതീക്ഷകളും അവസാനിച്ചപ്പോള്‍, ആ തെന്നിന്ത്യന്‍ റാണി ആത്മഹത്യയില്‍ അഭയംനേടി. ചെന്നൈയിലെ ഫ്ളാറ്റില്‍, 1996 സെപ്റ്റംബര്‍ 23-നാണ് സ്മിതയെ മരിച്ചനിലയില്‍ കാണുന്നത്.
സ്മിതയെക്കുറിച്ച് അനുരാധ ഇങ്ങനെ ഓര്‍ക്കുന്നു, ''മരിക്കുന്നതിന് നാലുദിവസം മുമ്പ് അവള് വീട്ടില്‍ വന്നിരുന്നു. മരിക്കുന്നതിന്റെ തലേന്ന് എന്നെ വിളിച്ചു, ഒന്നിവിടെ വരെ വരാമോ? കുറച്ച് സംസാരിക്കണം. നാളെ വന്നാല്‍ മതിയോന്ന് ചോദിച്ചപ്പോള്‍ ശരിയെന്നും പറഞ്ഞ് ഫോണ്‍വെച്ചു. പിറ്റേന്ന് അവളെ കാണാന്‍ പോവാനായി റെഡിയാവുമ്പോഴാണ് ടിവിയില്‍ ന്യൂസ് കണ്ടത്, സില്‍ക്ക് സ്മിത മരിച്ച നിലയില്‍. ഞാന്‍ തളര്‍ന്നുപോയി. നേരെ ഹോസ്പിറ്റലിലേക്ക് പോയി. അവിടെ ശ്രീവിദ്യാമ്മയും ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോള്‍ ഒരു സ്ട്രെച്ചറില്‍ അവളെ കിടത്തിയിരിക്കുന്നു. അതില്‍ നിറയെ ഈച്ചകള്‍. ആരൊക്കെയോ ചുറ്റിലും നിന്ന് നോക്കുന്നുണ്ട്. പക്ഷേ ഒരാളും ഈച്ചയെ ഓടിക്കുന്നില്ല. ഞാനും ശ്രീവിദ്യാമ്മയും കൂടി കൈകൊണ്ടും തുണികൊണ്ടും വീശി അതിനെയെല്ലാം തുരത്തി. എന്തിനായിരിക്കും അവള് അങ്ങനെ ചെയ്തതെന്ന് ആലോചിക്കാറുണ്ട്. ചിലപ്പോള്‍ ഒറ്റപ്പെടലുകളായിരിക്കാം. സില്ക്കിനെപോലെ പാവമായവര്ക്ക് അതൊന്നും സഹിക്കാന്‍ പറ്റിയെന്നുവരില്ല''. 27 വര്‍ഷമാവുന്നു അവര്‍ ഓര്‍മയായിട്ട്. എങ്കിലും ആ 'ബാഡ് ഗേള്‍' ഇമേജുമായി സില്‍ക്ക് സ്മിത ഇപ്പോഴുമുണ്ട്...
Content Highlights: 27th death anniversary of silk smitha